സമ്മർ ഇൻ ബത്‌ലഹേം;'25 വർഷമായി പ്രേക്ഷകർ അറിഞ്ഞിട്ടില്ലാത്ത ആ കാര്യം', വെളിപ്പെടുത്തി സിബി മലയിൽ
കൊച്ചി: മലയാളികളുടെ പ്രിയ സിനിമകളിലൊന്നാണ് സിബി മലയിൽ ഒരുക്കിയ സമ്മർ ഇൻ ബത്ലഹേം. രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1998 ഇറങ്ങിയ ചിത്രങ്ങളിലെ കഥയും കഥാപാത്രങ്ങളുമെല്ലാം ഇപ്പോഴും മലയാളിയ്ക്ക് പ്രിയപ്പെട്ടതായി തന്നെ തുടരുന്നു, അതിനിടയിൽ ഇപ്പോഴിതാ സിനിമയില ചില 'അറിയാക്കഥകൾ' തുറന്നുപറയുകയാണ് സംവിധായകൻ സിബി മലയിൽ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഒരൊറ്റ രംഗത്തിലെ പ്രത്യേക്ഷപ്പെടുന്നുള്ളൂവെങ്കിലും പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നതായിരുന്നു സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രം. അന്ന് ആ കഥാപാത്രത്തിനായി മോഹൻലാലിന് പകരം രജനീകാന്തിനേയും കമൽഹാസനേയുമെല്ലാം ആലോചിച്ചിരുന്നുവെന്ന് പറയുകയാണ് സിബി മലയിൽ . സ്റ്റാർഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളിൽ നിൽക്കുന്ന നടൻ എന്നായിരുന്നു ചിന്ത. അങ്ങനെയാണ് പല പേരുകൾ ചർച്ചയായത്. ഒടുവിൽ മോഹൻലാലിലേക്ക് ചർച്ചയെത്തുകയായിരുന്നു.

അങ്ങനെ ലാലിനെ സമീപിച്ചപ്പോൾ അദ്ദേഹം ബാംഗ്ലൂരിൽ ആയൂർവേദ ചികിത്സയിലായിരുന്നു. ഞാനും രഞ്ജിത്തും അദ്ദേഹത്തെ പോയി കണ്ടു. ചികിത്സ കഴിഞ്ഞ് താടിയൊക്കെ വളർത്തി ഇരിക്കുകയായിരുന്നു ലാൽ. കാര്യം പറഞ്ഞപ്പോൾ രണ്ട് ദിവസത്തേക്കല്ലേ വരാമെന്ന് ലാൽ സമ്മതിച്ചു', സിബി മലയിൽ പറഞ്ഞു.
സിനിമയിലെ മോഹൻലാലിന്റെ രണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്ത് അത് പിന്നീട് ഉപേക്ഷിച്ചതായും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി പ്രേക്ഷകർ അറിഞ്ഞിട്ടില്ലാത്ത കാര്യമാണതെന്നും സിബി മലയിൽ പറയുന്നു. ആമിയുടെ സ്വപ്നത്തിൽ വന്ന് ഡെന്നീസിനൊപ്പം ജീവിക്കണമെന്ന് മോഹൻലാൽ പറയുന്നതായിരുന്നു രംഗം. ആ ഫാന്റസി രംഗം പിന്നീട് അധികപറ്റായി തോന്നി.
ആദ്യ ഷോ കണ്ടപ്പോൾ സിയാദ് കോക്കറാണ് അങ്ങനെയൊരു അഭിപ്രായം അറിയിച്ചത്. താൻ അപ്പോൾ മദ്രാസിലായിരുന്നു. സീൻ വെട്ടിമാറ്റിയാൽ സിനിമയെ ബാധിക്കുമെന്ന് ആശങ്ക അതുകൊണ്ട് തന്നെ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ സിയാദിൻറെ തന്നെ ഉടമസ്ഥതതയിൽ ഉള്ള തീയറ്ററിൽ സീൻ വെട്ടി മാറ്റി ഷോ പ്രദർശിപ്പിച്ച് നോക്കാൻ തീരുമാനിച്ചു. ആളുകൾ മികച്ച പ്രതികരണമാണ് നടത്തിയതെന്നും ഹാപ്പിയാണെന്നും സിയാദ് അറിയിച്ചു. അങ്ങനെ എല്ലാ തീയറ്ററുകളിൽ നിന്നും ആ രംഗം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി', അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു.












Click it and Unblock the Notifications