ദിലീപും മഞ്ജു വാര്യറും പുലർത്തിയ മാന്യതയെങ്കിലും കാണിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്; എന്നിട്ടും കേസായി: ശാന്തിവിള
സോഷ്യല്‍ മീഡിയയിലൂടെ മറ്റും നടത്തിയ പ്രസ്താവനയുടെ പേരില്‍ നിരവധി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മറ്റുള്ളവർക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുവെന്നതാണ് ശാന്തിവിള ദിനേശിനെതിരായ പ്രധാന വിമർശനം. മലയാളത്തിലെ പ്രമുഖയായ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഒരു കലാകാരിയടക്കമുള്ളവരാണ് ശാന്തിവിള ദിനേശിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
ആർക്കെതിരേയും താന്‍ അപവാദ പ്രചരണങ്ങള്‍ നടത്തിയിട്ടില്ലെന്നും തനിക്കെതിരെ നല്‍കിയിട്ടുള്ളതെല്ലാം വ്യാജ പരാതികളാണെന്നുമാണ് ശാന്തിവിള ദിനേശിന്റെ വാദം. 'ശബ്ദം കൊടുക്കുന്ന ഒരു നടി എനിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ സൈബർ കേസ് കൊടുത്തു. ആ കേസ് ബലപ്പെടുത്താനായി മരണമൊഴിയെന്ന രൂപത്തില്‍ മുഖ്യമന്ത്രിക്ക് അവർ ഒരു കത്തും അയച്ചു. ഞാന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ശാന്തിവിള ദിനേശായിരിക്കും ഉത്തരവാദി. എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവരുടെ കത്ത്' എർത്ത് വൈസ് അയ്സ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തിവിള ദിനേശ് പറയുന്നു.

ഞാന്‍ പറഞ്ഞ വിഷയം എന്താണെന്ന് അറിയുമോ? എന്റെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചാനലായ കൈരളി ടിവിയില്‍ ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള ഒരാളുടെ ചാനലില്‍ ചെന്നിരുന്ന് തന്റെ മുന്‍ ഭർത്താവിനെതിരെയടക്കം അവർ വിമർശനം ഉന്നയിച്ചു. ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. നിങ്ങളുടെ രണ്ട് കുട്ടികള്‍ക്ക് ജന്മം തന്ന ഭർത്താവിനേയോ നിങ്ങള്‍ക്ക് സ്നേഹപൂർവ്വം ഒരു ഉമ്മയെങ്കിലും തന്നിട്ടുള്ളയാണ് ആ കാമുകനെങ്കിലും അങ്ങനെ പറയാന്‍ പാടില്ല. ദിലീപും മഞ്ജു വാര്യറും കാണിച്ച മാന്യതയെങ്കിലും കാണിക്കണം എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതിനാണ് മുഖ്യമന്ത്രിക്ക് ആത്മഹത്യാക്കുറിപ്പ് വരെ കൊടുത്തത്.
അവരുടെ പരാതിയില്‍ എനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇത്തരം കേസിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലാത്തതുകൊണ്ട് ഞാന്‍ വളരെ കൂളായിട്ട് വീട്ടില്‍ തന്നെ ഇരുന്നു. അപ്പോഴാണ് കേരളത്തിലെ ഒരു വലിയ പത്രത്തില്‍ ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകന്‍ എന്നെ വിളിച്ച് എവിടെ ഉണ്ടെന്നും ജാമ്യം എടുത്തെന്നും ചോദിക്കുന്നത്. എന്ത് ജാമ്യം തേങ്ങയാണ് എടുക്കുന്നതെന്നായിരുന്നു എന്റെ പ്രതികരണം.
അപ്പോഴാണ് 'ഇന്ന് വെള്ളയാഴ്ചയാണ്, പൊലീസ് പിടിച്ചുകൊണ്ടുപോയാല്‍ ശനിയും ഞായറും അകത്ത് കിടക്കണം. അതിന് ശേഷം മാത്രമേ ജാമ്യത്തിന് ശ്രമിക്കാന്‍ പോലും സാധിക്കൂ' എന്ന് അദ്ദേഹം പറയുന്നത്. അത് കേട്ടപ്പോഴാണ് വെട്ടിലായെന്ന് എനിക്ക് മനസ്സിലാകുന്നത്. ഉടന്‍തന്നെ വഞ്ചിയൂർ ചെന്ന് വള്ളക്കടവ് മുരളീധരന്‍ എന്ന അഭിഭാഷകന്‍ മുഖേനെ മുന്‍കൂർ ജാമ്യത്തിന് അപേക്ഷിച്ചൂ.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വരേയാകും ജാമ്യം കിട്ടാനെന്നതായതോടെ രണ്ട് ദിവസം എങ്ങോട്ടെങ്കിലും സുരക്ഷിതമായി മാറി നില്‍ക്കാന്‍ വക്കീല്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ മാറി നില്‍ക്കേണ്ട അവസ്ഥ എനിക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല. പെട്ടെന്ന് രണ്ട് മൂന്ന് ഡ്രസ്സൊക്കെ എടുത്ത് ഒരു പെട്ടിയിലാക്കി വീട്ടില്‍ നിന്ന് ഇറങ്ങി. എന്റെ മകന്റെ കണ്ണ് നിറഞ്ഞ് കണ്ടത് ആ സമയത്താണ്. എനിക്ക് അങ്ങനെ ഒരു അവസ്ഥ വന്നത് അവന് സഹിച്ചില്ല.
തിങ്കളാഴ്ച ഹർജി പരിഗണിച്ച കോടതി വിധി പറയാനായി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. അന്ന് കോടതിയില്‍ ചെന്ന എനിക്ക് മുന്‍കൂർ ജാമ്യം ലഭിച്ചു. മുന്‍കൂർ ജാമ്യം എടുക്കാന്‍ പോകുന്ന എല്ലാവരും കള്ളന്മാരല്ല. അതിന് ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഒരു അനാവശ്യവും ചെയ്യാതെ, ഒരു പോക്രിത്തരവും ചെയ്യാതെ ജീവിക്കണമെന്ന പ്രിന്‍സിപ്പലുണ്ടായിട്ട് പോലും എനിക്ക് മുന്‍കൂർ ജാമ്യം എടുക്കേണ്ടി വന്നു. അതോടൊപ്പം തന്നെ എന്നെ പിടിച്ചോണ്ട് പോകാതിരിക്കാന്‍ രണ്ട് ദിവസം ഒളിവില്‍ പോകേണ്ടി വന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കണ്ണൂർ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സംവിധായകന്‍. എ ഡി എമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വന്ന പിപി ദിവ്യ ഒരു അനാവശ്യവും പറഞ്ഞിട്ടില്ല. മറ്റെന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും അന്വേഷണത്തില്‍ തെളിയട്ടെ. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ നമ്മള്‍ തർക്കിക്കേണ്ട ആവശ്യമില്ലെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications