'ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ മുസ്ലീമായ സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ'; പ്രചരണത്തിലെ യാഥാർത്ഥ്യം ഇതാണ്
ഡൽഹി: ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ മുസ്ലീങ്ങളാണെന്ന തരത്തിലുള്ള വ്യാജപ്രചരണം ശക്തം. അപകടത്തിന് പിന്നാലെ മുസ്ലീം സമുദായാംഗമായ സ്റ്റേഷൻ മാസ്റ്റർ ഒളിലാണെന്ന തരത്തിലാണ് വ്യാജ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.
അപകട സമയത്ത് മുഹമ്മദ് ഷരീഫ് എന്നയാളാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും ഇയാൾ ഒളിവിലാണെന്നുമാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ പ്രചരണം നടക്കുന്നത്. 'മുഹമ്മദ് ഷെരീഫ് എന്ന് പേരുള്ള സ്റ്റേഷൻ മാസ്റ്റർ അപകടം നടന്നതിന് പിന്നാലെ ഒളിവിലാണ്. അപകടത്തിന്റെ കാരണം എന്താണെന്നുള്ള വിവരങ്ങൾ പുറത്തുവന്ന് തുടങ്ങുന്നുണ്ട്', എന്നാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഇത് വെറും വ്യാജപ്രചരണമാണെന്നാണ് 'ഇന്ത്യാ ടുഡെ ഫാക്ട് ചെക്ക്' റിപ്പോർട്ടിൽ പറയുന്നത്. അപകടം നടന്ന സമയത്ത് എസ്ബി മോഹന്തി എന്ന ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എസ്കെ പാട്നായിക് ആണ് ഇവിടുത്തെ സ്റ്റേഷൻ മാനേജർ. മോഹന്തിയെ കൂടാതെ പികെ പാണ്ഡെ, ജെ കെ നായക് എന്നീ സ്റ്റേഷൻ സൂപ്രണ്ടുമാരും അന്നേ ദിവസം ജോലിയിൽ ഉണ്ടായിരുന്നു. മാത്രമല്ല അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള ബഹനാഗ ബസാർ സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അപകടവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താനായി എസ്ബി മൊഹന്തിയെ ഖുർദ റോഡ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റിയതായി സ്റ്റേഷൻ മാനേജരായ പാട്നായിക് പറഞ്ഞു. അന്വേഷണത്തിന് ശേഷം എല്ലാം വ്യക്തമാകുമെന്നും അപകടത്തിൽ മൊഹന്തി തെറ്റുകാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായും 'ഇന്ത്യ ടുഡെ' റിപ്പോർട്ട് ചെയ്തു.
ജൂൺ 2 ന് രാത്രി ഏഴ് മണിയോടെയായിരുന്നു ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പൂർ-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയായിരുന്നു അപകടത്തിൽ പെട്ടത്.

Fact Check
വാദം
Muslim station Officer Went missing after odisha train accident
നിജസ്ഥിതി
No Muslim Officer working at the Bahanaga Bazar station.












Click it and Unblock the Notifications