• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണി മരിച്ചപ്പോള്‍ പ്രതീക്ഷ മങ്ങി വണ്ടൂര്‍... ലീഗ്-കോണ്‍ഗ്രസ് പോര് ഇടതിനെ തുണയ്ക്കുമോ?

  • By desk

ലീഗും കോണ്‍ഗ്രസും പരസ്പരം പോരടിക്കുന്ന വണ്ടൂര്‍ തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എല്‍ഡിഎഫ്. ഇതിന്റെ ഭാഗമായി സംവരണ മണ്ഡലമായ വണ്ടൂരില്‍ നടന്‍ കലാഭവന്‍ മണിയെവരെ മത്സരിപ്പിക്കാനും നീക്കം നടന്നിരുന്നു. വണ്ടൂരില്‍ മത്സരിക്കാന്‍ മണി ഏതാണ്ടു സമ്മതിച്ചിരുന്നതായി സിപിഎം വണ്ടൂര്‍ ഏരിയാ സെക്രട്ടറി പി രാധാകൃഷ്ണന്‍ പറയുന്നു. ഇതിനിടയിലാണു മണിയുടെ വിയോഗം.

കലാഭവന്‍ മണിയെപ്പോലെ ജനപ്രിയനായ ഒരാള്‍ മത്സരിച്ചാല്‍, ഭിന്നിച്ചുനില്‍ക്കുന്ന ലീഗിലെയും കോണ്‍ഗ്രസിലെയും വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്തായാലും ജനപ്രിയനായ ഒരു സ്ഥാനാര്‍ഥിയെയാണേ വണ്ടൂരിലേക്ക് സിപിഎം പരിഗണിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28,912 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മന്ത്രി എപി അനില്‍കുമാര്‍ വണ്ടൂരില്‍ വിജയിച്ചത്. എന്നാല്‍ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ പോരാണ്. ഇത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും.

ഒരിക്കല്‍ കൈവിട്ടതൊഴിച്ചാല്‍ രൂപം കൊണ്ട കാലം മുതല്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് വണ്ടൂര്‍. സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എപി അനില്‍കുമാറിന്റെ വ്യക്തിപ്രഭാവവും വികസനനേട്ടങ്ങളും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. യുഡിഎഫിലെ അനൈക്യം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് പോര് കാരണം കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തിലെ ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ അഞ്ചിലും ഇടതുപക്ഷത്തിനായിരുന്നു ഭരണം. യുഡിഎഫ് കോട്ടകളായിരുന്ന കാളികാവ്, ചോക്കാട്, പോരൂര്‍ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാനമത്സരം. പ്രശ്‌നപരിഹാരത്തിന് മന്ത്രി താത്പര്യമെടുക്കുന്നില്ലെന്ന ആക്ഷേപം ലീഗില്‍ ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാമെന്ന വെല്ലുവിളിയാണ് അന്ന് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

എന്നാല്‍ അടുത്തിടെ നടന്ന ഐക്യചര്‍ച്ചകള്‍ ഫലം ചെയ്യുമെന്ന പ്രത്യാശയിലാണ് യുഡിഎഫ് നേതൃത്വം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഐക്യചര്‍ച്ചകള്‍ ഫലം കാണുന്ന സാഹചര്യത്തില്‍ വണ്ടൂരിലും മറിച്ചൊന്നുമുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.

ബിജെപിക്കും മണ്ഡലത്തില്‍ വലിയപ്രതീക്ഷകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10571 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി രശ്മിനാഥിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ടാവും.

വണ്ടൂര്‍, പോരൂര്‍, തുവ്വൂര്‍, കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട്, മമ്പാട്, തിരുവാലി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വണ്ടൂര്‍ മണ്ഡലം. വണ്ടൂരും മമ്പാടും കരുവാരക്കുണ്ടുമൊഴികെയുളള മുഴുവന്‍ പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പമാണ്. കോണ്‍ഗ്രസ് -ലീഗ് പ്രശ്‌നം ജില്ലയില്‍ ഏറെ ബാധിച്ചതും വണ്ടൂരിനെയാണ്.

മലയോരമേഖലയായ വണ്ടൂരില്‍ ആദിവാസി വിഭാഗങ്ങളും കുടിയേറ്റ കര്‍ഷകരും നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഇവിടെ ചൂടേറിയ ചര്‍ച്ചയാവും. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ശല്യവുമെല്ലാം തിരഞ്ഞെടുപ്പ് രംഗത്ത് ചൂടന്‍ ചര്‍ച്ചയാകും. റബ്ബറിന്റെ വിലത്തകര്‍ച്ചയും ചര്‍ച്ചയാകും.

1977ല്‍ രൂപവത്കൃതമായ മണ്ഡലത്തില്‍ ചെങ്കൊടി പാറിയത് ഒറ്റത്തവണ മാത്രം. 1995ല്‍ എന്‍ കണ്ണനാണ് ഇടതുപക്ഷത്ത് നിന്ന് ജയിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തില്‍ നേരെത്തെയുണ്ടായിരുന്ന എടവണ്ണ, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകള്‍ വിട്ടുപോവുകയും നേരത്തെ നിലമ്പൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

2011ലെ വോട്ടിംഗ് നില

എപി അനികുമാര്‍ (കോണ്‍ഗ്രസ്):77580

വി രമേശന്‍ (സിപിഎം):48661

കോതേരി അയ്യപ്പന്‍ (ബിജെപി): 2885

കൃഷ്ണന്‍ എരഞ്ഞിക്കല്‍ (സ്വതന്ത്രന്‍): 953

ടിസി തെയ്യന്‍ (സ്വതന്ത്രന്‍): 849

English summary
Assembly Election 2016: CPM lost expectations at Wandoor after Kalabhavan Mani's death?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X