രജനിക്ക് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് നിര്‍മാതാവിനെ കാണാനെത്തിയ ആര്‍ഡിഎക്‌സ് ടീമിന് സംഭവിച്ചത്! വൈറല്‍ പോസ്റ്റ്
ഓണം റിലീസുകളില്‍ ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ആര്‍ ഡി എക്‌സ്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയുടെ രാമചന്ദ്രബോസ് ആന്റ് കോ എന്നീ ചിത്രങ്ങള്‍ക്കൊപ്പം ബോക്‌സോഫീസിലെത്തിയ ആര്‍ ഡി എക്‌സ്, എതിരാളികളേക്കാള്‍ മികച്ച അഭിപ്രായവും കളക്ഷനും നേടിയാണ് ഓണം വിന്നറായത്.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ ഡി എക്‌സ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മിച്ചത്. ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്. റിലീസ് കേന്ദ്രങ്ങളിലെല്ലാം അധിക ഷോകളുമായി മെഗാഹിറ്റായി മാറിയിരിക്കുകയാണ് ആര്‍ ഡി എക്‌സ്.

ഇപ്പോഴിതാ സിനിമയുടെ നിര്‍മാതാവായ സോഫിയാ പോളിനെ വീട്ടിലെത്തി സന്ദര്‍ശിച്ച വിവരം അറിയിച്ച് കൊണ്ട് ആന്റണി വര്‍ഗീസ് പങ്ക് വെച്ച ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ തമിഴ് ചിത്രം രജനീകാന്തിന്റെ ജയിലര്‍ സൂപ്പര്‍ഹിറ്റായതിന് പിന്നാലെ നിര്‍മാതാവ് കലാനിധി മാരന്‍ അദ്ദേഹത്തിന് ബി എം ഡബ്ല്യു സമ്മാനിച്ചിരുന്നു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി കലാനിധി മാരന്‍ സംവിധായകന്‍ നെല്‍സണ് പോര്‍ഷേ കാറും സമ്മാനമായി നല്‍കിയിരുന്നു.
ഈ സംഭവവുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ആന്റണി വര്‍ഗീസ്, നീരജ് മാധവിനും ഷെയ്ന്‍ നിഗത്തിനുമൊപ്പം സോഫിയ പോളിനെ കാണാന്‍ പോയ കാര്യം പങ്ക് വെച്ചത്. പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ആന്റണി വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...
'ജയ്ലര്‍ സിനിമ ഹിറ്റ് ആയപ്പോള്‍ രജനി സര്‍ നു ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാന്‍ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്നു. എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.
ഇന്നലെ പറയാന്‍ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ. ഞാന്‍ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാന്‍ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോര്‍ഷ ഓടിക്കാന്‍ പഠിച്ചു തുടങ്ങിയെന്ന കേള്‍ക്കുന്നെ', എന്നാണ് ആന്റണി വര്‍ഗീസ് പങ്ക് വെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സിനിമയില്‍ റോബര്‍ട്ട് എന്ന കഥാപാത്രമായി ഷെയ്ന്‍ നിഗവും ഡോണിയായി പെപ്പേയും സേവ്യറായി നീരജ് മാധവുമാണ് എത്തിയത്.












Click it and Unblock the Notifications