കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മറുനാടന്‍ മലയാളിയല്ല

  • By Staff
Google Oneindia Malayalam News

കേരളത്തില്‍ വന്ന് കര്‍ണാടകത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. സാമൂഹ്യസേവന രംഗത്ത് രണ്ട് സംസ്ഥാനങ്ങളിലെ യും പ്രവര്‍ത്തനങ്ങളെ ഒരുമിച്ചു കൊണ്ടുപോകണമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ മറുനാടന്‍ മലയാളി എന്ന് വിളിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.---എലിസബത്ത് പറയുന്നു. ആരോഗ്യ സാമൂഹ്യസേവന രംഗത്തെ പ്രവര്‍ത്തനത്തിനാണ് എലിസബത്തിന് അവാര്‍ഡ് ലഭിച്ചത്.

ബാംഗ്ലൂര്‍ ലേക്ക് സൈഡ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്നോളജിയില്‍ എക്സിക്യൂട്ടിവ് പ്രിന്‍സിപ്പലായ എലിസബത്ത് എടത്വാ കാട്ടുംഭാഗം പി.സി.ചെറിയാന്റെയും സൂസി ചെറിയാന്റെയും മകളാണ്.

കര്‍ണാടകം നല്‍കിയ സ്നേഹത്തിനും അംഗീകാരത്തിനും ജന്മം മുഴുവന്‍ തീര്‍ത്താലും തീരാത്ത കടപ്പാടുണ്ടെന്ന് എലിസബത്ത് പറഞ്ഞു. കന്നട എന്റെ രണ്ടാം മാതൃഭാഷയാണ്. കര്‍ണാടകക്കാരിയായി അറിയപ്പെടുന്നതില്‍ എനിക്ക് അഭിമാനമേയുള്ളു. എലിസബത്ത് പറഞ്ഞു.

എന്റെ പ്രവര്‍ത്തനങ്ങളെ കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചതില്‍ നന്ദിയുണ്ട്. ഞാന്‍ മറുനാട്ടുകാരിയാണെന്ന ഒരു വിവേചനവും കാണിക്കാതെ എന്റെ കഴിവുകളെ എന്നും ഇവിടെയുള്ളവര്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് .- എലിസബത്ത് വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പുകവലിക്കും മയക്കുമരുന്ന് ദുരുപയോഗത്തിനുമെതിരെ ശക്തമായ പ്രവര്‍ത്തനങ്ങളും പഠനങ്ങളും നടത്തിയ എലിസബത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. 14 മുതല്‍ 16 വയസ് വരെ പ്രായമുള്ള 500 കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നത് ഇതില്‍ 68 ശതമാനം പേരും പുകവലി പരീക്ഷിച്ചവരാണെന്നാണ്.

പുകവലിക്ക് അടിമയാവുന്നവര്‍ ഈ പ്രായത്തിലാണ് അത് ശീലിച്ച് തുടങ്ങുന്നത്. അത് കൊണ്ട് ഈ പ്രായത്തിലുള്ള കുട്ടികളെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. സിഗരറ്റ് കൗമാരപ്രായക്കാരുടെ വേഷവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ബോധവല്‍ക്കരണത്തിനോടൊന്നും അവര്‍ക്ക് യാതൊരു താല്‍പര്യവുമില്ല. പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങളോട് പരമപുച്ഛവും-എലിസബത്ത് പറയുന്നു.

പരിസ്ഥിതി സംരക്ഷണത്തിലും എലിസബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തുന്നു. വായു മലിനീകരണം ഏറ്റവും കൂടിയ തോതിലുള്ള ബാംഗ്ലൂര്‍ നഗരത്തില്‍ ട്രാഫിക് പൊലീസുകാരാണ് ഇതിന്റെ ഇരകളാവുന്നതെന്ന് എലിസബത്ത് ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കായി എല്ലാ വര്‍ഷവും സൗജന്യ പരിശോധനയും എലിസബത്ത് സംഘടിപ്പിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ ആറ് വരെ ബാംഗ്ലൂരില്‍ നടക്കുന്ന രണ്ടാം അന്താരാഷ്ട്ര ആരോഗ്യ പരിസ്ഥിതി സമ്മേളനത്തിന്റെ മുഖ്യസംഘാടകയാണ് എലിസബത്ത്.

ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ നഴ്സിംഗ് പാസായ എലിസബത്തിനെ തേടി ആദ്യമായല്ല അവാര്‍ഡ് എത്തുന്നത്. 1997ല്‍ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്കുള്ള അവാര്‍ഡ് എലിസബത്തിനായിരുന്നു. ബാംഗ്ലൂര്‍ ടീച്ചേഴ്സ് ഫോറമാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്ന എലിസബത്ത് തിരക്കിനിടയിലും കവിതകളും കഥകളും എഴുതുവാന്‍ സമയം കണ്ടെത്തുന്നു. എലിസബത്തിന്റെ കവിതകളില്‍ കൂടുതലും കടന്നുവരുന്നത് സ്തീകളുടെ ലോകമാണ്.

സ്ത്രീക്കും പുരുഷനും അഭിമാനിക്കാവുന്ന ഗുണങ്ങള്‍ നല്‍കിയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീക്ക് അവളുടേതായ ഗുണങ്ങളുണ്ട്. അത് ഒരിക്കലും ഒരു കുറവല്ല. സ്ത്രീയെന്ന നിലയില്‍ ഇതുവരെ എവിടെയും എനിക്ക് അവഗണനയുണ്ടായിട്ടില്ല. എലിസബത്തിന്റെ 45 കവിതകളുടെ ഒരു സമാഹാരം ഡിസംബറില്‍ പ്രകാശനം ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X