"ഗർഭിണി ആയിരുന്നപ്പോൾ അമ്മ തന്നെ ഒഴിവാക്കാൻ നോക്കിയെന്ന് സുരഭി പറഞ്ഞു, അവരെ വേണ്ടവിധം ഉപയോഗിച്ചില്ല"
മലയാള സിനിമയിൽ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത താരങ്ങൾ ഏറെയുണ്ട്. ഇന്ദ്രജിത്തിനെ പോലെയുള്ള നടൻമാരും പുതുതലമുറയിലെ നടിമാരും ഒക്കെ ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ അഭിനയത്തിൽ ദേശീയ അവാർഡ് നേടിയിട്ടും കാര്യമായ വേഷങ്ങൾ തേടി എത്താത്ത നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്‌മി. ആദ്യമായി നായികയായി വേഷമിട്ട ചിത്രത്തിൽ ദേശീയ അവാർഡ് നേടിയ സുരഭി ലക്ഷ്‌മിക്ക് പിന്നീട് കൈനിറയെ ചിത്രങ്ങൾ ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ നായികാ വേഷങ്ങളിൽ നിന്ന് മാറി സുരഭിക്ക് പിന്നീട് സഹതാര വേഷമാണ് കൂടുതലായി ലഭിച്ചത്. ഇക്കാലത്തിന് ഇടയിൽ ടെലിവിഷൻ പരമ്പരകളിലും സുരഭി തന്റെ മികവ് തെളിയിച്ചു.അടുത്തിടെ പുറത്തിറങ്ങിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെയാണ് താരത്തിന് നല്ലൊരു ബ്രേക്ക് ലഭിച്ചത്. അതിൽ ടോവിനോയുടെ മണിയൻ എന്ന കഥാപാത്രത്തിന്റെ പെയർ ആയാണ് സുരഭി ലക്ഷ്‌മി തിളങ്ങിയത്.

ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യക്തി ജീവിതത്തിൽ ആയാലും സിനിമയിൽ ആയാലും ഒട്ടേറെ ബുദ്ധിമുട്ടുകൾ താണ്ടിയാണ് സുരഭി ലക്ഷ്‌മി എന്ന താരം ഇന്നത്തെ നിലയിൽ എത്തിയത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. സുരഭിയെ മലയാള സിനിമ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയില്ലെന്നാണ് ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
യാതൊരു പുരസ്‌കാര മോഹം പോലും മനസിന്റെ കോണിൽ ഇല്ലാതിരുന്ന സുരഭി ലക്ഷ്‌മിക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അവരെ തേടി എത്തിയ ദേശീയ അവാർഡ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനാണ് അവർക്ക് അവാർഡ് ലഭിച്ചത്. വിദേശത്ത് പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയ സുരഭി ലക്ഷ്‌മി സലാലയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ടിവി ഓൺ ചെയ്‌തപ്പോൾ അതിൽ തന്റെ വീട്ടുകാരെ കണ്ട് ആദ്യമൊന്ന് ഞെട്ടി. എന്താണെന്ന് തിരക്കിയപ്പോഴാണ് വിവരം അറിഞ്ഞതെന്ന് സുരഭി പറയുന്നു.
ആദ്യമായി നായികയായി അഭിനയിച്ച ചിത്രത്തിൽ തന്നെ സുരഭി അവാർഡ് നേടിയെടുത്തു. ചിത്രത്തിൽ സുരഭി അഭിനയിക്കുന്നതിന് സംവിധായകന് താൽപര്യക്കുറവുണ്ടായിരുന്നു. സുരഭി സീരിയൽ നടിയാണെന്നതായിരുന്നു സംവിധായകൻ കണ്ട കുറവ്. തിരുവനന്തപുരം ശൈലിയിൽ സംസാരിക്കണമെന്ന നിബന്ധനയോടെയാണ് സുരഭിയെ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ഏത് ചോദ്യത്തിനും കുറിക്കുകൊളളുന്ന രീതിയിലാണ് സുരഭി മറുപടി പറയാറുള്ളത്.
അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോയുടെ നായികയാകാൻ കളരിയും ബ്ലാക്ക് മാജിക്കും ഒക്കെ പഠിച്ചു. മാണിക്യം എന്ന വേഷമാണ് അവർ അഭിനയിച്ചത്. കാലടി സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടുകൂടിയുളള ബിരുദവും തീയേറ്റർ ആർട്ട്സിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ താരം കൂടിയാണ് അവർ. പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ട നടിയാണ് സുരഭി. എങ്കിലും മലയാള സിനിമ അവരെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല എന്നത് പരിശോധിക്കണം.
സുരഭിയുടെ കൂടെ പഠിച്ച ഉന്നത സംവിധായകർ പോലും വേഷമില്ലെന്ന് പറഞ്ഞ് അവരെ ഒരുകാലത്ത് ഒഴിവാക്കിയിരുന്നു. മറ്റൊരു ഭാഷയിലായിരുന്നുവെങ്കിൽ സുരഭി വലിയ സ്ഥാനങ്ങൾ കൈയടക്കുമായിരുന്നു എന്നത് ഉറപ്പാണ്. തന്റെ വഴികൾ കല്ലും മുളളും നിറഞ്ഞതാണെന്നും അതിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്ന് സുരഭി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
കൂടാതെ അമ്മ തന്നെ ഗർഭിണിയായിരുന്നപ്പോൾ ഒഴിവാക്കാൻ എല്ലാ രീതിയും പരീക്ഷിച്ചിട്ടുണ്ടെന്ന് സുരഭി പറയുന്നത് നാം കേട്ടതാണ്. അമ്മയ്ക്ക് മൂന്ന് പെൺമക്കളുണ്ടായിരുന്നു. നാണക്കേട് ഓർത്തിട്ടായിരിക്കാം അമ്മ അങ്ങനെ ചെയ്‌തതെന്നായിരുന്നു സുരഭി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. സുരഭിയെ തേടി ഒരുപാട് അവാർഡുകളും അവസരങ്ങളും ഇനിയും വരും.












Click it and Unblock the Notifications