റിയാസിന് തലയിൽ ആൾത്താമസമില്ല, മാരാർക്ക് വകതിരിവ് വട്ടപ്പൂജ്യം, റോബിനെ ദ്രോഹിച്ചു, കർമ്മഫലം: ആലപ്പി അഷ്റഫ്
ബിഗ് ബോസ് സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർക്ക് ആട്ടിൻകാട്ടവും കടലയും തിരിച്ചറിയാനുളള കഴിവില്ലെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മറ്റൊരു ബിഗ് ബോസ് താരവും ഇൻഫ്ളുവൻസറുമായ റിയാസ് സലീമിന് തലയിൽ ആൾത്താമസം ഇല്ലെന്നും ആലപ്പി അഷ്റഫ് പരിഹസിച്ചു.
ഇവർ രണ്ട് പേരും ഡോ. റോബിൻ രാധാകൃഷ്ണനെ ദ്രോഹിച്ചിട്ടുളളവരാണെന്നും ഇപ്പോൾ വാലിന് തീപിടിച്ച് ഓടുകയാണെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു. അലറുന്ന സ്വഭാവം ഇല്ലായിരുന്നുവെങ്കിൽ റോബിനെ നമുക്ക് 916 എന്ന് വിളിക്കാമായിരുന്നു എന്നും ആലപ്പി അഷ്റഫ് പുകഴ്തത്തുന്നു.
''ബിഗ് ബോസ് സീസണ്‍ 4ല്‍ നീതിയുടേയും സത്യത്തിന്റെയും പക്ഷത്ത് നിന്ന ഡോ. റോബിന്‍ രാധാകൃഷ്ണനെ ഏറ്റവും അധികം വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രണ്ട് ബിഗ് ബോസ് താരങ്ങളെ ഇന്ന് രാജ്യദ്രോഹികളെന്ന് മുദ്രകുത്തപ്പെട്ടിരിക്കുകയാണ്. അതിലേക്ക് നയിച്ച് സാഹചര്യങ്ങളിലേക്കും ആ ഷോയിലെ നീതികേടുകളിലേക്കും നമുക്കൊന്ന് കടന്ന് ചെല്ലാം.

ബിഗ് ബോസ് സീസണ്‍ 7 വരുന്നു എന്നറിഞ്ഞപ്പോള്‍ അതിനെക്കുറിച്ചും മുന്‍ താരങ്ങളെ കുറിച്ചും പറഞ്ഞപ്പോള്‍ റോബിനെ കുറിച്ച് പറഞ്ഞത് മല പോലെ വന്ന് എലി പോലെ പോയി എന്നായിരുന്നു. അത് റോബിന്‍ ഫാന്‍സിന് വിഷമം ഉണ്ടാക്കിയതായി കമന്റുകളിലൂടെ അറിഞ്ഞു. മല പോലെ എന്നത് കൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹത്തിന്റെ വിജയപ്രതീക്ഷയെ കുറിച്ചായിരുന്നു. അന്ന് എല്ലാവരേയും പോലെ താനും കരുതിയത് കപ്പ് റോബിന് ഉറപ്പാണ് എന്നായിരുന്നു. അതില്ലാതെ പുറത്തിറങ്ങിയതിനെ ആണ് എലി പോലെ എന്ന് ഉപമിച്ചത്.
കൊടുംചതിയിലൂടെയാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്ന അഭിപ്രായം അന്നും ഇന്നും ശക്തമാണ്. കപ്പ് ലഭിച്ചില്ലെങ്കിലും അദ്ദേഹം ഒരു സിംഹരാജാവിനെ പോലെയാണ് പുറത്തിറങ്ങിയത്. ഇതുവരെയുളള ബിഗ്‌ബോസുകളില്‍ ഏറ്റവും മികച്ചത് സീസണ്‍ 4 തന്നെയാണ്. അതിന് കാരണം റോബിന്‍ രാധാകൃഷ്ണന്റെ സാന്നിധ്യം തന്നെയാണ് നിസ്സശംയം പറയാം. 73 ദിവസങ്ങളാണ് റോബിന്‍ അവിടെ ചിലവഴിച്ചത്.
ഇത്രയും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ ശ്രദ്ധിക്കാനുളള കാരണം വ്യത്യസ്ഥമായ വ്യക്തിത്വം കൊണ്ടാണ്. അദ്ദേഹം ഒരു ഡോക്ടറും മോട്ടിവേറ്ററും ഇന്‍ഫ്‌ളുവന്‍സറുമാണ്. അവാര്‍ഡുകളും ബഹുമതികളും നേടിയിട്ടുമുണ്ട്. മറ്റുളളവരെ പോലെ ആയിരുന്നില്ല അദ്ദേഹത്തിന്റെ നാവില്‍ നിന്ന് വരുന്ന വാക്കുകള്‍. അവ അര്‍ത്ഥവത്തായിരുന്നു, പ്രചോദനവും ആയിരുന്നു. വിജയം റോബിന് തന്നെ ആണെന്ന് മറ്റുളള മത്സരാര്‍ത്ഥികള്‍ക്ക് ഉറപ്പായപ്പോള്‍ കൂട്ടം ചേര്‍ന്ന് അദ്ദേഹത്തിനെതിരെ ആക്രമണം അഴിച്ച് വിട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് മോശമായ വാ്ക്കുകളോ തെറികളോ ആരും കേട്ടിട്ടില്ല.
അദ്ദേഹത്തിന്റെ പ്രേക്ഷക പിന്തുണ അടിക്കടി വര്‍ധിച്ച് കൊണ്ടിരുന്നു. ആ പിന്തുണ ഇന്നും നിലനിര്‍ത്തിക്കൊണ്ട് പോകുന്നു. അന്ന് റോബിന്റെ ഈ പ്രേക്ഷക പിന്തുണ ഊഹിച്ചെടുത്തവരായിരുന്നു ദില്‍ഷയും ബ്ലെസ്ലിയും. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ റോബിന്റെ ജനപിന്തുണ ലക്ഷ്മിപ്രിയയും മണത്തറിഞ്ഞു. മെല്ലെ മെല്ലെ റോബിന്റെ പക്ഷത്തേക്ക് അവരും ചാഞ്ഞു. റോബിന് കറതീര്‍ന്ന പിന്തുണയുമായി ആദ്യാവസാനം ഒപ്പം നിന്നത് ദില്‍ഷ പ്രസന്നന്‍ മാത്രമായിരുന്നു.
ആ സൗഹൃദത്തിന്റെ ആഴം പ്രേക്ഷകര്‍ക്ക് മനസ്സിലായത്, ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ റോബിന്‍ തന്റെ ആര്‍മിക്കാരോട് തനിക്ക് നല്‍കിയ പിന്തുണ ദില്‍ഷയ്ക്ക് നല്‍കണം എന്ന് അപേക്ഷിച്ചപ്പോഴാണ്. അവരത് അക്ഷരം പ്രതി അനുസരിച്ചു. ദില്‍ഷയ്ക്ക് പുഷ്പം പോലെ വിജയിക്കാന്‍ സാധിച്ചു. റോബിന്റെ സ്വഭാവത്തിലെ ഏക ന്യൂനത അലറി സംസാരിക്കുന്നത് മാത്രമായിരുന്നു. അതും കൂടി ഇല്ലായിരുന്നുവെങ്കില്‍ റോബിനെ നമുക്ക് 916 എന്ന് വിളിക്കാമായിരുന്നു.
സീസണിന്റെ തുടക്കം മുതല്‍ പുറത്താകുന്നത് വരെ ഒരേ രീതിയില്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പോയ ആളായിരുന്നു റോബിന്‍. മറ്റുള്ളവരെ ദ്രോഹിക്കാന്‍ നില്‍ക്കാറില്ല, ആരെയും കുറ്റം പറഞ്ഞ് നടക്കാറില്ല. സാധാരണ താന്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നടക്കാറാണുളളത് എന്ന് റോബിന്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരാളെയാണ് ഗൂഢാലോചനയിലൂടെ ചതിച്ച് പുറത്താക്കിയത്. റോബിനെ കാണുമ്പോള്‍ ഗാന്ധിജിയുടെ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന വാക്കുകളാണ് ഓര്‍മ്മ വരുന്നത്.
റോബിന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ട് പേരുടെ തെറ്റായ വഴികളെ തിരുത്താനുളള മോട്ടിവേഷന്‍ ക്ലാസ്സ് കൊടുത്താല്‍ നന്നായിരിക്കും. അവരോട് ഒരിക്കലും താങ്കള്‍ വൈരാഗ്യം വെച്ച് പുലര്‍ത്തില്ല എന്നറിയാം. കാരണം ഈ രണ്ട് പേരും താങ്കളോട് വ്യക്തിപരമായ വൈരാഗ്യം വെച്ച് പുലര്‍ത്തുന്നവരാണ്, ദ്രോഹിച്ചിട്ടുളളവരാണ്. അതിലൊരാള്‍ റോബിനെ ബിഗ് ബോസില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നേതൃത്വം കൊടുത്തയാളാണ്. മാത്രമല്ല ആരതി പൊടിയെ ഗോതമ്പ് പൊടി, അരിപ്പൊടി എന്നൊക്കെ അധിക്ഷേപിച്ച വിവരദോഷി കൂടിയാണ്.
അടുത്തയാളാകാട്ടെ റോബിനെ പലതവണ അലറല്‍ വീരന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുളള ആളുമാണ്. ഇവര്‍ രണ്ട് പേരും ഇപ്പോള്‍ എയറിലാണ്, വാലിന് തീപിടിച്ച് ഓടുകയുമാണ്. ഇവര്‍ക്ക് എതിരെയുളള കേസ് നിസ്സാരമല്ല, രാജ്യദ്രോഹക്കുറ്റമാണ്. ആ മഹത് വ്യക്തികളാണ് റിയാസ് സലീമും അഖില്‍ മാരാരും. റിയാസ് സലീം ഇംഗ്ലീഷ് ഒക്കെ തട്ടി വിടുമെങ്കിലും തലയില്‍ ആള്‍ത്താമസം തീരെയില്ല. എന്നാല്‍ അഖില്‍ മാരാര്‍ ശോഭനമായ ഭാവിയുളള ഒരു ചെറുപ്പക്കാരനായിരുന്നു. പക്ഷേ ഒരേ ഒരു കുഴപ്പമേ ഉളളൂ, ആട്ടിന്‍കാട്ടവും കടലയും തിരിച്ചറിയില്ല.
ശങ്കരാടി പറഞ്ഞത് പോലെ, സകലകലാവല്ലഭന്‍, വകതിരിവ് വട്ടപ്പൂജ്യം. ലൈവായി നില്‍ക്കാന്‍ ഇദ്ദേഹം പറയുന്ന പല നിലപാടുകളും പാളിപ്പോകാറുണ്ട്. ഏത് കാര്യത്തിലും എടുത്ത് ചാടി അഭിപ്രായം പറയുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. ബിഗ് ബോസിലെ സ്ത്രീകളെ അധിക്ഷേപിച്ചും ജാതി അധിക്ഷേപം നടത്തിയും മാപ്പ് പറഞ്ഞ സംഭവങ്ങളുണ്ട്. ഇതുകൊണ്ടൊന്നും പാഠം പഠിക്കാതെ നമ്മുടെ രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ എന്ത് എങ്ങനെ പറയണം എന്ന് ഒരു ബോധവും ഇല്ലാതെ വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാലുളള അപകടം ഇപ്പോഴെങ്കിലും മനസ്സിലായിക്കാണും.
അഖില്‍ മാരാര്‍ വിടുവായിത്തം കൊണ്ട് പറഞ്ഞതായിരിക്കാം, രാജ്യസ്‌നേഹം ഇല്ലാത്ത ആളാണെന്ന് വിശ്വസിക്കാനാകില്ല. അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ ചാടുമെന്ന് പറഞ്ഞത് പോലെ ആയല്ലോ മാരാരേ. ഈ രണ്ട് പേരുമാണ് മറഞ്ഞും തെളിഞ്ഞും റോബിന്റെ മനസ്സിനെ വേദനിപ്പിച്ചിട്ടുളളത്. കര്‍മ്മഫലം എന്നൊന്നുണ്ട്, അത് അനുഭവിച്ചേ മതിയാവൂ, ആലപ്പി അഷ്റഫ് പറയുന്നു.












Click it and Unblock the Notifications