ആടുജീവിതം വിവാദമാകുന്നു

  • By: അഭിരാം
Subscribe to Oneindia Malayalam

പുത്തന്‍ ദൃശ്യമാധ്യമസംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ വായന മരിക്കുകയാണ് എന്ന മട്ടില്‍ മുറവിളികള്‍ ഉയരുന്നതിനിടെയാണ് പ്രത്യാശയുടെ ഒലിവിലയായി ആട് ജീവിതം പുറത്തുവന്നത്. മേദസ്സുമുറ്റി അത്യാഡംഭരം നിറഞ്ഞ പ്രവാസകാഴ്ചകള്‍ക്കപ്പുറത്ത് ജീവിതത്തിന്റെ പച്ചകിനിയുന്ന പുസ്തകം വായനാസമൂഹം ആവേശപൂര്‍വം നെഞ്ചേറ്റി. വായനയുടെ വസന്തം മാത്രമായിരുന്നില്ല അത്. മലയാളപുസ്തകങ്ങളുടെ വില്‍പ്പനയുടെ ചരിത്രംവരെ അത് തിരുത്തിയെഴുതി. അതിവേഗം 50ാം പതിപ്പിലെത്തി, ഒപ്പം കന്നഡ, തമിഴ്, ഇംഗ്ലീഷ് മൊഴിമാറ്റങ്ങളുണ്ടായി.

Benyamin

ആദ്യപേജ് കടന്ന് നോവലിലേക്ക് കൂപ്പുകുത്തുന്ന വായനക്കാരന്‍ ഒരുള്‍ക്കിടിലത്തോടെ മാത്രമേ അവസാനപേജുകളിലേക്ക് എത്തുകയുള്ളൂ. ആ വിധത്തിലുള്ള രചനയുടെ ഇന്ദ്രജാലമാണ് ആടുജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നത്. ഈ സാഹിത്യവിജയത്തെ നെഞ്ചേറ്റിയ വായനാസമൂഹമാണ് ഏറെയെങ്കിലും തെല്ലുകുശുമ്പോടെ അതിന്റെ വിപണി വിജയത്തെ നോക്കി നിന്നവരുണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ ബെന്യാമിന് ലഭിക്കുന്ന സ്വീകാര്യതയില്‍ അസ്വസ്ഥരായവരുണ്ട്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ആടുജീവിതത്തിന് നേരെ അമ്പുതൊടുക്കാന്‍ നോക്കിയതും അതെല്ലാം പാതിവഴിയില്‍ പാളി വീണതും ചരിത്രം.

ആടുജീവിതത്തിനെതിരേ ഏറ്റവുമൊടുവില്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത് പ്രമുഖ എഴുത്തുകാരനും പുരോഗമനകലാസാഹിത്യസംഘത്തിന്റെ സംസ്ഥാന നേതാവുമായ അശോകന്‍ ചെരുവിലാണ്. ആടുജന്മം ഒരു നോവലേ അല്ല എന്നും പ്രശസ്തരുടെ അനുഭവജീവിതം പകര്‍ത്തിയ പല കൃതികളേക്കാള്‍ കുറഞ്ഞനിലവാരമാണ് ആടുജീവിതത്തിനുള്ളതെന്നുമാണ് അശോകന്‍ ചെരുവിലിന്റെ കണ്ടെത്തല്‍. എഴുത്തിന്റെ രീതിയെ കുറിച്ചും പുസ്തകത്തെ കുറിച്ചും ഭിന്നാഭിപ്രായം പറയാന്‍ ഏതുവ്യക്തിക്കും സ്വാതന്ത്രമുണ്ട്. പക്ഷേ, മലയാളസാഹിത്യ ചരിത്രത്തില്‍ സ്വന്തമായ ഒരിടം നേടിയ കൃതിയെ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവ് തന്നെ തള്ളിപറഞ്ഞതില്‍ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. പുരോഗമനസാഹിത്യസംഘത്തിന്റെ നിലപാടിനെതിരേ പുകസ പ്രവര്‍ത്തകര്‍തന്നെ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

ആടുജീവിതം കൈവരിച്ച പ്രശസ്തിയും പ്രചാരവും ചില വ്യക്തികളെയെങ്കിലും അലോസരപ്പെടുത്തിയെന്നതാണ് സത്യം. പ്രശസ്തരുടെ ജീവിതം പകര്‍ത്തിയ താഹ മാടായിയുടെ കൃതിയേക്കാളും കുറഞ്ഞ നിലവാരമേ ആടുജീവിതത്തിനുള്ളൂവെന്നാണ് അശോകന്‍ ചരിവില്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വൈലോപ്പിള്ളി ശ്രീധരമേനോന്‍, എംകെ സാനു, എംഎന്‍ വിജയന്‍, കടമ്മനിട്ട തുടങ്ങിയ മഹാരഥന്മാര്‍ നയിച്ച ഒരു പ്രസ്ഥാനത്തിന്റെ നേതാവായി നിന്നാണ് അശോകന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നത് കൗതുകകരമാണ്-ഗ്രീന്‍ബുക്‌സ് മാനേജിങ് എഡിറ്റര്‍ കൃഷ്ണദാസിന്റെ പ്രതികരണം ഇതായിരുന്നു.

English summary
Writer Ashokan Cheruvil attacks against malayalam novel Aadujeevitham, which was selected for the Kerala Literary Academy Award in 2009.
Please Wait while comments are loading...