Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ ഇപ്പോള്‍ പറയുന്നില്ല..'; മണിച്ചിത്രത്താഴിലെ 'വെട്ടലില്‍' വേണുഗോപാല്‍

മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായ മണിച്ചിത്രത്താഴ് കഴിഞ്ഞ ആഴ്ചയാണ് റീറിലീസ് ചെയ്തത്. ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് പുറത്തിറങ്ങിയിരിക്കുന്നത്. റീറിലീസിംഗിന് പിന്നാലെ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ ഗായകന്‍ ജി വേണുഗോപാലിന്റെ പേരില്ലാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തിലെ 'അക്കുത്തിക്കുത്താന കൊമ്പില്‍' എന്ന ഗാനം വേണുഗോപാലാണ് ആലപിച്ചത്.

എന്നാല്‍ പഴയ പതിപ്പിലും റീറിലീസിലും ടൈറ്റില്‍ കാര്‍ഡില്‍ വേണുഗോപാലിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വേണുഗോപാല്‍. ഇത് സംബന്ധിച്ച് തനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാന്‍ തല്‍ക്കാലം ഇപ്പോള്‍ താല്‍പ്പര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ നിരവധിയുണ്ടെന്നും വേണുഗോപാല്‍ പറയുന്നു.

manichithrathazhu

വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റല്‍ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റില്‍ കാര്‍ഡില്‍ പാടിയ എന്റെ പേരും കൂടി ചേര്‍ക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകര്‍ കോളമുകള്‍ എഴുതുന്നു, എഴുതാന്‍ എന്നെയും നിര്‍ബ്ബന്ധിക്കുന്നു.

തല്‍ക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ല. 'ഓര്‍മ്മച്ചെരാതുകള്‍ ' എന്ന എന്റെ സംഗീത സ്മരണകള്‍ രണ്ടാം വോള്യം ഇറങ്ങുമ്പോള്‍ പറയാന്‍ അത് ബാക്കി വയ്ക്കുന്നു. എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ' അക്കുത്തിക്കുത്താനക്കൊമ്പില്‍ ' എന്നു തുടങ്ങുന്ന ഗാനം സിനിമയില്‍ മണിച്ചിത്രത്താഴിനുള്ള താക്കോല്‍ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാന്‍ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്.

പാട്ട് കൂടി സിനിമയില്‍ ഉള്‍പ്പെടുത്തി നോക്കിയപ്പോള്‍ Dr. Sunny യുടെ രംഗപ്രവേശം ഇന്റര്‍വെല്‍ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. Sunny ഇന്റര്‍വെല്ലിന് മുന്‍പ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈട്ടില്‍ ഗാനമാക്കാന്‍ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു.
ഇപ്പൊഴും വിട്ടു പോയി. അത്രേയുള്ളൂ. മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ നിരവധിയുണ്ട്. ആകാശവാണിയില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആര്‍ട്ടിസ്റ്റുകള് ലീവ് സാംക്ഷന്‍ ചെയ്യേണ്ടത്.

കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണന്‍ ചേട്ടന്‍ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. ' ഞാനൊരു ആയുര്‍വ്വേദ ചികിത്സയ്ക്ക് പോകുന്നു. എനിക്കീ സിനിമയില്‍ നിന്നൊന്ന് രക്ഷപ്പെടണമെടാ '. വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടന്‍ '' അവര്‍ വിടുന്നില്ല, വീണ്ടുമിരിക്കാന്‍ പോവുകയാണ്'. ഇതിലെ പാട്ടുകളുടെ ഡീറ്റയില്‍സ് എല്ലാം എനിക്ക് മന:പാഠം.

കുന്തളവരാളി രാഗത്തിലെ 'ഭോഗീന്ദ്രശായിനം പുരുകുശലദായിനം' എങ്ങനെ 'ഒരു മുറൈ വന്ത് പാര്‍ത്തായ' യില്‍ സന്നിവേശിപ്പിച്ചു എന്നും, 'വഞ്ചിഭൂമീപതേ ചിര' മില്‍ നിന്ന് ' അംഗനമാര്‍ മൗലീമണി ' ഉണ്ടായതും രാധാകൃഷ്ണന്‍ ചേട്ടന്‍ രസകരമായി പാടിപ്പറയുന്ന ഓര്‍മ്മകള്‍. ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടില്‍ വിളക്കിചേര്‍ക്കുന്ന സംഗീത മാജിക്ക്.

ഇതൊക്കെ കേള്‍ക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ട് പോകുന്നു. ചേട്ടന്റെ വീട്ടില്‍ ഹാര്‍മോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. 'ആരാ രാധാകൃഷ്ണാ ഇത് , ശുദ്ധമായി പാടീട്ടുണ്ടല്ലോ ' എന്ന ദാസേട്ടന്റെ വിലപ്പെട്ട കമന്റിനു് രാധാകൃഷ്ണന്‍ ചേട്ടന്‍ എനിക്ക് വാങ്ങിത്തന്നത് ഒരു പാര്‍ക്ക് അവന്യു striped shirt!

മണിച്ചിത്രത്താഴില്‍ ഏറ്റവും അവസാനം റിക്കാര്‍ഡ് ചെയ്യുന്ന ഗാനവും 'അക്കുത്തിക്കുത്ത് ' ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകര്‍. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയ പ്രിന്റില്‍ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓര്‍മ്മകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു ടൈറ്റില്‍ കാര്‍ഡിനുമാകുകയും ഇല്ല.
ആരോടും പരിഭവമില്ലാതെ..... VG.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+