മമ്മൂട്ടിയുടെ ആ വാക്കാണ് ജീവിതത്തില്‍ വലിയൊരു തീരുമാനം എടുക്കുന്നതിലേക്ക് നയിച്ചത്: തസ്നി ഖാന്‍
ചെറുതും വലുതുമായി നിരവധി കലാകാരന്മാരുടെ ജീവിതത്തില്‍ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. തങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതില്‍ മമ്മൂട്ടി നല്‍കിയ സഹായത്തെക്കുറിച്ച് ജോജു ജോർജ് അടക്കമുള്ള നിരവധി താരങ്ങള്‍ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മമ്മൂട്ടി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടി തസ്നി ഖാനും. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
മമ്മൂക്കയെ ദൂരെ നിന്ന് കണ്ട് ആരാധിച്ച വ്യക്തിയാണ് ഞാന്‍. കച്ചേരിപ്പടി സെന്റ് ആന്റണീസില്‍ പഠിക്കുന്ന സമയത്താണ് 'കൂട്ടിന് ഇളം കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. മമ്മൂട്ടിയും ബേബി ശാലിനും മേനക ചെച്ചിയുമൊക്കെയുണ്ട്. അന്ന് ഷൂട്ടിങ് കാണാന്‍ ഓടിപ്പോയ എന്ന ടീച്ചർ ചീത്ത പറഞ്ഞ സംഭവമൊക്കെയുണ്ടായിട്ടുണ്ട്. അങ്ങനെ മമ്മൂക്കയെ നോക്കിക്കണ്ട എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ച ഒരു സിനിമയായിരുന്നു ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് അത്യാവശ്യം നല്ല ഹിറ്റായിരുന്നു. ആ സമയത്ത് മമ്മൂക്കയുടെ രണ്ട് മൂന്ന് പടങ്ങള്‍ എനിക്ക് അടുപ്പിച്ച് കിട്ടിത്തുടങ്ങി. മമ്മൂക്ക പോലും അറിയാതെയാണ് കിട്ടുന്നത്. ഞാന്‍ സെറ്റില്‍ എത്തുമ്പോള്‍ 'നീ ഈ പടത്തിലും ഉണ്ടോ' എന്ന് അദ്ദേം ചോദിക്കും. കടല്‍ കടന്നൊരു മാത്തുകുട്ടിയായിരുന്നു ആ ചിത്രം. എന്നെ അദ്ദേഹത്തിന് വലിയ കാര്യമാണ്. ഫാദറിനെയൊക്കെ മമ്മൂട്ടിക്ക് നല്ല കാര്യമാണ്.
അങ്ങനെയൊരിക്കെ ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചിട്ട് 'അതെ, ഇപ്പം കുറച്ച് അനക്കമൊക്കെ വെച്ച് തുടങ്ങിയിട്ടുണ്ട്. കയ്യില്‍ കാശ് എന്തെങ്കിലും കിട്ടുകയാണെങ്കില്‍ ഒന്നും നശിപ്പിക്കരുത്. പെട്ടെന്ന് നിനക്ക് എന്ന് പറയാന്‍ നീ എന്തെങ്കിലും സ്വരൂപ്പിക്കണം. നിനക്ക് വേണ്ടി നീ ജീവിക്ക്. സ്വന്തമായി വീട് ഇല്ലാലോ. വേഗം ഒരു വീട് എടുത്തെന്ന് ഞാന്‍ അറിയണം' എന്ന് പറഞ്ഞു.
വീടെടുക്ക് എന്ന് പലരും പറയുമെങ്കിലും എനിക്ക് പേടിയായിരുന്നു. അപ്പോഴാണ് മമ്മൂക്കയും അങ്ങനെ പറയുന്നത്. അങ്ങനെ ഈ കാര്യം ഞാന്‍ വീട്ടില്‍ വന്ന് മമ്മിയോട് പറഞ്ഞു. ചെയ്യുന്ന പടങ്ങളില്‍ നിന്ന് ലഭിക്കുന്ന പൈസയൊക്കെ ബാങ്കില്‍ ചെറുതായി സേവ് ചെയ്ത് വെക്കുന്നുണ്ട്. ഉപ്പച്ചി മരിക്കുന്ന സമയത്ത് ഞങ്ങള്‍ 6 ലക്ഷം രൂപയുടെ ലീസിന് ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരു ഫ്ലാറ്റിലേക്ക് ആ ആറ് ലക്ഷം ബാങ്കില്‍ കൊണ്ടുപോയി ഇട്ടു. എനിക്ക് കിട്ടിയ തുകയൊക്കെ ചേർത്ത് പത്ത് ലക്ഷം വരെ എത്തി.
ആദ്യം നോക്കിയ ഫ്ലാറ്റുകള്‍ക്കൊക്കെ ഒരു കോടിയൊക്കെയാണ് ചോദിച്ചത്. അങ്ങനെയിരിക്കെ വീട് നോക്കാനായി മമ്മി വീട്ടില്‍ നിന്നും ഇറങ്ങി നടക്കും. അങ്ങനെയുള്ള പോക്കിലാണ് തമ്മനത്ത് ഒരു ഫ്ലാറ്റിന്റെ നിർമ്മാണം നടക്കുന്നത് കണ്ടത്. അവരുടെ ഓഫീസുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ 900 സ്ക്വയർ ഫീറ്റിന്റെ അപ്പാർട്ട്മെന്റ് വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
രജിസ്ട്രേഷന്‍ അടക്കം 30 ലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. അഡ്വാന്‍സായി 8 ലക്ഷം രൂപ കൊടുത്തതിന് ശേഷം ബാക്കിയുള്ള തുക രണ്ട് വർഷത്തിനുള്ളില്‍ അടച്ച് തീർത്താല്‍ മതി. ഒരോ പടങ്ങള്‍ കിട്ടുന്തോറും അതില്‍ നിന്നുള്ള തുക സ്വരൂപിച്ച് ആ അടവ് അടച്ച് തീർത്തും. അങ്ങനെയാണ് എന്റെ ഉപ്പച്ചിയുടെ ആഗ്രഹം പോലെ തമ്മനത്ത് തന്നെ ഒരു കൊച്ച് അപ്പാർട്ടുമെന്റ് സ്വന്തമാക്കുന്നതെന്നും തസ്നി ഖാന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications