ജയചന്ദ്രന്‍ സഹോദരതുല്യന്‍, വേര്‍പാട് പറഞ്ഞറിയിക്കാന്‍ കഴിയില്ല; യേശുദാസ്
കോഴിക്കോട്: മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ്. ജയചന്ദ്രന്റെ അഭാവം സംഗീത ലോകത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് വളരെ വലുതാണ് എന്ന് യേശുദാസ് പറഞ്ഞു. സഹോദര തുല്യനായിരുന്നു ജയചന്ദ്രന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും യേശുദാസ് പറഞ്ഞു.
ജയചന്ദ്രന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു തങ്ങളുടെ ബന്ധം തുടങ്ങിയത് എന്ന് അദ്ദേഹം ഓര്‍മിച്ചു. 'ഓര്‍മ്മകള്‍ മാത്രമാണ് ഇനി പറയാനും അനുഭവിക്കാനുമുള്ളു. ഒരു ചെറിയ അനുജനായാണ് ജയചന്ദ്രന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. സംഗീതത്തില്‍ വലിയ വാസനയുള്ള ആളായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു,' യേശുദാസ് പറഞ്ഞു.

ആ ബന്ധം വേര്‍പ്പെട്ടപ്പോള്‍ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല എന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് ജയചന്ദ്രന്‍ മരണപ്പെടുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നതാണ്.
എന്നാല്‍ വ്യാഴാഴ്ച വൈകീട്ടോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 കൊല്ലമായി മലയാള ചലച്ചിത്ര, ലളിത ഗാന മേഖലയില്‍ സജീവമായിരുന്ന ജയചന്ദ്രന്‍ ആയിരക്കണക്കിന് പാട്ടുകളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളില്‍ മൂന്നാമനായിട്ടാണ് ജയചന്ദ്രന്റെ ജനനം.
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗം, ലളിതഗാനം എന്നിവയില്‍ സമ്മാനം നേടിക്കൊണ്ടാണ് കലാരംഗത്തേക്കുള്ള വരവ്. 1965-ല്‍ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ 'മുല്ലപ്പൂ മാലയുമായ്...' എന്ന ഗാനം ആലപിച്ച് ലച്ചിത്ര പിന്നണി ഗാനരംഗത്തെത്തി. 1966 ല്‍ പുറത്തിറങ്ങിയ കളിത്തോഴനിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി...' എന്ന പാട്ട് സൂപ്പര്‍ഹിറ്റായതോടെ ജയചന്ദ്രന്‍ മലയാള പിന്നണി ഗാനരംഗത്തെ ഒഴിച്ചുകൂടാനാകാത്ത ശബ്ദസാന്നിധ്യമായി.
മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെസി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം, അഞ്ച് തവണ സംസ്ഥാന പുരസ്‌കാരം. നാല് തവണ തമിഴ്നാട് സംസ്ഥാന പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, 'സ്വരലയ കൈരളി യേശുദാസ് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.












Click it and Unblock the Notifications