'മോഹൻലാലും ശ്രീനിവാസനും സംസാരിക്കാറുപോലുമില്ല,അതിന് ശേഷമാണ് വിള്ളൽ വീണത്'; തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ
കോഴിക്കോട്: മുൻപ് ഒരു പൊതുവേദിയിൽ വെച്ച് നടൻ മോഹൻലാലിനെ കുറിച്ച് നടൻ ശ്രീനിവാസൻ പറഞ്ഞത് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. ഒരു ചാനലിന്റെ പരിപാടിയിൽ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു.മോഹൻലാലിനെ കംപ്ലീറ്റ് ആക്റ്ററെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല എന്ന് അതോടെ മനസിലായി എന്നായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ ശ്രീനിവാസൻ പറഞ്ഞത്. കടുത്ത വിമർശനങ്ങൾ മോഹൻലാലിനെതിരെ ശ്രീനിവാസൻ ഉയർത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ പിതാവിന്റെ അന്നത്തെ പ്രതികരണത്തെ അതിരൂക്ഷമായി വിമർശിക്കുകയാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.
അച്ഛന്‍ ശ്രീനിവാസനുള്‍പ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്ന് ധ്യാൻ പറയുന്നു. മാതൃഭൂമിയുടെ അക്ഷരോത്സവം പരിപാടിയിൽ വെച്ചായിരുന്നു ധ്യാനിന്റെ പ്രതികരണം.

'എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും തിരിച്ചറിവില്ല.എവിടെയൊക്കെയോ അവര്‍ക്കൊരു അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍ അതിനൊപ്പം അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച് അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോകതോല്‍വിയാണ്.
വീട്ടില്‍ നമുക്ക് എന്തും പറയാം. പക്ഷേ, മോഹന്‍ലാലിനെപ്പോലൊരു മഹാനടനെക്കുറിച്ച് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ആ സെന്‍സില്‍ എടുക്കണമെന്നില്ല. പ്രത്യേകിച്ച് സരോജ്കുമാര്‍ എന്ന സിനിമയ്ക്കുശേഷം അച്ഛനും മോഹന്‍ലാലിനുമിടയിലുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീണ സ്ഥിതിക്ക് അച്ഛന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. അവര്‍ തമ്മില്‍ ഇപ്പോഴും സംസാരിക്കാറുപോലുമില്ല- ധ്യാന്‍ പറഞ്ഞു.
അതേസമയം ധ്യാൻ പിതാവിനെ വിമർശിച്ചത് പരിപാടിയിൽ ഒരാൾ ചോദ്യം ചെയ്തു. ഇതിനോട് ധ്യാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു-'ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസിലാക്കിയത് ഞാനാണ്, എന്റെ അച്ഛനാണ്. എന്റെ അച്ഛനെ ഞാന്‍ മനസ്സിലാക്കിയിടത്തോളം ചേട്ടന്‍ എന്തായാലും മനസ്സിലാക്കിയിട്ടുണ്ടാകില്ല ശ്രീനിവാസനെ കുറിച്ച്. ഇതൊക്കെപ്പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍ എന്റെ അച്ഛനാണ്. അയാള് കഴിഞ്ഞിട്ടേയുള്ളൂ എനിക്ക് ലോകത്തില്‍ എന്തും. പക്ഷേ അഭിപ്രായങ്ങളിലും ആശയങ്ങളിലുമെല്ലാം നമ്മുക്ക് വ്യത്യാസമുണ്ടാകും. അത് അച്ഛനായാലും മോനായാലും ഒക്കെ. എനിക്ക് പുള്ളി പറഞ്ഞ പല കാര്യങ്ങളിലും എതിരഭിപ്രായമുണ്ട്. പുള്ളിയും അങ്ങനെ തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് എനിക്ക് അങ്ങനെ പറയാൻ സാധിക്കുന്നത്', ധ്യാൻ പറഞ്ഞു.












Click it and Unblock the Notifications