സലാറിൽ പൃഥ്വിരാജിന് ലഭിച്ച പ്രതിഫലം ഇതോ? ശ്രുതി ഹസനെക്കാൾ കുറവ്; പ്രതിഫലക്കണക്കിൽ വീണ്ടും ഞെട്ടിച്ച് പ്രഭാസ്
ഹൈദരബാദ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാര്‍ പാര്‍ട്ട് വണ്‍- സീസ് ഫയറിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായി. വൻ വരവേൽപ്പാണ് ട്രെയിലറിന് ആരാധകരിൽ നിന്ന് ലഭിച്ചത്. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് സലാര്‍ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കെ ജി എഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശാന്ത്-പ്രഭാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ പാർട് വൺ ഒരുങ്ങുന്നത് 400 കോടി ബജറ്റിലാണ്. ചിത്രത്തിൽ താരങ്ങൾ നേടിയത് വമ്പൻ പ്രതിഫലമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രഭാസിന് 100 കോടിയോ?
ചിത്രത്തിൽ സലാർ എന്ന നായക കഥാപാത്രത്തേയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം പിന്നീട് വന്ന പ്രഭാസ് ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ കനത്ത പരാജയമായിരുന്നു. കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രത്തിൽ പ്രഭാസ് നായകനായി എത്തുമ്പോൾ അത് മറ്റൊരു ഹിറ്റായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ചിത്രത്തിൽ 100 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിയുടെ കൂറ്റൻ വിജയത്തോടെയായിരുന്നു പ്രഭാസ് തന്റെ പ്രതിഫലം ഉയർത്തിയത്. ഈ സിനിമയുടെ ബോക്‌സ് ഓഫീസ് വരുമാനത്തിന്റെ 10 ശതമാനവും പ്രഭാസിന് ലഭിക്കും.
നായികയായി ശ്രുതി ഹസൻ
ചിത്രത്തിൽ ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹസൻ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി 8 കോടിയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
പൃഥ്വിരാജിന് 4 കോടിയോ?
വരധരാജ മന്നാർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. സാധാരണ ഒരു ചിത്രത്തിന് 3 മുതൽ 7 വരെയാണ് പൃഥ്വിരാജ് വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ ചിത്രത്തിൽ 4 കോടിയാണത്രേ പൃഥ്വിയുടെ പ്രതിഫലം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമയുടെ കേരളത്തിലെ വിതരാണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇവരെ കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡയാണ് ഛായാഗ്രഹണം.












Click it and Unblock the Notifications