കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസേ വിട!!!

  • By Staff
Google Oneindia Malayalam News

തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ രാഷ്ട്രങ്ങളും യുഎസിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്നതായി ഡെന്‍വര്‍ പോസ്റ് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെയും ചൈനയിലെയും വളര്‍ച്ചയുടെ ഒരു പ്രധാനകാരണം യുഎസില്‍ നിന്നുള്ള കമ്പനികള്‍ അവരുടെ ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതില്‍ നിന്നുള്ളതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ നില്ക്കുന്നതിനാല്‍ ഇന്ത്യയ്ക്കാണ് യുഎസില്‍ നിന്നുള്ള ഈ അവസരങ്ങളില്‍ കൂടുതലും വന്ന് ചേരുന്നത്. കസ്റമര്‍ സപ്പോര്‍ട്ട് കാള്‍ സെന്റര്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് സെന്റര്‍, സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് സെന്റര്‍ എന്നിവ വിദേശകമ്പനികള്‍ കൂടുതലായും സ്ഥാപിയ്ക്കുന്നത് ഇന്ത്യയിലാണ്.

ഇന്ത്യയിലേക്ക് ഒട്ടേറെ ആളുകള്‍ മടങ്ങിപ്പോകുന്നതായി തനിക്ക് അറിയാമെന്ന് യുഎസില്‍ അഭിഭാഷകനായി ജോലിചെയ്യുന്ന സഫര്‍ ഖാന്‍ പറയുന്നു. യുഎസിലെ ചൈനക്കാര്‍ ഇതുപോലെ ചൈനയിലേക്കും കൂടുതലായി മടങ്ങിപ്പോകുന്നതായി ചൈനക്കാരനായ വ്യവസായി ഹായ് യാന്‍ സംഗ് പറയുന്നു.

ഇതുപോലെ കൂട്ടത്തോടെ ഏഷ്യക്കാര്‍ മടങ്ങിപ്പോകുന്നത് യുഎസിന് തിരിച്ചടിയാകുമെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും മിടുക്കരായ ആളുകളുടെ സേവനമാണ് ഇത് വഴി അമേരിക്കയ്ക്ക് നഷ്ടപ്പെടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

അതേ സമയം യുഎസില്‍ ആളുകളുടെ കണ്ണുകളിലെ സന്തോഷം കുറഞ്ഞുവരുന്നതായി കാണുന്നുവെന്നും ചൈനക്കാരനായ വ്യവസായി സംഗ് പറയുന്നു. യുഎസിലെ കമ്പനികള്‍ ചെലവുകുറഞ്ഞ തൊഴില്‍ സേവനം ലഭിയ്ക്കുന്ന ഇടങ്ങളിലേക്ക് അവരുടെ ബിസിനസ് പറിച്ചുനടുകയാണ്. മറ്റു കമ്പനികളില്‍ നിന്നുള്ള മത്സരത്തില്‍ നിന്നും പിടിച്ചുനില്ക്കാന്‍ ഇതേ വഴിയുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ഇതുവഴി യുഎസിലുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുകയാണ്.

യുഎസില്‍ ജോലി ചെയ്ത് പരിചയമുള്ള ഇന്ത്യക്കാര്‍ക്ക് യുഎസ് കമ്പനികള്‍ക്ക് സേവനം നല്കുന്ന കമ്പനികള്‍ സ്ഥാപിയ്ക്കല്‍ എളുപ്പമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ റിച്ച് വോബെകിന്റ് പറയുന്നു. ഇന്ത്യയിലും ചൈനയിലും എല്ലാം സാമ്പത്തികരംഗം ഉണരുന്നതനുസരിച്ച് കഴിവുള്ള ആളുകളെ ഇന്ത്യയ്ക്കും ചൈനയ്ക്കും ആവശ്യമായി വരികയാണ്. ഈ വിടവ് നികത്താനും കുറെപ്പേര്‍ യുഎസില്‍ നിന്നും ഏഷ്യയിലേക്ക് മടങ്ങുന്നുണ്ടെന്നാണ് ഡെന്‍വര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ബഹ്മാന്‍ പോള്‍ എബ്രാഹിമി പറയുന്നത്. മാത്രമല്ല, വിദേശികളെ അമേരിക്കയിലുള്ള തൊഴിലില്ലാത്തവര്‍ വെറുപ്പോടെ നോക്കുന്ന സ്ഥിതിവിശേഷം കൂടുതലായി കണ്ട് വരുന്നതും പലരെയും യുഎസ് വിടാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ടെന്ന് ബഹ്മാന്‍ പോള്‍ എബ്രാഹിമി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X