'തായ്‌ലാന്റിൽ കുട്ടി നിക്കറിട്ട് വള്ളി പൊട്ടിയ പട്ടം പോലെ'; കമന്റിട്ടയാളെ വീഡിയോയിലെത്തി പൊരിച്ച് മഞ്ജു
കൊച്ചി: ബിഗ് ബോസ് താരവും നടിയുമായി മഞ്ജു പത്രോസ് തായ്ലാന്റിൽ നടത്തിയ യാത്രയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഇപ്പോഴിതാ ഈ ഫോട്ടോയ്ക്ക് താഴെ മോശം കമന്റുമായെത്തിയ ആൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. ഇയാളുടെ ഫോട്ടോ സഹിതം പങ്കിട്ടാണ് പ്രതികരണം.
എന്റെ ഒരു ദിവസം നശിപ്പുക്കുന്ന ഒരു കമന്റിനെ കുറിച്ച് പ്രതികരിക്കാനാണ് ഞാൻ വന്നത്.വരുന്ന കമന്റ്സൊന്നും ഞാൻ ഡിലീറ്റ് ചെയ്യാറില്ല. അത്രയും വൾഗർ കമന്റാണെങ്കിൽ മാത്രമെ ഡിലീറ്റ് ചെയ്യാറുള്ളു. ഞാൻ ഇപ്പോൾ തായ്ലന്റിലാണ്. ഞാനും കൂട്ടുകാരിയുമാണ് വന്നത്. കഴിഞ്ഞ ദിവസം ഞാൻ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന കാപ്ഷനോടെ ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോസ് ഒരു റീൽ ഇട്ടിരുന്നു. ആ പാട്ട് എന്റെ ജീവിതവുമായി ഏറെ അടുത്ത് നിൽക്കുന്ന ഒന്നായത് കൊണ്ടാണ് ഞാൻ ഇട്ടത്. മഞ്ഞുമ്മൽ ബോയ്സിലെ വരികളാണത്. ആ വീഡിയോക്ക് താഴെ ഒരു കമന്റ് വന്നു. സാധാരണ കമന്റുകൾ എന്നെ ബാധിക്കാറില്ലെങ്കിലും ഈ കമന്റ് എനിക്ക് ഭയങ്കര വേദനയുണ്ടാക്കി.

ഷാനിഷ് വിഎസ് എന്നൊരാളാണ് കമന്റ് ചെയ്തിരിക്കുന്നത്. ബോട്ടിങ് ചെയ്യുന്ന സമയത്താണ് ഞാൻ ആ കമന്റ് കണ്ടത്. അത് വായിച്ചപ്പോ ബിപി കയറിയ പോലെ വിറക്കുകയായിരുന്നു ഞാൻ. അതൊരു വൃത്തികെട്ട കമന്റായിരുന്നില്ല, പക്ഷെ, ആ കമന്റ് ഇങ്ങനെയായിരുന്നു. ഭർത്താവിനെ ഗൾഫിലേക്ക് പറഞ്ഞുവിട്ട് ഉള്ള ആൺകുട്ടിയെ എവിടെയോ കൊണ്ടുവിട്ട് തായ്ലെന്റിൽ കുട്ടി നിക്കറിട്ട് വള്ളി പൊട്ടിയ പട്ടം പോലെ നടക്കുന്നു എന്നൊക്കെയായിരുന്നു കമന്റ്.'
ഷാനിഷ് എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. സീരിയിലിലൂടെയോ വീഡിയോയിലൂടെയോ അല്ലാതെ എന്നെക്കുറിച്ച് എന്താണ് അറിയുക.ഞാൻ എന്റെ ഭർത്താവിനെ ഗൾഫിലേക്ക് പറഞ്ഞുവിട്ടു, അദ്ദേഹത്തെ ആട്ടിപ്പായിച്ചു എന്നൊക്കെ അദ്ദേഹം എവിടെയെങ്കിലും വന്ന് പറഞ്ഞിട്ടുണ്ടോ? ഞങ്ങൾക്ക് തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും. അത് ഞങ്ങൾ പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. അതിനർത്ഥം ഞാൻ അദ്ദേഹത്തെ ഗൾഫിൽ പറഞ്ഞയച്ചു കഷ്ടപ്പെടുകയാണെന്നാണോ?
മകനെ കൊണ്ടുവിട്ടെന്നൊക്കെ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. നിങ്ങൾക്കും ഒരു ഭാര്യയും കുട്ടിയുമില്ലേ? ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുടുംബം നോക്കുന്നയാളാണ്. എന്റെ മകൻ ഞാൻ പണികഴിപ്പിച്ച എന്റെ വീട്ടിൽ സമാധാനത്തോടെ സന്തോഷത്തോടെ മാതാപിതാക്കളുടെ കൂടെ കഴിയുന്നുണ്ട്.
എവിടേലും യാത്ര പോകുകയെന്നാൽ മകനെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പോന്നുവെന്നാണോ? ഇവിടെ വരുമ്പോൾ ഇത്തരത്തിലുള്ള ഡ്രെസ് ഇട്ടേ യാത്ര ചെയ്യാൻ പറ്റു. ഐലന്റുകളാണ് ഇവിടെ ഉള്ളത്. ഇവിടെ സാരിയിട്ടോ ചൂരിദാറിട്ടോ പോകാനാകില്ല. വാട്ടർതീം പാർക്കിൽ ചൂരിദാറും സാരിയും ഇടാൻ പറ്റുമോ. ദയവ് ചെയ്ത് ഒരു പെണ്ണിനെ അമ്മയെ കഷ്ടപ്പെടുന്നൊരു സ്ത്രീയെ കുറിച്ച് ഇങ്ങനെ മോശം പറയരുത്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീയെ കാണുമ്പോൾ എന്താണ് നിങ്ങൾക്ക് ഇത്ര ചൊറിച്ചിൽ? ഇതാണോ മാതാപിതാക്കൾ നിങ്ങളെ പഠിപ്പിച്ചത്.
നന്നായി പഠിച്ചാൽ നിങ്ങൾക്ക് ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് അയാൾ എഴുതിയിരിക്കുന്നത്. ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത്. എല്ലാവരും നന്നായി പഠിക്കാൻ കഴിയുന്നവരാണോ? ഞാനൊന്നും ഒരു ബ്രൈറ്റ് സ്റ്റുഡന്റായിരുന്നില്ല. എല്ലാവരും എ പ്ലസ് വാങ്ങി ജയിക്കുന്നവരാണോ? എല്ലാവർക്കും ഓരോരോ കഴിവുകളുണ്ട്. അത് മനസിലാക്കി ആ മേഖലയിൽ കഷ്ടപ്പെട്ട് അധ്വാനിച്ച് മുന്നോട്ട് പോകുകയാണ്.
ഗവൺമെന്റ് ജോലി നേടിയെടുക്കുകയെന്നാണ് ഇയാൾ പറയുന്നത്. ഗവൺമെന്റ് ജോലി ഇല്ലാത്തവർക്ക് ഇവിടെ ജീവിക്കണ്ടേ. അല്ലാത്തവർ തല ഉയർത്തിപ്പിടിച്ച് ജീവിക്കണ്ടേ? അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്. സിനിമ, മോഡലിങ്ങ് എന്നിവയുമൊക്കെയായി നടന്നാൽ കുടുംബം പോകുമെന്നാണ് അയാൾ പറയുന്നത്. ഞങ്ങളൊക്കെ കുടുംബമായി മക്കളായിട്ട് ജീവിക്കുന്നവരാണ്. ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്.
ഒരിക്കലും ഒരു സിനിമ താരങ്ങളുടെ ജീവിതം അനുകരിക്കരുതെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് തോന്നുന്നു എന്തോ പണി കിട്ടിയിട്ടുണ്ട് ഷാനിഷിന് എന്നാണ്. ഏതോ നടനെ കണ്ട് അതുപോലെയാകാൻ ശ്രമിച്ചിട്ടുണ്ട്. അതിന് കഴിവ് വേണം ഷാനിഷെ. തനിക്ക് പറ്റാത്തത് കൊണ്ടാണ് താൻ ഇതൊക്കെ പറയുന്നത്. പിന്നെ എന്റെ മകൻ എന്റെ മരണം വരെ എനിക്കൊപ്പമുണ്ടാകും. അവനെ സ്നേഹിച്ചാണ് ഞാൻ വളർത്തുന്നത്. ഷാനിന്റെ ഭാര്യയെ പോലെ തന്നെയാണ് എല്ലാ തൊഴിലെടുത്ത് ജീവിക്കുന്ന സ്ത്രീകളും', മഞ്ജു പത്രോസ് പറഞ്ഞു.












Click it and Unblock the Notifications