ധര്‍മാശുപത്രിക്കായി നീക്കിവെച്ചത് ഒരു പെണ്‍ജീവിതം

സുമനസ്സുകളുടെ കാരുണ്യത്താലാണ് ഈ ധര്‍മാശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് സുഭാഷിണി മിസ്ത്രി പറഞ്ഞു. പാവപ്പെട്ടവരില്‍നിന്ന് നയാപ്പൈസ വാങ്ങാതെയാണ് അതിന്റെ പ്രവര്‍ത്തനം. ചികിത്സ കിട്ടാതെ മരിച്ച ഭര്‍ത്താവിന്റെ അസാന്നിധ്യം തീര്‍ത്ത സങ്കടക്കടലിലായിരുന്നു ദുരിതജീവിതം. പട്ടിണി കിടക്കുമ്പോഴും എല്ലുമുറിയെ പണിയെടുത്തു. 23 വയസ്സിനുള്ളില്‍ നാല് മക്കളുടെ അമ്മയായതിനൊപ്പം ഭര്‍ത്താവുകൂടി ഇല്ലാതായതിന്റെ ദുരിതം പറയേണ്ടല്‌ളോ. മൂത്തയാള്‍ക്ക് നാലര വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവിന്റെ മരണം. ഇളയ മകള്‍ക്ക് ഒന്നര വയസ്സും.
നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരുപാട് നഷ്ടങ്ങളുമുണ്ടാകുമെന്ന തിരിച്ചറിവ് ആ അമ്മ പങ്കുവെച്ചു. മക്കളെ പോറ്റാനാവാത്തതിന്റെ ദുരിതം വിവരിച്ചു. രണ്ടുപേരെ അനാഥാലയത്തില്‍ തള്ളേണ്ടിവന്ന അമ്മയുടെ ദു:ഖം ഇപ്പോഴും ആ മുഖത്ത് കണ്ണീര്‍ ചാലുകള്‍ വീഴ്ത്തുന്നു. മക്കളെ പഠിപ്പിച്ച് വലിയവരാക്കണമെന്ന ചിന്ത മനസ്സിലെത്തെുമ്പോള്‍ തളര്‍ച്ച ശരീരത്തെ ബാധിക്കാറേയില്ല. രാവേറുവോളം പണിയെടുക്കും. പിന്നെ പുലര്‍ച്ചെ മുതല്‍ വീണ്ടും തുടങ്ങും. എല്ല് മുറിയെ പണിയെടുത്താല്‍ പല്ല് മുറിയെ തിന്നാമെന്ന് ചെറുപ്പത്തില്‍ പറഞ്ഞുപഠിപ്പിച്ച മാതാപിതാക്കളെ ഓര്‍ക്കും. അപ്പോഴും പട്ടിണിയാകും രാക്കൂട്ട്. അന്ന് പള്ളിക്കൂടത്തില്‍ പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആരാന്റെ അടുക്കളയില്‍ ജീവിതം തള്ളിനീക്കേണ്ടി വരില്ലായിരുന്നല്ലോ എന്ന് പരിതപിക്കും. പഠിക്കണമെന്ന് പറയാന്‍ പോയിട്ട് 'പ'എന്ന് ഉച്ചരിക്കാന്‍പോലും പെണ്‍മക്കള്‍ക്ക് പറ്റാത്ത കാലമായിരുന്നത് ഏഴ് പതിറ്റാണ്ടുമുന്നത്തെ സ്ത്രീകളുടെ അവസ്ഥയിലേക്ക് വെളിച്ചംവീശി സുഭാഷിണിയുടെ വാക്കുകള്‍.
മക്കളെയെങ്കിലും പഠിപ്പിക്കണമെന്നായി മോഹം. അതിനുവേണ്ടിയാണ് അയല്‍വീടുകളിലെ അടുക്കളപ്പണിക്ക് പോയിത്തുടങ്ങിയത്. രണ്ടുപേരെ അനാഥാലയത്തിലയച്ചതിനാല്‍ അവരുടെ പഠനവും മറ്റ് കാര്യങ്ങളും ആ വഴിക്ക് നടന്നു. മറ്റ് രണ്ടുപേരുടെ ചുമതലയായി പിന്നെ എന്റെ ചുമലില്‍. മോതിരക്കൈ മുരടിച്ചപ്പോഴും മോഹങ്ങള്‍ മരിക്കാതെ കാത്തു. അടുക്കളപ്പണിയില്‍നിന്നുള്ള വരുമാനം ആഗ്രഹം നടക്കാന്‍ തികയില്ലെന്ന തിരിച്ചറിവ് അധ്വാനം വേണ്ട തൊഴിലുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. കൂടുതല്‍ പ്രതിഫലം കിട്ടണമെന്നായിരുന്നു അന്നത്തെ മോഹം. അതിനുവേണ്ടി ഇഷ്ടിക പടുക്കാന്‍ പോയി. സഹായികളായി മക്കളുമത്തെി. മൂന്ന് പതിറ്റാണ്ടെടുത്തു മോഹം പൂവണിയാന്‍. ഇക്കാലംകൊണ്ട് പുത്രന്‍മാരിലൊരാളെ പഠിപ്പിച്ച് ഡോക്ടറാക്കാനായെന്ന് പറയുമ്പോള്‍ ആ അമ്മയുടെ കണ്ണില്‍ ആനന്ദാശ്രു തിളങ്ങി.
കിട്ടുന്നതെല്ലാം സ്വരുക്കൂട്ടി വെച്ചാണ് ഈ ഇരുനിലക്കെട്ടിടം പടുത്തുയര്‍ത്തിയത് ആശുപത്രിയെ ചൂണ്ടി സുഭാഷിണി കൂട്ടിച്ചേര്‍ത്തു. സ്ഥലം വില്‍ക്കാനുണ്ടെന്നറിഞ്ഞ് സ്ഥലത്തെ ഭൂപ്രഭുവിനെ നേരില്‍ക്കണ്ടു. ആഗ്രഹം അറിയിച്ചപ്പോള്‍ കുറഞ്ഞ വിലക്ക് മുക്കാല്‍ ഏക്കര്‍ ഭൂമി നല്‍കി. അവിടെയാണ് ആശുപത്രി പണിതത്. അതിന്റെ തറക്കല്ലിടാന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍തന്നെയത്തെി. സമ്പത്തല്ല, നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമാണ് ഒരാള്‍ ആരാകണമെന്ന് നിശ്ചയിക്കുന്നതെന്നാണ് തന്റെ കണ്ടത്തെലെന്ന് ആ അമ്മ പറയുന്നു. ഈ നിശ്ചയദാര്‍ഢ്യത്തിന് 2009ലെ ഗോഡ്‌ഫ്രെ ഫിലിപ്‌സ് ബ്രേവറി അവാര്‍ഡ് നല്‍കിയാണ് അവരെ ആദരിച്ചത്. ഇന്ന് ഡോക്ടര്‍മാരെ കിട്ടാനില്ലാത്തതാണ് തങ്ങള്‍ നേരിടുന്ന പ്രശ്‌നം. ആതുരസേവനം ധര്‍മമായി കരുതുന്നവരാണ് ഇവിടെ ചികിത്സകരായത്തെുന്നത്. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിന്റെ പണി പാതിയിലാണ്. അതുകൂടി പൂര്‍ത്തിയാക്കണം. പുതിയ സ്വപ്നങ്ങള്‍ കാണുകയാണ് ഈ അമ്മ. അവര്‍ക്കറിയാം ഇന്നല്ലെങ്കില്‍ നാളെ അത് പൂവണിയുമെന്ന്.












Click it and Unblock the Notifications