യുഡിഎഫിന്റെ ഉറച്ച കോട്ട... മെട്രോ കയറാന്‍ ഇത്തവണ ആര്‍ക്ക് യോഗം? അട്ടിമറികള്‍ മറക്കാത്ത എറണാകുളം

ഒരുപാട് കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണ് എറണാകുളത്തിന്റേത്. പഴയ ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണമൊക്കെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണ്. ഇന്ന് നമ്മള്‍ പരിശോധിക്കുന്നത് ആ എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ വിശേഷങ്ങളാണ്.
കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ ഏറെ നടന്ന നാടാണെങ്കിലും ലോക്‌സഭ മണ്ഡലം എന്ന നിലയില്‍ ഇടതുമുന്നണിയ്ക്ക് അത്രയ്ക്ക് പ്രതീക്ഷകള്‍ ഒന്നും വച്ചുപുലര്‍ത്താനില്ലാത്ത മണ്ഡലം ആണ് എറണാകുളം. ക്രിസ്ത്യന്‍ വോട്ടുകളാണ് മണ്ഡലത്തില്‍ ഏറെ നിര്‍ണായകമായിട്ടുള്ളത്. അതേ സമയം ബിജെപി-ബിഡിഎസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങളും ഉണ്ട്.
പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി എന്നീ നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കെടുത്തില്‍ യുഡിഎഫിന് നാലും എല്‍ഡിഎഫിന് മൂന്നും സീറ്റുകളാണ് ഇവിടെയുള്ളത്. മധ്യകേരളത്തിൽ മുസ്ലീം ലീഗിന് സ്വന്തമായി എംഎൽഎ ഉള്ള കളമശ്ശേരിയും എറണാകുളം ലോക്സഭ മണ്ഡലത്തിലാണ്. ഈ കണക്ക് പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് വേണമെങ്കില്‍ വിലയിരുത്താം.
ചരിത്രം പരിശോധിച്ചാല്‍, എറണാകുളം മണ്ഡലം അധികവും കൂടെ നിന്നിട്ടുള്ളത് കോണ്‍ഗ്രസ്സിനൊപ്പമാണ്. രണ്ട് ഉപതിരഞ്ഞെടുപ്പുകൾ അടക്കം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണ മാത്രമാണ് എറണാകുളം ഇടതിനൊപ്പം നിന്നിട്ടുള്ളത്. ബാക്കി 12 തവണയും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു മണ്ഡലം.
മുന്‍ കേന്ദ്ര മന്ത്രി പ്രൊഫസര്‍ കെവി തോമസ് ആണ് കഴിഞ്ഞ രണ്ട് തവണയും എറണാകുളത്ത് നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2009 ല്‍, അന്നത്തെ എസ്എഫ്‌ഐ നേതാവായിരുന്ന സിന്ധു ജോയിയെ ആയിരുന്നു സിപിഎം രംഗത്തിറക്കിയത്. അന്ന് അതിശക്തമായ പോരാട്ടമായിരുന്നു നടന്നത്. വെറും 11,790 വോട്ടുകള്‍ക്കായിരുന്നു കെവി തോമസിന്റെ വിജയം.
എന്നാല്‍ 2014 ല്‍ എത്തിയപ്പോള്‍ കളിമാറി. കേന്ദ്രമന്ത്രി ആയിരുന്നതിന്റെ പ്രതിച്ഛായ കൂടി വന്നപ്പോള്‍ കെവി തോമസിന്റെ ഭൂരിപക്ഷം 87,047 ആയി ഉയര്‍ന്നു. അത് മാത്രമായിരുന്നില്ല ഭൂരിപക്ഷം ഉയരാനുള്ള കാരണം. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ ആയിരുന്നു അന്ന് സിപിഎം ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചത്. മുന്നണിയ്ക്കുള്ളില്‍ തന്നെ ഇതേ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ വോട്ട് സമാഹരണം ലക്ഷ്യമിട്ട് സിപിഎം നടത്തിയ നീക്കം അമ്പേ പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ 2014 ലെ അവസ്ഥയല്ല ഇപ്പോള്‍. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ സിപിഎമ്മിന് ഒരു മണ്ഡലം മാത്രമായിരുന്നു ലഭിച്ചത്. ഇപ്പോള്‍ മൂന്ന് മണ്ഡലങ്ങള്‍ സിപിഎമ്മിനൊപ്പമാണ്. പക്ഷേ, ലോക്‌സഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ സമവാക്യങ്ങള്‍ വോട്ടായി മാറുമോ എന്നത് നിര്‍ണായകമായ ചോദ്യമാണ്.
മറ്റൊരു ചരിത്രം കൂടി എറണാകുളം മണ്ഡലത്തിന് പറയാനുണ്ട്. ഇടത് സ്വതന്ത്രനായി മത്സരിച്ച് മൂന്ന് തവണ വിജയിച്ച ഡോ സെബാസ്റ്റ്യന്‍ പോളിനെ കുറിച്ചാണത്. ആ വിജയങ്ങളിൽ രണ്ട് തവണയും ഉപതിരഞ്ഞെടുപ്പുകളില്‍ ആയിരുന്നു വിജയം. 2004 ലെ തിരഞ്ഞെടുപ്പിൽ ആണ് അവസാനമായി സെബാസ്റ്റ്യൻ പോൾ വിജയിച്ചത്. അന്ന് 70,099 വോട്ടുകളുടെ ഭൂരിപക്ഷവും സ്വന്തമാക്കിയിരുന്നു.
പഴയ കേന്ദ്ര മന്ത്രിയൊക്കെ ആണെങ്കിലും പാര്‍ലമെന്റിലെ പ്രകടനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് എംപിമാരെ അപേക്ഷിച്ച് നിലവിലെ എംപി കെവി തോമസ് ഏറെ പിറകിലാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹം പങ്കെടുത്തത് വെറും 39 ചര്‍ച്ചകളില്‍ മാത്രമാണ്. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണ്. ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല. ആകെ ചോദിച്ചത് 217 ചോദ്യങ്ങളാണ്. ഇക്കാര്യത്തിൽ സംസ്ഥാന ശരാശരി 398 ഉം, ദേശീയ ശരാശരി 273 ഉം ആണെന്ന് ഓര്‍ക്കണം. ഹാജര്‍ നിലയിലും സംസ്ഥാന ശരാശരിയേക്കാള്‍ പിറകിലാണ് കെവി തോമസ്. വെറും 74 ശതമാനം.
പാര്‍ലമെന്റിലെ പ്രകടനം ഇങ്ങനെ ആണെങ്കിലും മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് കെവി തോമസ്. അതുകൊണ്ട് തന്നെ ഇത്തവണയും സീറ്റ് അദ്ദേഹം തന്നെ നിലനിര്‍ത്താന്‍ ആണ് സാധ്യതയുള്ളത്. വെല്ലുവിളിയായി ഇതുവരെ മറ്റാരും ഉയര്‍ന്നുവന്നിട്ടും ഇല്ല.
ഇടതുമുന്നണിയില്‍ സിപിഎമ്മിന് സ്വന്തമാണ് എറണാകുളം സീറ്റ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പരീക്ഷണ സ്ഥാനാര്‍ത്ഥികളെ ആയിരുന്നു നിര്‍ത്തിയിരുന്നത്. ഇത്തവണ അതില്‍ നിന്ന് മാറി ശക്തമായ പോരാട്ടത്തിന് വഴിതുറക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. അപ്പോഴും ക്രിസ്ത്യന്‍ വോട്ടുകളെ എങ്ങനെ കൈപ്പിടിയില്‍ ആക്കാം എന്നതായിരിക്കും സിപിഎം നേരിടുന്ന വെല്ലുവിളി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒന്നും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ എത്തിയത് ബിജെപിയ്ക്ക് ശക്തിപകരുന്ന കാര്യമാണ്. ചില മേഖലകളില്‍ എങ്കിലും ശക്തമായി വോട്ടുപിടിക്കാന്‍ എന്‍ഡിഎയ്ക്ക് ഇത്തവണ സാധിച്ചേക്കും. ഒരുപക്ഷേ, ഏതെങ്കിലും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാന്‍ ബിജെപി ശ്രമിക്കാനും ഇടയുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ക്രിക്കറ്റ് താരം ശ്രീശാന്തിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. ഇത്തവണ എറണാകുളത്ത് ശ്രീശാന്തിനെ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. അങ്ങനെയെങ്കില്‍ മണ്ഡലത്തില്‍ ശക്തമായ ഒരു ത്രികോണ മത്സരം തന്നെ പ്രതീക്ഷിക്കാം.