മഞ്ജു ഒരു നേർച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു: വർഷങ്ങള്‍ക്ക് ശേഷമാണ് അതിന്റെ അർത്ഥം മനസ്സിലായത്: മഞ്ജു വാര്യർ
അകാലത്തില്‍ വിട പറഞ്ഞ അത്ഭുതസിദ്ധിയുള്ള കലാകാരനായിരുന്നു ലോഹിതദാസ്. 'തനിയാവർത്തനം' എന്ന ചിത്രത്തിന്റെ രചനയിലൂടെ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം, 'കിരീടം', 'ഭരതം', 'ചെങ്കോൽ', 'മൃഗയ', 'ആമരം' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ രചനയിലൂടെ ഇന്ന് മലയാളി സിനിമ പ്രേക്ഷകന്റെ മനസ്സില്‍ കുടികൊള്ളുന്നു. 1997-ൽ 'ഭൂതകണ്ണാടി' എന്ന ചിത്രത്തോടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ദേശീയ പുരസ്കാരവും ആറ് കേരള സ്റ്റേറ്റ് അവാർഡുകളും ഉൾപ്പെടെ നിരവധി ബഹുമതികളും നേടി.
സാധാരണ മനുഷ്യരുടെ വേദനകളും സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓരോ മലയാളികളുടേയും പ്രതീകമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ ലോഹിതദാസ് സിനിമയും മലയാളികള്‍ അത്രയേറെ നെഞ്ചേറ്റിയത്. സുന്ദർദാസ് എന്ന സംവിധായകന് വേണ്ടി ലോഹിതദാസ് എഴുതിയ ഏക തിരക്കഥയില്‍ പിറന്ന ചിത്രമായിരുന്നു സല്ലാപം.

1996 ല്‍ പുറത്തിറങ്ങിയ ചിത്രം ദിലീപ്, മഞ്ജു വാര്യർ, മനോജ് കെ ജയന്‍, കലാഭവന്‍ മണി തുടങ്ങിയ താരങ്ങള്‍ക്ക് മലയാള സിനിമ ലോകത്ത് തങ്ങളുടേതായ ഇടം നേടിക്കൊടുക്കുന്നതില്‍ നിർണ്ണായകമായി. സാക്ഷ്യം എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും സല്ലാപത്തിലൂടേയാണ് മഞ്ജു വാര്യർ നായികയായി അരങ്ങേറ്റം കുറിക്കുന്നത.
ലോഹിതദാസ് എന്ന വ്യക്തി തന്നെ അഭിനയ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനെക്കുറിച്ച് മഞ്ജു വാര്യർ തന്നെ നേരത്തെ പലവട്ടം വ്യക്തമാക്കിയിരുന്നു. സല്ലാപത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ആനിയെ ആയിരുന്നെങ്കിലും പിന്നീട് അത് മഞ്ജു വാര്യറിലേക്ക് എത്തുകയായിരുന്നു. സാഗരം എന്ന ലൊക്കേഷനില്‍ വെച്ച് മഞ്ജു വാര്യറുടെ മുഖചിത്രമുള്ള മാഗസിന്‍ കണ്ട് 'ഇത് എന്റെ ഒരു നായികയാകാന്‍ സാധ്യതയുള്ള ഒരു പെണ്‍കുട്ടിയാണ്' എന്ന് ലോഹിതദാസ് പറഞ്ഞ് വെക്കുകയും ചെയ്തിരുന്നു. പിന്നീട് സല്ലാപത്തിന്റെ ആലോചന സമയത്ത് ഇത് ഓർത്തെടുത്ത് മഞ്ജു വാര്യറുടെ കണ്ണൂരിലെ വീട്ടിലേക്ക് ലോഹിതദാസ് അടക്കമുള്ളവർ എത്തുകയായിരുന്നു.
'മഞ്ജു വാര്യറുടെ വീട്ടില്‍ എത്തുമ്പോള്‍ മഞ്ജുവും അമ്മയും മാത്രമാണുള്ളത്. കുറച്ച് വീഡിയോയൊക്കെ എടുത്തു. സഹോദരനുമായി വഴക്ക് കൂടിയതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് സോഫയില്‍ വന്നിരിക്കുന്ന ഒരു രംഗം അഭിനയിക്കാന്‍ പറഞ്ഞു. മഞ്ജു ഓടിവന്ന് സോഫയില്‍ വന്നിരുന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ കണ്ഠമിടറി കരഞ്ഞു, പിന്നെ എഴുന്നേറ്റ് നിന്ന് ഏങ്ങിയേങ്ങിയും കരഞ്ഞു.' അങ്ങനെയാണ് മഞ്ജുവിനെ സല്ലാപത്തിലേക്ക് തിരഞ്ഞെടുക്കുന്നതെന്ന് സുന്ദർദാസ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ആളുകളില്‍ ഒരാള്‍ തീർച്ചയായും ഒരാള ലോഹിതദാസ് ആണെന്നാണ് മഞ്ജു വാര്യർ അമൃത ടിവിയിലെ ഓർമ്മയില്‍ എന്നും എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അടുത്തിടെ പറഞ്ഞത്. സല്ലാപത്തിന്റെ സ്ക്രീന്‍ ടെസ്റ്റിന് വേണ്ടി അദ്ദേഹം വീട്ടിലേക്ക് വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുന്നതെന്നും മഞ്ജു വാര്യർ പറയുന്നു.
ഒരു കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ സിനിമയിലെ ആ കഥാപാത്രത്തിന്റെ ഭാഗം മാത്രമല്ല, ആ വ്യക്തി ജനിച്ചത് മുതലുള്ള ഓരോ ഘട്ടവും വളരെ കൃത്യമായി പറയുമായിരുന്നു. സല്ലാപത്തിലെ രാധ എന്ന കഥാപാത്രത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ രാധ ജനിച്ചത് എവിടെയാണ്, രാധയുടെ കുട്ടിക്കാലം എവിടെയായിരുന്നു, ആ സമയത്തെ ഇഷ്ടങ്ങളും വാശികളും എന്തായിരുന്നു എന്നതെല്ലാം സംബന്ധിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണ ഉണ്ടായിരുന്നു.
എന്നേപ്പോലെ ഒരു പുതുമുഖ നടിക്ക് അതെല്ലാം അറിഞ്ഞോ അറിയാതെയോ ഒരുപാട് സാഹയമായിട്ടുണ്ട്. സല്ലാപം, തൂവല്‍കൊട്ടാരം, കന്മദം എന്നിങ്ങനെ ലോഹിസാറിന്റ മൂന്ന് കഥാപാത്രങ്ങളാണ് എനിക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ചത്. ഞാന്‍ ചെയ്തിട്ടുള്ള സിനിമകളെ കുറിച്ച് സംസാരിക്കുന്നവരെല്ലാം ഒരു വ്യത്യാസവും ഇല്ലാതെ എടുത്ത് പറയുന്ന കഥാപാത്രം കന്മദത്തിലെ ഭാനുവാണ്.
സല്ലാപത്തിന്റെ ഷൂട്ടിന് ഇടയില്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു മഞ്ജു ഒരു നേർച്ച കോഴിയാണെന്ന്. അന്ന് എനിക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല. എന്നെ കളിയാക്കിയതാണോ എന്ന് പോലും വിചാരിച്ചു. പക്ഷെ കുറച്ച് വർഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം പറഞ്ഞതിന്റെ അർത്ഥവും വ്യാപ്തിയും എനിക്ക് മനസ്സിലായതെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications