ശരത് കുമാർ ബിജെപി പാളയത്തിലേക്ക്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയില്‍ നിന്നും മത്സരിച്ചേക്കും
ചെന്നൈ: പ്രമുഖ തമിഴ് നടനും അഖിലേന്ത്യ സമത്വ മക്കൾ പാർട്ടി (എഐഎസ്എംകെ) നേതാവുമയ ശരത് കുമാർ ബി ജെ പി പാളയത്തിലേക്ക്. ശരത് കുമാറും ബി ജെ പിയും തമ്മിലുള്ള ചർച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ചർച്ചകള്‍ പൂർത്തിയായി ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലോക്സബ തിരഞ്ഞെടുപ്പില്‍ താരം എന്‍ ഡി എ കക്ഷിയായ മത്സരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
തമിഴ്‌നാട് ബി ജെ പിയുടെ മുതിർന്ന നേതാക്കൾ പറയുന്നതനുസരിച്ച് ശരത് കുമാറുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. താരം എൻ ഡി എയിൽ ചേരുകയാണെങ്കിൽ തിരുനെൽവേലി ലോക്‌സഭാ സീറ്റ് നൽകാനാണ് സാധ്യത. തിരുനെല്‍വേലിക്ക് പുറമെ കന്യാകുമാരി സീറ്റും ശരത് കുമാർ ചോദിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് വിജയസാധ്യതയുള്ള കന്യാകുമാരി സീറ്റ് വിട്ടുകൊടുക്കാന്‍ ബി ജെ പിക്ക് താല്‍പര്യമില്ല.

തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡി എം കെയിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998ൽ തിരുനെൽവേലി മണ്ഡലത്തിൽ നിന്ന് ഡി എം കെ ടിക്കറ്റിൽ ശരത് കുമാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പരാജയപ്പെട്ടെങ്കിലും ശക്തമായ മത്സരമായിരുന്നു അന്ന് താരം കാഴ്ചവെച്ചത് എ ഐ എഡി എം കെയുടെ ശക്തികേന്ദ്രത്തില്‍ ആറായിരത്തോളം വോട്ടിനായിരുന്നു ശരത് കുമാറിന്റെ പരാജയം.
2001ൽ ഡി എം കെ ശരത് കുമാറിനെ രാജ്യസഭാംഗമാക്കി. 2006-ൽ ഡി എം കെ വിട്ട ശരത് കുമാർ ഭാര്യ രാധികയ്കൊപ്പം അണ്ണാ ഡി എം കെ യിൽ ചേർന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെപേരിൽ രാധികയെ പുറത്താക്കിയതോടെയാണ് ശരത് കുമാർ 2007-ൽ സമത്വ മക്കൾ കക്ഷി ആരംഭിക്കുന്നത്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ശരത്കുമാർ എ ഐ എ ഡി എം കെ സഖ്യത്തിൽ ചേരുകയും അദ്ദേഹത്തിൻ്റെ പാർട്ടിക്ക് രണ്ട് സീറ്റ് നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ശരത്കുമാർ തെങ്കാശിയിൽ നിന്നും എ. നാരായണൻ നാങ്ങുനേരിയിൽ നിന്നും വിജയിച്ചു. ഇതേ നാരായണനെ 2016 ല്‍ ശരത്കുമാർ പാർട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ വർഷം നടന്ന നിയസമഭ തിരഞ്ഞെടുപ്പില്‍ തിരിച്ചെണ്ടൂർ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും ഡി എം കെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയോടൊപ്പമായിരുന്നു സമത്വ മക്കൾ പാർട്ടിയുടെ മത്സരം. 33 സീറ്റുകളില്‍ പാർട്ടി മത്സരിച്ചെങ്കിലും ഒരിടത്ത് പോലും വിജയിച്ചില്ല.












Click it and Unblock the Notifications