മമ്മൂട്ടിയെ തോല്‍പ്പിക്കാനാകുമോ പൃഥ്വിക്കും റിഷഭ് ഷെട്ടിക്കും? ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ന്
തിരുവന്തപുരം: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും മമ്മൂട്ടിയിലേക്ക്. രണ്ട് പുരസ്‌കാരങ്ങളിലേയും അവസാന പട്ടികയില്‍ മമ്മൂട്ടി ഇടം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2022 ലെ ദേശീയ പുരസ്‌കാരവും 2023 ലെ സംസ്ഥാന പുരസ്‌കാരവും ആണ് ഇന്ന് പ്രഖ്യാപിക്കുന്നത്. രണ്ടിനത്തിലും ജയിക്കാനായാല്‍ ഒരേ ദിവസം സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ താരമായി മമ്മൂട്ടി മാറും.
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉച്ചക്ക് 12 മണിക്കും 70-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം വൈകീട്ട് മൂന്ന് മണിക്കും പ്രഖ്യാപിക്കും. സംസ്ഥാന പുരസ്‌കാരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും മമ്മൂട്ടിയുടെ പ്രകടനത്തിന് ആടുജീവിതത്തിലൂടെ പൃഥ്വിരാജാണ് വെല്ലുവിളിയുയര്‍ത്തുന്നത്. പുരസ്‌കാരം നേടാനായാല്‍ മികച്ച നടനുള്ള മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരിക്കും ഇത്.

ഏറ്റവും കൂടുതല്‍ തവണ സംസ്ഥാനത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട താരം എന്ന റെക്കോഡ് അങ്ങനെ വന്നാല്‍ മമ്മൂട്ടിയുടെ പേരിലാകും. നിലവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ആറ് തവണ സംസ്ഥാനത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984, 1989, 1993, 2004, 2009, 2022 വര്‍ഷങ്ങളില്‍ ആണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ളത്. മറിച്ച് പൃഥ്വിരാജാണ് പുരസ്‌കാരം നേടുന്നതെങ്കില്‍ താരത്തിന്റെ മൂന്നാമത്തെ പുരസ്‌കാര നേട്ടമായിരിക്കുമിത്.
2006, 2012 വര്‍ഷങ്ങളില്‍ പൃഥ്വി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ഉര്‍വശിയും പാര്‍വതിയുമാണ് അവസാന റൗണ്ടില്‍. ഉള്ളൊഴുക്ക് എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും മത്സരിക്കുന്നത്. ഉര്‍വശിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്നത് എങ്കില്‍ താരത്തിന്റെ ആറാമത്തെ പുരസ്‌കാര നേട്ടമായിരിക്കും ഇത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഉര്‍വശിയാണ്. 1989, 1990, 1991, 1995, 2006 എന്നീ വര്‍ഷങ്ങളിലാണ് ഉര്‍വശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മറുവശത്ത് പാര്‍വതിയാണ് മികച്ച നടിയാകുന്നത് എങ്കില്‍ താരത്തിന്റെ മൂന്നാമത്തെ അവാര്‍ഡ് നേട്ടമായിരിക്കും ഇത്. 2015, 2017 വര്‍ഷങ്ങളിലാണ് ഇതിന് മുന്‍പ് പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, ബ്ലെസിയുടെ ആടുജീവിതം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ എന്നിവരും ജൂറി അംഗങ്ങളാണ്.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയുമാണ് അവസാന ലാപ്പില്‍ എത്തിയിരിക്കുന്നത് എന്നാണ് വിവരം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് മമ്മൂട്ടിയുടെ കരുത്ത്. കാന്താരയിലെ ഒറ്റ പ്രകടനവുമായാണ് റിഷഭ് ഷെട്ടി എത്തുന്നത്. മമ്മൂട്ടിക്ക് പുരസ്‌കാരം നേടാനായാല്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയവരില്‍ അമിതാഭ് ബച്ചനൊപ്പം ഒന്നാമത് എത്താം.
അമിതാഭ് ബച്ചന്‍ നാല് തവണ രാജ്യത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ മമ്മൂട്ടിയെ കൂടാതെ കമല്‍ ഹാസന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കും മികച്ച നടനുള്ള പുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. 1989, 1993, 1998 വര്‍ഷങ്ങളിലാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. 2013 ല്‍ സുരാജ് വെഞ്ഞാറമൂടിന് ശേഷം ആരും മലയാളത്തില്‍ നിന്ന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടില്ല.












Click it and Unblock the Notifications