'ഞാൻ അനുഭവിച്ചത് പോലെയുള്ള കഷ്‌ടത അവർക്കും അനുഭവിക്കേണ്ടി വന്നു'; ആടുജീവിതത്തെക്കുറിച്ച് നജീബ്
മലയാള സാഹിത്യ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഒരേടായിരുന്നു ആടുജീവിതം എന്ന നോവലിന്റെ വരവ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിൽ ഒന്നായി മാറിയ 'ആടുജീവിതം' ഒന്നര ദശാബ്ദങ്ങൾക്ക് ഇപ്പുറം ഒരു സിനിമയാകുമ്പോൾ യഥാർത്ഥ ജീവിതത്തിലെ നജീബ് തന്റെ വേദനകളും ഓർമ്മകളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ്.
ആടുജീവിതം ഒരു സിനിമയായി വരുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് നജീബ് പറയുന്നത്. താൻ അനുഭവിച്ച ഒരു കാര്യം എല്ലാവരും അറിയാൻ പോവുകയാണ്. അതുകൊണ്ട് ഒത്തിരി സന്തോഷമുണ്ട്. പലരും വിളിച്ചു പറയുന്നുണ്ട്, ആദ്യ ദിവസം തന്നെ സിനിമ പോയി കാണുമെന്ന്. ഇക്കയുടെ പടം ഞങ്ങൾ എല്ലാവരും പോയി കാണുമെന്നാണ് അവർ പറഞ്ഞത് എന്നും നജീബ് ഫിൽമി ബീറ്റിനോട് മനസ് തുറന്നു.

ബുക്ക് ഇറങ്ങിയത് മുതൽ എല്ലാവരും തന്നെ തിരിച്ചറിയുന്നുണ്ടെന്നും നജീബ് പറയുന്നു. എന്റെ വേഷം ഇത്രയും വലിയൊരു നടൻ അഭിനയിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്തയൊരു കാര്യമാണത്. അങ്കമാലിയിൽ വച്ച് സിനിമയുടെ ട്രെയിലർ കണ്ടിരുന്നു. ഞാൻ ആകപ്പാടെ വിഷമത്തിലായി, ഒന്നും പറയാൻ വയ്യാതെയായി; നജീബ് പറയുന്നു.
ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ ശേഷമാണ്. അപ്പൊ ഞങ്ങൾ ഒരു പത്തിരുപത് മിനിറ്റ് സംസാരിച്ചു. ഞാനൊരിക്കലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. നല്ല സൗഹാർദ്ദമായിട്ടാണ് സംസാരിച്ചത്. എന്നോട് അഭിനയിച്ച കാര്യങ്ങളെ പറ്റി പറഞ്ഞു. എന്റെ പുറത്തൊക്കെ തട്ടിയാണ് അവിടുന്ന് പോന്നത്; പൃഥ്വിരാജുമായുള്ള നിമിഷങ്ങൾ അദ്ദേഹം പങ്കുവച്ചു.
ഞാൻ അനുഭവിച്ചത് പോലെയുള്ള കഷ്ടപ്പാടുകളിൽ ചിലതൊക്കെ അവർക്കും അനുഭവിക്കേണ്ടി വന്നു. ഷൂട്ടിംഗ് കൊറേ കാലം നിർത്തിവക്കേണ്ടി വന്നു. കോവിഡ് കാരണം അവർ ഒരുപാട് അനുഭവിച്ചിരുന്നു. നോവൽ വായിചപ്പോൾ തന്നെ ഒരുപാട് കരഞ്ഞതാണ്, ഇനി സിനിമ കാണുമ്പോൾ എന്താവും സ്ഥിതി എന്ന് എനിക്കറിയില്ല; നജീബ് മനസ് തുറന്നു.
അന്ന് ഒരുപാട് കഷ്‌ടപെട്ട് ജീവിതം മുന്നോട്ട് പോയി മരിക്കണം എന്ന് വരെ തോന്നിയതാണ്, എന്നാൽ ഒരു പുനർജന്മം തന്ന് ഇന്ന് ഇവിടെ എത്തിയത് ചിലപ്പോൾ ഇതൊക്കെ കാണാൻ വേണ്ടിയായിരിക്കുംമെന്നും നജീബ് പറയുന്നു.
അതേസമയം, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം മാർച്ച് 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. പൃഥ്വിരാജ് സുകുമാരന് പുറമെ ഗോകുൽ, അമല പോൾ, ജീൻ ലൂയീസ്, താലിബ് അൽ ബാലുഷി, റിക് അബി, ശോഭ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം, കൂടാതെ റസൂൽ പൂക്കുട്ടി, ശ്രീകർ പ്രസാദ് തുടങ്ങിയ പ്രമുഖർ സാങ്കേതിക രംഗത്ത് അണിനിരക്കുന്നു.












Click it and Unblock the Notifications