'മമ്മൂട്ടിയും മോഹൻലാലുമായി അടുപ്പം നിലനിർത്തുന്നത് എങ്ങനെ?'; തുറന്ന് പറഞ്ഞ് എംഎ യൂസഫലി
വ്യവസായ മേഖലയിൽ മാത്രമല്ല സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരുമായും വളരെ അധികം ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് വ്യവസായി യൂസഫ് അലി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമായിട്ടെല്ലാം അദ്ദേഹത്തിന് വലിയ ബന്ധമുണ്ട്. എങ്ങനെയാണ് ഈ സിനിമ താരങ്ങൾ അടക്കമുള്ളവരുമായി ബന്ധം നിലനിർത്തുന്നതെന്ന് തുറന്നുപറയുകയാണ് അദ്ദേഹം. മാധ്യമങ്ങളോടുള്ള പ്രതികരണം ഇങ്ങനെ
'മമ്മൂട്ടിക്കും മോഹൻലാലിനും നമ്മളെ കൊണ്ട് ഒരു ആവശ്യവുമില്ല. അവരൊക്കെ മഹാൻമാരായ അനുഗ്രഹീതമാരായ നടൻമാരാണ്. അവർക്ക് നമ്മളെ കൊണ്ട് എന്ത് കാര്യം? അതാണ് ഞാൻ എപ്പോഴും പറയാറുള്ളത്, നമ്മൾ അഹംഭാവികൾ ആകരുത്. ദൈവത്തിന് മാത്രമേ അഹംഭാവം നടിക്കാൻ അർഹതയുള്ളൂ. നിങ്ങളിൽ ഒരുവനായി നിങ്ങൾ എന്നെ കാണുന്നില്ലെങ്കിൽ ഞാൻ വിജയിച്ചിട്ടില്ല', അദ്ദേഹം പറഞ്ഞു.

കുടുംബത്തെ കുറിച്ചും ബിസിനസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഞാൻ യുഎഇയിൽ എത്തിയിട്ട് 50 കൊല്ലമായി. എന്റെ എല്ലാ സുഖത്തിലും ദുഃഖത്തിലും എനിക്കൊപ്പം നിന്നത് ഭാര്യയാണ്. എന്റെ ഓരോ സ്റ്റെപ്പും അവർക്കറിയാം. ഞാൻ ജോലിയിൽ നിന്ന് അവധിയെടുക്കാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. എന്നെ ആശ്രയിച്ചല്ല,കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ജീവനക്കാർ. ഞാൻ ഇല്ലെങ്കിലും ഈ കമ്പനി നടന്ന് പോകണമല്ലോ.
ടാറ്റ വിരമിച്ച് അദ്ദേഹത്തിന്റെ യുവതലമുറക്ക് കമ്പനി കൈമാറി.കാരണം 10 കിലോ താങ്ങേണ്ട തലയിൽ 50 കിലോ താങ്ങിയാൽ കെട്ടിമറിഞ്ഞ് വീണ് പോകും. അദ്ദേഹം വീണ്ടും അത് പ്പൊഫഷണലൈസ് ചെയ്തു. ഇപ്പോൾ ഇന്ത്യയിലെ വൺ ഓഫ് ദി ബെസ്റ്റ് കമ്പനിയാണ് അത്. ആരോഗ്യത്തോടെ ജോലി ചെയ്യാൻ കഴിയുന്ന കാലത്തിടത്തോളം ജോലി ചെയ്യണം', യൂസഫലി പറഞ്ഞു.
സ്റ്റാഫിനോട് ഉപ്പക്കും ഉമ്മക്കും കാശ് അയച്ചോന്ന് ചോദിക്കുന്നത് എന്തുകൊണ്ടാണെന്നും യൂസഫലി തുറന്ന് പറഞ്ഞു. 'മാതാപിതാക്കളുടെ വിയോഗം ഒരിക്കലും നികത്താനാവില്ല. വീട്ടിലേക്ക് പണമയച്ചോയെന്ന ചോദ്യം ഒരിക്കലും വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള ഇടപെടലല്ല. അവർക്കൊരു മോട്ടിവേഷനാണത്. അതിന്റെ വാല്യു അവർ മനസിലാക്കണം. വീട്ടിലേക്ക് കാശ് അയച്ച് കൊടുത്തിട്ടില്ലെങ്കിൽ ഞാൻ അയക്കാമെന്ന് പറയും. കാരണം അവർ അവിടെ പട്ടിണി കിടക്കാൻ പാടില്ല. ആരെ കണ്ടാലും വീട്ടിൽ കാശ് അയച്ചോയെന്ന് ഞാൻ ചോദിക്കും. പലരോടും ഞാൻ പറയും ഇവിടെ ലാവിഷ് ആക്കി പൈസ കളഞ്ഞ് നാട്ടിലക്ക് കടംവാങ്ങി അയച്ച് കൊടുക്കുന്ന അവസ്ഥയുണ്ടാകരുതെന്നും ഞാൻ പറയാറുണ്ട്', യൂസഫ് അലി പറഞ്ഞു.












Click it and Unblock the Notifications