നേര് റിവ്യൂ: ഇതാണ് ഞങ്ങള്‍ കൊതിച്ച ലാലേട്ടന്‍, അതിഗംഭീര തിരിച്ച് വരവ്, നേര് സൂപ്പർ ഹിറ്റിലേക്ക്
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സിംഹാസനത്തില്‍ ഇരിക്കുന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. വൃത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ ബോക്സ് ഓഫീസിനും അകത്ത് പുറത്തും മമ്മൂട്ടി വലിയ വിജയങ്ങള്‍ കൊയ്യുമ്പോള്‍ മോഹന്‍ലാലിനെ സംബന്ധിച്ച് അവസാനമായി പുറത്തിറങ്ങിയ ഏതാനും ചിത്രങ്ങക്ക് തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.
വന്‍ വിജയമായ ലൂസിഫറിന് പിന്നാലെ പുറത്തിറങ്ങിയ ഇട്ടിമാണിയോടെയാണ് മോഹന്‍ലാല്‍ തിരിച്ചടി നേരിട്ട് തുടങ്ങിയത്. ബ്രോ ഡാഡി, ദൃശ്യം 2 വും പ്രേക്ഷക പ്രശംസ നേടിയെങ്കിലും രണ്ടും ഒടിടി റിലീസ് ആയിരുന്നു. വന്‍ ബജറ്റില്‍ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ആറാട്ട്, മോണ്‍സ്റ്റർ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ തീർത്തും നിരാശാരാക്കി. എന്നാല്‍ ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർസ്റ്റാർ നേരിലൂടെ വീണ്ടും വിജയ പാതയിലേക്ക് എത്തിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ജീത്തു ജോസഫ് - മോഹന്‍ ലാല്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യത്തെ വെല്ലുന്ന രീതിയിലുള്ള ക്ലൈമാക്സിലൂടെ ഞങ്ങളുടെ ലാലേട്ടനെ ജീത്തു ജോസഫ് തിരിച്ച് തന്നിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ജീത്തു ജോസഫ് മോഹന്‍ലാലിന് വേണ്ടി ഒരു സിനിമ ഒരുക്കുമ്പോള്‍ ഒരു വിശ്വാസമുണ്ട്. ആ വിശ്വാസം കാത്തു എന്നിങ്ങനെയാണ് കമന്റുകള്‍.
'നാൻ വീഴ്വെൻ എൻട്ര് നിനയ്‌ത്തായോ. ഒരുങ്ങി ഇറങ്ങിയാൽ ലാലേട്ടനെപ്പോലെ മാസ്സ് കാണിക്കാൻ മലയാളത്തിലെ മറ്റ് നടൻമാർ ഒന്ന് വിയർക്കും.' എന്നാണ് മറ്റൊരു കമന്റ്. സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ പതിവായി നല്ല രീതിയില്‍ സിനിമ റിവ്യൂ ഇടുന്നവരും നേരിന് മികച്ച റിവ്യൂവാണ് രേഖപ്പെടുത്തുന്നത്. അത്തരത്തില്‍ സിനിഫിലെ, മൂവി സ്ട്രീറ്റ് എന്നീ ഗ്രൂപ്പുകളില്‍ വന്ന സ്പോയിലറില്ലാത്തെ ഏതാനും റിവ്യൂ ഇവിടെ വായിക്കാം.
രാഗീത് ആർ ബാലൻ
ഇമോഷണൽ കോർട്ട് ഡ്രാമ എന്നൊക്കെ പറഞ്ഞു മുൻകൂർ ജാമ്യം ജീത്തു അണ്ണൻ എടുത്തെങ്കിലും ലാലേട്ടൻ നിറഞ്ഞാടിയ നിമിഷങ്ങളായിരുന്നു തിയേറ്ററിൽ, കൈ അടിക്കാനുള്ള ഒരുപാട് പോർഷൻസ് ഇതിലും ഉണ്ട്, ജീത്തു അണ്ണന്റെ പതിവ് നായകനെ കൊണ്ട് മാസ്സ് കാണിക്കാതെ കൈ നേടുന്ന മാജിക്, എടുത്തു പറയേണ്ടത് അനശ്വരയുടെ പെർഫോമൻസ് ആണ് അസാധ്യ അഭിനയം ആയിരുന്നു ആ കുട്ടി, പറഞ്ഞ വാക്കുകൾക്കും അപ്പുറം സിനിമ ഗംഭീരമായി ഉറപ്പായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണ് നേര് ഒരു തരി നിരാശപെടുത്തില്ല ഉറപ്പ്.
"ഞാൻ തർക്കിക്കുകയാണ്..സിനിമ കാണുന്ന ആളുകളെ നിങ്ങൾ നിർമാതാക്കൾ വില കുറച്ചു കാണുകയാണ്. നല്ല സിനിമകൾ ഇറങ്ങാത്തത് കൊണ്ടാണ് അവർ മിമിക്രി കണ്ടു കയ്യടിക്കുന്നത്.അത് കണ്ടു നിങ്ങൾ തീരുമാനിക്കുന്നു നിലവാരം കുറഞ്ഞതേ അവർക്കു വേണ്ടു എന്ന്.അതല്ല സത്യം.. അവർക്കു നല്ല സിനിമകൾ കൊടുത്ത സംവിധായകരും അവർ പ്രതീക്ഷ അർപ്പിച്ച താരങ്ങളും അവരെ സ്ഥിരമായി ചതിക്കുകയാണ് ചവറു സിനിമകൾ എടുത്തു. അത് കൊണ്ടാണ് അവർ മിമിക്രിക്ക് കയ്യടിക്കുന്നത്. മനസ്സിലായോ?നല്ല ചിത്രങ്ങളിലേക്ക് അവർ തീർച്ചയായും മടങ്ങി വരും."
യെസ് തിരിച്ചു വന്നു കഴിഞ്ഞു... നായകൻ അല്ല തിരക്കഥ ആണ് സിനിമയുടെ നട്ടെല്ല്.കുറേ നാളുകൾക്കു ശേഷം ആണ് ഒരു മോഹൻലാൽ സിനിമ കണ്ടു നിറഞ്ഞ കയ്യടി ആയി ഇറങ്ങുന്നത്. അനശ്വര, മോഹൻലാൽ, സിദ്ധിഖ്, പിന്നെ സിനിമയുടെ ബിജിഎം അത് ഇങ്ങനെ കാതിൽ കിടന്നു മുഴങ്ങുക ആണ്.. ഇപ്പോഴും. വൈകുനേരം ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു ഇറങ്ങുമ്പോൾ എറണാകുളം കവിതയിലേക്ക് കയറുവാൻ ആയി നീണ്ടു നീവർന്നു കാത്തു കിടക്കുന്ന വണ്ടികൾ.. തൊട്ടു അടുത്ത് ഉള്ള ഷേണായിസ് തീയേറ്ററിലും ഇതുപോലെ ഒക്കെ കാണുവാൻ സാധിക്കും ഇന്ന് മുതൽ അതും ഒരു മോഹൻലാൽ സിനിമക്ക്..
എല്ലാവരും ഈ സിനിമ തീയേറ്ററിൽ തന്നെ കാണാൻ ശ്രേമിക്കുക ഇതിന് ഒരു തീയേറ്ററിക്കൽ എക്സ്പീരിയൻസ് ഉണ്ട്.. നിറഞ്ഞ കയ്യടികൾക്കൊപ്പം ഇരുന്നു കാണാം ഈ സിനിമ
നാരായണന്‍
ജീത്തു ജോസെഫിന്റെ മോഹൻലാൽ ചിത്രം നേര് വളരെ നല്ല തിരക്കഥയിൽ പിറന്ന വളരെ മികച്ച ചിത്രമാണ്. സിനിമയുടെ ജോണറിനോട് 100% നീതി പുലർത്തുന്ന മേക്കിങ് ശൈലി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മോഹൻലാലിന്റെ വളരെ നിയന്ത്രണത്തോടേയും പക്വതയോടെയുമുള്ള ഉജ്വല പ്രകടനം ആണ് സിനിമയിൽ ഉടനീളം കണ്ടത്. ഒരു ഗിമ്മിക്സും ഇല്ലാതെ ആ കഥാപാത്രത്തെ മോഹൻലാൽ ഗംഭീരമാക്കി. അനശ്വരയുടെ കരിയർ ബെസ്റ്റ് ആണ് നേരിൽ ഉള്ളത്. സിദ്ദിഖ് എന്ന വെറ്ററന്‍ പെർഫോർമറുടെ സ്ട്രോങ്ങ് സപ്പോർട്ട് സിനിമയിൽ മുഴുവൻ ഉണ്ട്. എടുത്ത് പറയേണ്ടത് ജഗദീഷിന്റെ പെർഫോമൻസ് കൂടിയാണ്. ജഗദീഷ് മനോഹരമായിരുന്നു. തിരക്കഥകൃത്ത് കൂടിയായ ശാന്തിയും, വില്ലനായി പെർഫോം ചെയ്ത നടനും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ജീത്തു ജോസഫിന്റെ ഡയറക്ഷൻ ശൈലി തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഒരിടത്തും ഗിമ്മിക്സ്കളുടെ പുറകെ പോകാതെ വളരെ ഒർജിനൽ ആയിത്തന്നെ കോർട്ട്റൂം സീനുകൾ എടുത്തിട്ടുള്ളത് പോലെ തോന്നി. തീയറ്റർ നിറയെ കയ്യടി ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ കുറച്ചു നാളുകൾക്ക് ശേഷം തന്റെ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ മോഹൻലാലിന് ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട് എന്നുറപ്പാണ്. തീയറ്ററിൽ ഓരോ സീനിനും വന്ന കയ്യടികൾ അതിനു തെളിവായിരുന്നു.
വിപിന്‍ വൃന്ദാവനം
ഒരു സസ്പെൻസ് ഇല്ല, ട്വിസ്റ്റ് ഇല്ല. റിയൽ കോർട്ട് റൂം ഡ്രാം. പടത്തിൽ എല്ലാ ആക്റ്റേഴ്സിൻറെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്. നല്ല തിരക്കഥ. നല്ല ബിജിഎം. പടം പോകുന്ന രീതി. പക്കാ റിയലിസ്റ്റിക് മൂവി. ലാലേട്ടൻ എന്നതിനേക്കാൾ മോഹൻലാൽ എന്ന നടനെ തിരിച്ചു കിട്ടിയിരിക്കുന്നു. ഡയലോഗ് ഡെലിവറി, പെർഫോമൻസ്. ഇമോഷൻസ് എല്ലാം നന്നായിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റ് താരങ്ങൾ അനശ്വര, സിദ്ദിഖ് ആണ്. അവരുടെ ഗംഭീര പ്രകടനം. ജീത്തു ജോസഫിന് നന്ദി. മാസ് അല്ലാത്ത സാധാരണക്കാരനായ ലാലേട്ടനെ തിരിച്ചു തന്നതിന്.












Click it and Unblock the Notifications