'വൈകി വന്ന മമ്മൂട്ടിയെ കൊണ്ട് നിർമ്മാതാവ് അക്കാര്യം ചെയ്യിപ്പിച്ചു, ചില വെളിപ്പെടുത്തലുകൾ അനിവാര്യം'; അഷ്‌റഫ്
മലയാള സിനിമയെ കുറിച്ച് പറയുമ്പോൾ നടൻമാരെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ഒക്കെ കുറിച്ച് നാം വാതോരാതെ സംസാരിക്കാറുണ്ട്. സിനിമയുടെ സാങ്കേതിക തലത്തിലെ ടെക്‌നീഷ്യൻമാരായ ഛായാഗ്രാഹകരെയും എഡിറ്റർമാരെയും നാം പുകഴ്ത്താറുമുണ്ട്. എന്നാൽ അധികമാരാലും പ്രശംസ ലഭിക്കാതെ പോവുന്ന ഒരു വിഭാഗമാണ് നിർമ്മാതാക്കൾ.
കോടികൾ മുടക്കി സിനിമകൾ പിടിച്ചിട്ടും അഭ്രപാളിയിലെ താര പരിവേഷം ഒരിക്കലും അവർക്ക് ചാർത്തി കിട്ടിയിരുന്നില്ല. അടുത്തിടെ മലയാള സിനിമയിലെ നിർമ്മാതാക്കൾ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലോകത്തെ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. വർഷത്തിൽ ഇരുന്നൂറിലേറെ സിനിമകൾ പുറത്തിറങ്ങുന്ന മോളിവുഡിൽ 10 ശതമാനം ചിത്രങ്ങൾ പോലും സാമ്പത്തിക വിജയമല്ലെന്നാണ് അവർ പറയുന്നത്.

ഇതിന് പിന്നാലെ വലിയ ചർച്ചകൾ ആരംഭിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ നിർമ്മാതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമൊക്കെയായ ആലപ്പി അഷ്‌റഫ്. സിനിമക്കായി പണം മുടക്കുന്ന നിർമ്മാതാക്കളുടെ കണ്ണീര് കണ്ടില്ലെന്ന് നദിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ താൻ നടത്തുമെന്നും മുഖംമൂടികൾ അഴിഞ്ഞു വീഴുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പണം മുടക്കിയ നിർമ്മാതാക്കൾ ഒരുഗതിയും പരഗതിയും ഇല്ലാതെ നടക്കുന്നത് കണ്ട് അവരുടെ അസോസിയേഷൻ നിലനിൽപ്പിനായി മുറവിളി കൂട്ടുമ്പോൾ അവരെ നിങ്ങൾ പരിഗണിച്ചില്ലെങ്കിലും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യരുത്. ഒരിക്കലും മറച്ചുവയ്‌ക്കേണ്ടതില്ല എന്ന് തോന്നുന്ന ചില കാര്യങ്ങളാണ് ഞാൻ പറയുന്നത്. കാലമെത്ര കഴിഞ്ഞാലും ഇത് നിലനിൽക്കും, ഓരോ ആൾക്കും ഇതൊരു പാഠമായിരിക്കും.
മലയാളത്തിലെ ഏറ്റവും ഉന്നതമായ നിർമ്മാണ കമ്പനികളിൽ ഒന്നായിരുന്നു ഒരു കാലത്ത് സാജ് പ്രൊഡക്ഷൻസ്. ശക്തമായ സാമ്പത്തിക പിൻബലം ഉണ്ടായിരുന്ന കമ്പനി. ഓറിയന്റൽ ഫൈനാൻസിയേഴ്‌സ് എന്ന കമ്പനിയുടെ ഉടമ സാജൻ വർഗീസിന്റേതായിരുന്നു സാജ് പ്രൊഡക്ഷൻസ്. ഐവി ശശി, ജോഷി, ഫാസിൽ എന്നിങ്ങനെ വലിയ സംവിധായകരുടെ ചിത്രങ്ങൾ ആയിരുന്നു അതിൽ ഏറെയും.
ഒരിക്കൽ ഐവി ശശിയുടെ ആവനാഴി സിനിമയുടെ നൂറാം ദിനം ആഘോഷിക്കാനായി കോഴിക്കോട് ഒരു പരിപാടി വച്ചു. ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർക്ക് ഒപ്പം നായകനായ മമ്മൂട്ടിയും എത്തുമെന്ന് ഫുൾ പേജ് പത്ര പരസ്യം ഉൾപ്പെടെ ചെയ്‌തു. തിങ്ങിനിറഞ്ഞ കാണികൾ കാത്തിരുന്നെങ്കിലും മമ്മൂട്ടി മാത്രം വന്നില്ല. അവസാനം ആളുകൾ ഒക്കെ പോയി ഓഡിറ്റോറിയം കാലിയായപ്പോൾ ആണ് മമ്മൂട്ടി വന്നത്.
താൻ വൈകാൻ ഉണ്ടായ കാരണത്തെ കുറിച്ച് മമ്മൂട്ടി വിശദമായി പറയുന്നുണ്ടായിരുന്നു. എന്നാൽ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു സാജൻ വർഗീസ്. മമ്മൂട്ടി പറഞ്ഞതൊന്നും അയാൾ ചെവിക്കൊണ്ടില്ല. ഒടുവിൽ ആ ആളൊഴിഞ്ഞ വേദിയിൽ, ഒഴിഞ്ഞ ഓഡിറ്റോറിയത്തിൽ മമ്മൂട്ടിക്ക് പ്രസംഗിക്കേണ്ടി വന്നു, സാജനെ പിണക്കിയാൽ ബുദ്ധിയല്ലെന്ന് മമ്മൂട്ടിക്ക് അറിയുമായിരുന്നു.
തിരുവനന്തപുരത്തെ നല്ല വസ്ത്ര സ്ഥാപനമായ സ്വയംവരയുടെ ഉടമ കണ്ണന് ഒരു സിനിമ പിടിക്കാൻ മോഹം തോന്നി. അങ്ങനെ പ്രിയദർശൻ ചിത്രം സംവിധാനം ചെയ്‌തു. ശങ്കർ, റഹ്മാൻ ഒക്കെയായിരുന്നു ഇതിലെ അഭിനേതാക്കൾ. ഇതിലെ ഒരു ഗാന രംഗത്തിൽ ഏഴര പൊന്നാന എന്ന വരിയുണ്ടായിരുന്നു. അതിനായി ഏഴ് വലിയ ആനകളെയും ഒരു കുട്ടിയാനെയും പ്രിയദർശൻ പറഞ്ഞത് അനുസരിച്ച് നിർമ്മാതാവ് അമ്പലപ്പുഴയിൽ എത്തിച്ചു.
ദിവസങ്ങളോളം നടന്നാണ് ഈ ആനകൾ അവിടേക്ക് എത്തുന്നത്. അതിൽ ഒരു ആനയ്ക്ക് മദം പൊട്ടി, ഒരു പ്രദേശമാകെ തകർക്കുന്ന സാഹചര്യവുമുണ്ടായി. മറ്റൊരു സിനിമ പിടിക്കേണ്ട പൈസയാണ് അതിൽ ചെലവായത്. പടം തിയേറ്ററിൽ എത്തി വൻ പരാജയം ആവുക കൂടി ചെയ്‌തതോടെ നിർമ്മാതാവിന്റെ കാര്യം പരുങ്ങലിൽ ആയി. അങ്ങനെ അദ്ദേഹത്തിന് അവസാനം ഉപജീവന മാർഗം തേടി സൗദിയിൽ പോവേണ്ടി വന്നു.












Click it and Unblock the Notifications