കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പാദ്യശീലവുമായി ഗള്‍ഫ് മലയാളികള്‍

  • By Staff
Google Oneindia Malayalam News

വരുമാനത്തിന്റെ ഏറിയ പങ്കും ചെലവിടുന്നതാണ് ഗള്‍ഫ്മലയാളികളില്‍ ഭൂരിഭാഗത്തിന്റെയും സവിശേഷതയെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗള്‍ഫ് മലയാളികളുടെ ഈ ശീലത്തില്‍ പതുക്കെ മാറ്റം വരികയാണെന്ന് വ്യക്തമാക്കുന്നതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പെരുകിവരുന്ന ചെറുകിട സേവിംഗ്സ് ഗ്രൂപ്പുകള്‍.

ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചെറുകിട ഗ്രൂപ്പുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ സാധാരണം. പ്രതികൂല കാലാവസ്ഥകളോട് പോരടിച്ചുണ്ടാക്കുന്ന വരുമാനം ഫലപ്രദമായ സമ്പാദ്യങ്ങളായി മാറ്റുന്നതിനുള്ള പ്രാദേശിക സേവിംഗ്സ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ പുതിയ പ്രതിഭാസമാണ്.

വലിയ വീടുകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ക്കും മറ്റ് സുഖസൗകര്യങ്ങള്‍ക്കുമായി ചെലവിടുന്നതിന് പകരം വരുമാനത്തിന്റെ വലിയൊരു പങ്കും ഉപകാരപ്രദമായ സമ്പാദ്യമാക്കി മാറ്റുന്ന പുതിയൊരു ശീലം ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വളര്‍ത്താന്‍ ഒരു പരിധി വരെ ഈ പ്രാദേശിക കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ട്. ഈ സംഘങ്ങളില്‍ അംഗങ്ങളാകുന്നവര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ട്. ഈ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന പണം സമ്പാദ്യ പദ്ധതികളിലും സംരഭങ്ങളിലുമായി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. പലപ്പോഴും ഈ സംഘങ്ങളിലെ അംഗങ്ങള്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഒരേ ഗ്രാമത്തില്‍ നിന്ന് വരുന്നവരോ ആണെന്നതാണ് കൗതുകകരമായ സവിശേഷത.

ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്ത പ്രവാസി ക്ഷേമ സംഘടനയുടെ ചില ചര്‍ച്ചാ പരിപാടികളാണ് പ്രധാനമായും ഗള്‍ഫിലെ ഇത്തരം ഗ്രൂപ്പുകള്‍ മുളപൊട്ടുന്നതിന് പ്രചോദനമായത്. ഇടത്തരം-ചെറുകിട വരുമാനക്കാരായ10,100 ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയപ്പോള്‍ രണ്ട് ശതമാനം മാത്രമാണ് സമ്പാദ്യമുള്ളവരെന്ന് വെളിപ്പെട്ടതായി പ്രവാസി ക്ഷേമ സംഘടന വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിലെ പരിപാടികളിലൂടെയും ചെറുകിട കൂട്ടായ്മകളിലൂടെയും സംഘടനയുടെ ചെയര്‍മാനായ കെ. വി. ഷംസുദ്ദീന്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ഗള്‍ഫിലെ ചെറിയ വരുമാനക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്താറുണ്ട്.

ഗള്‍ഫ് നാടുകളിലെ മലയാളികള്‍ ദിവസ വരുമാനത്തില്‍ നിന്നായുള്ള ഏകദേശം 100 കോടി രൂപയില്‍ നിന്ന് 60 ശതമാനവും കേരളത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2004 മാര്‍ച്ച് അവസാനത്തില്‍ കേരളത്തിലെ ബാങ്കുകളിലായുള്ള എന്‍ആര്‍ഐ നിക്ഷേപം 30,100 കോടിയാണ്. വിദേശ മലയാളികള്‍ വരുമാനത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് സമ്പാദിക്കുന്നതെന്നും ബാക്കി തുക ചെലവിടുകയാണെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായി ഷംസുദ്ദീന്‍ പറയുന്നു.

ഭാവിയിലേക്കായി സമ്പാദിക്കുന്നതിനായി ഗള്‍ഫിലെ തൊഴിലാളികള്‍ക്കിടയില്‍ സ്ഥിരമായി ക്ലാസുകള്‍ നടത്താറുണ്ടെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. സമ്പാദ്യശീലം വളര്‍ത്തുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വിവിധ സംഘടനകളും വിദേശമലയാളി കുടുംബങ്ങളും ഇപ്പോള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ ഇപ്പോള്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎഇയിലെ നൂറോളം സ്വര്‍ണപ്പണിക്കാര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്ന് അജ്മനിലെ ഒരു സ്വര്‍ണപ്പണിക്കാരനായ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും മാസത്തില്‍ 50 ദിര്‍ഹം വീതം സംഭാവന ചെയ്യാറുണ്ട്. ഇതുവരെയായി ഗ്രൂപ്പ് ഒര ലക്ഷം ദിര്‍ഹം ശേഖരിച്ചിട്ടുണ്ട്. ഇത് പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

അംഗങ്ങള്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുന്ന കട തുടങ്ങുന്നതിനായി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇടനിലക്കാരനെ ഒഴിവാക്കി ജ്വല്ലറികള്‍ക്ക് നേരിട്ട് സ്വര്‍ണം വിതരണം ചെയ്യാനാണ് പദ്ധതി.

യുഎഇയില്‍ ജോലി ചെയ്യുന്ന നൂറോളം പേരുടെ മറ്റൊരു സംഘത്തില്‍ മിക്ക അംഗങ്ങളും ഗുരുവായൂര്‍-ചാവക്കാട് മേഖലയില്‍ നിന്നുള്ളവരാണ്. സംഘം രണ്ട് ലക്ഷം രൂപ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച് ഒരു യുഎഇ കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും നല്ല വരുമാനം അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് സംഘത്തിലെ അംഗമായ അബുദാബിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന എ. സി. ഹമീദ് പറഞ്ഞു.

പുതിയ സമ്പാദ്യ സംഘങ്ങള്‍ ഓരോ ആഴ്ചയിലും രൂപപ്പെടുന്നുണ്ട്. വിദേശമലയാളികള്‍ക്കിടയില്‍ തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ധാരണ വളര്‍ന്നിരിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും ഐഎംഎഫില്‍ നിന്നും ഉയര്‍ന്ന പലിശക്ക് വായ്പയെടുക്കുന്നതിന് പകരം വിദേശ ഇന്ത്യക്കാരില്‍ നിന്നും ഫണ്ട് ശേഖരിക്കുന്ന പുതിയൊരു സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസി ട്രസ്റ് പോലുള്ള സര്‍ക്കാര്‍ സംഘടനകള്‍ നിര്‍ദേശിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X