എന്തുകൊണ്ട് സ്ഥിരമായി ജുബ്ബ, അരിഭക്ഷണം ഇല്ലേയില്ല: പത്തനംതിട്ടയില്‍ വീട് എടുത്തെന്നും തോമസ് ഐസക്
പത്തനംതിട്ട: സ്ഥിരമായി ജുബ്ബ മാത്രം ധരിക്കാനുള്ള കാരണം വ്യക്തമാക്കി സി പി എം പോളിറ്റ് ബ്യൂറോ അംഗവും പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. അപ്പന്‍ സ്ഥിരമായി ജുബ്ബ ധരിക്കുന്ന ആളായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ജുബ്ബയും ഷർട്ടും മാറി മാറി ധരിക്കുമായിരുന്നു. ഷർട്ട് ഇന്‍സർട്ട് ചെയ്യാറുണ്ടായിരുന്നില്ല. കേളേജ് വിട്ട് എംഫിലിന് ചേർന്നത് മുതലാണ് പൂർണ്ണമായും ജുബ്ബയിലേക്ക് മാറുന്നതെന്നും തോമസ് ഐസക് പറയുന്നു.
മാരാരിക്കുളം തിരഞ്ഞെടുപ്പ് സമയത്ത് പാന്റും ജുബ്ബയുമായിരുന്നു വേഷം. അപ്പോഴാണ് വിഎസ് പറയുന്നത് പാന്റ് ഊരിക്കളഞ്ഞ് മുണ്ട് ഉടുക്കാന്‍. അതിന് ശേഷം വിദേശത്ത് പോകുമ്പോള്‍ മാത്രമാണ് പാന്റ് ഉടുക്കുന്നത്. നിരവധി ആളുകള്‍ ജുബ്ബ കൊണ്ടു തരാറുണ്ട്. ഈ തിരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു ഡസനിലധികം ജുബ്ബ കിട്ടിയിട്ടുണ്ട്. ചിലതൊക്കെ മറ്റ് ആളുകള്‍ക്ക് കൊടുക്കുമെന്നും ഐസക് പറയുന്നു.


പ്രധാനമന്ത്രി വന്നത് കൊണ്ടൊന്നും കേരളത്തില്‍ ബി ജെ പി രക്ഷപ്പെടില്ല. അങ്ങനെയാണെങ്കില്‍ എത്ര കാലം മുമ്പ് തന്നെ കേരളം ബി ജെ പിയുടെ പോക്കറ്റിലുണ്ടായേനെ. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏക സീറ്റ് കൂടെ പോയി. ഇത്തവണയും ബി ജെ പിയുടെ ഗ്രാഫ് താഴേക്കാണ്. ശബരിമല ടൈം ആണ് അവരുടെ പീക്ക്. അതിന് ശേഷം അവർ താഴേക്കാണ്. രണ്ട് തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടു. ഇത്തവണ അവരുടെ വോട്ട് ഷെയർ 12 ശതമാനത്തിലേക്ക് ചുരുങ്ങും.
മണ്ഡലത്തില്‍ വീട്
വിജയിച്ചാല്‍ സ്ഥിരമായി മണ്ഡലത്തില്‍ തന്നെ താമസിക്കേണ്ടി വരും. നിരവധി ആളുകള്‍ കാണാന്‍ വരും. അവർക്ക് താമസിക്കാനായി വേറെ ഹോട്ടല്‍ എടുക്കാനൊന്നും പറ്റില്ല. അങ്ങനെയാണ് വീട് വാടകയ്ക്ക് എടുത്തത്. മാരാരിക്കുള്ളത് അങ്ങനെയായിരുന്നെന്നും അദ്ദേഹം പറയുന്നു.
ഭക്ഷണം
ഭക്ഷണത്തോട് പണ്ടത്തേത് പോലുള്ള ആർത്തിയൊന്നും ഇപ്പോഴില്ല. പ്രായത്തിന്റേതാകും. പണ്ട് മീന്‍ കണ്ടാല്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പ്രമേഹം വന്നതോടെ ചോറ് തീറ്റയൊക്കെ ഉപേക്ഷിച്ചു. പുഴുങ്ങിയ പച്ചക്കറികളും മീനും മുട്ടയും ഇറച്ചിയുമൊക്കെ കഴിക്കും. അങ്ങനെ കഴിക്കുമ്പോള്‍ യൂറിക് ആസിഡ് കൂടും. അതുകൊണ്ട് ഇതൊക്കെ സ്ഥിരമായി ശ്രദ്ധിക്കണം. ഭക്ഷണകാര്യമൊക്കെ പാർട്ടി പ്രവർത്തകരാണ് നോക്കുന്നത്. അവർ ശമ്പളത്തിന് നില്‍ക്കുന്നവരൊന്നുമല്ല.












Click it and Unblock the Notifications