'സ്ത്രീധനം തെറ്റാണോ..? എങ്കിൽ ഈ കാര്യവും തെറ്റ്..'; നിലപാട് വ്യക്തമാക്കി ഷൈൻ ടോം ചാക്കോ
സംവിധാന സഹായിയുടെ റോളിൽ നിന്ന് നടനായി ഉയർന്നുവന്ന ആളാണ് ഷൈൻ ടോം ചാക്കോ. നിലവിൽ മലയാളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് ഷൈൻ. ഒട്ടേറെ ചിത്രങ്ങളിലാണ് താരം ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മുൻപ് സംവിധായകൻ കമലിന്റെ അസിസ്‌റ്റന്റ്റ് ആയി പ്രവർത്തിച്ചിട്ടുള്ള ഷൈൻ ഇപ്പോൾ അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുകയാണ്.
'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ത്രീധന സമ്പ്രദായത്തെ കുറിച്ചും അതിന്റെ ശരി തെറ്റുകളെ കുറിച്ചും സംസാരിക്കുകയായിരുന്നു ഷൈൻ. സ്ത്രീധനം തെറ്റാണെങ്കിൽ, പിരിയുമ്പോൾ ഭർത്താവ് ഭാര്യക്ക് നൽകേണ്ടി വരുന്ന ജീവനാംശവും തെറ്റാണെന്നായിരുന്നു ഷൈനിന്റെ നിലപാട്.

"സ്ത്രീധനം ഇഷ്‌ടമുള്ളവര്‍ മാത്രം കൊടുക്കുക. ഇഷ്‌ടമില്ലാത്തവര്‍ കൊടുക്കാതിരിക്കുക. ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യമാര്‍ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാണ്. അതും സ്ത്രീധനം പോലത്തെ ഒരു കാര്യം അല്ലേ. കല്യാണ സമയത്ത് ഭര്‍ത്താവിന് കൊടുക്കുന്നു. ഡിവോഴ്‌സിന്റെ സമയത്ത് അത് തിരിച്ചു കൊടുക്കുന്നു. ജീവനാംശം കോടതി തീരുമാനിക്കുന്നു. എന്തിനാണ് വിവാഹം വേര്‍പിരിയുമ്പോള്‍ ഭാര്യക്ക് കാശ് കൊടുക്കുന്നത്." എന്നായിരുന്നു ഷൈനിന്റെ ചോദ്യം.
"അതല്ലേ വിവാഹത്തിന് മുന്നേ കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ. ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്. രണ്ട് പേരും തുല്യരല്ലേ. ഒരാള്‍ വേര്‍പിരിയുന്നു. എന്തിന് ഒരാള്‍ക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാന്‍ ഒരാള്‍ക്ക് ഒരാള്‍ എന്തിന് കാശ് കൊടുക്കണം." ഷൈൻ ടോം തന്റെ അഭിപ്രായം പങ്കുവച്ചു.
"ചിലര്‍ പറയും ഞങ്ങളുടെ മകള്‍ക്ക് കൊടുക്കുന്നതാണ് സ്ത്രീധനം എന്ന്. ചിലര്‍ പറയും ചോദിച്ച് വാങ്ങിക്കുന്നതാണെന്ന്. ജീവനാംശവും കൊടുക്കാന്‍ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോള്‍ കോടികള്‍ ഭാര്യയ്ക്ക് കൊടുത്തില്ലേ." ഷൈൻ ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ വർഷം വമ്പൻ ഹിറ്റുകളായി കണ്ണൂർ സ്‌ക്വാഡിലും, കാർത്തിക് സുബ്ബരാജിന്റെ ജിഗർത്തണ്ട ഡബിൾ എക്‌സിലും ഉൾപ്പെടെ ഷൈൻ അഭിനയിച്ചിരുന്നു. മലയാളീ ഫ്രം ഇന്ത്യ, വിവേകാനന്ദൻ വൈറലാണ്, അയ്യർ കണ്ട ദുബായ്, ആറാം തിരുകൽപന, വെള്ളേപ്പം എന്നിവയാണ് പ്രധാനമായി ഇനി പുറത്തിറങ്ങാനുള്ള ഷൈൻ ടോം ചാക്കോ ചിത്രങ്ങൾ.












Click it and Unblock the Notifications