കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സമരാഗ്നി അത്ര പെട്ടെന്ന് അണയുമോ? തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോൾ കാത്തിരിക്കുന്നത് - നിസാർ മുഹമ്മദ് എഴുതുന്നു

  • By Desk
Google Oneindia Malayalam News

നിസാർ മുഹമ്മദ്

തലസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് നിസാർ മുഹമ്മദ്. വീക്ഷണം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ചലച്ചിത്ര പ്രവർത്തകനും ആണ്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ദൂരം. സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

ഏതായാലും തിരഞ്ഞെടുപ്പ് ഏപ്രില്‍ കടക്കാന്‍ ഇടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്ക് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്തേണ്ടതുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികള്‍ കളത്തിലേക്ക്

രാഷ്ട്രീയ പാര്‍ട്ടികള്‍ കളത്തിലേക്ക്

തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സീറ്റു വിഭജന ചര്‍ച്ചകള്‍ അനൗദ്യോഗികമായി തുടരുന്നു. മുന്നണിയിലെ ഓരോ കക്ഷികള്‍ക്കും പങ്കുവെയ്‌ക്കേണ്ട സീറ്റുകള്‍ സംബന്ധിച്ചാണ് ആദ്യ ചര്‍ച്ച. ഇടതു-വലതു മുന്നണികള്‍ നടത്തിവരുന്ന പ്രചരണ ജാഥകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വരും. ഓരോ പാര്‍ട്ടിയിലും ആരൊക്കെ മല്‍സരിക്കുമെന്നത് സംബന്ധിച്ചും മൂന്ന് മുന്നണികളിലും ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോഴുള്ള ധാരണകള്‍ മാറി മറിയാനും ഇടയുണ്ടെന്നതാണ് നിലവിലെ രാഷ്ട്രീയ പശ്ചാത്തലം. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസും എല്‍ജെഡിയും ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഒപ്പമുണ്ട്. പക്ഷെ, യുഡിഎഫില്‍ നിന്ന് പാലാ മണ്ഡലം പിടിച്ചെടുത്ത എന്‍സിപിയിലെ മാണി സി കാപ്പന്‍ അവര്‍ക്കൊപ്പമില്ല. സീറ്റു വിഭജന ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഇനി ഏതൊക്കെ പാര്‍ട്ടികള്‍, ഏതൊക്കെ നേതാക്കള്‍, ആര്‍ക്കൊപ്പമായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അത്രമേല്‍ സങ്കീര്‍ണമായ വിഷയങ്ങള്‍ അണിയറയില്‍ ഉരുത്തിരിയുന്നുണ്ട്.

എന്‍സിപി എന്ന അഴിയാക്കുരുക്ക്

എന്‍സിപി എന്ന അഴിയാക്കുരുക്ക്

എന്‍സിപിയിലെ ഉള്‍പ്പോരും സംഭവ വികാസങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ആദ്യ അഴിയാക്കുരുക്കായി കളം പിടിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും എന്‍സിപിയെ തള്ളാനും കൊള്ളാനും കഴിയാത്ത നിലയാണ്. ഇടതിനൊപ്പമെന്ന് എന്‍സിപിയിലെ ഒരുവിഭാഗവും യുഡിഎഫിനൊപ്പമെന്ന് മാണി സി കാപ്പനും പ്രഖ്യാപിച്ചു കഴിഞ്ഞു. പാലാ സീറ്റ് ലക്ഷ്യമിട്ട് മാണി സി കാപ്പന്‍ തുടങ്ങിവെച്ച വാഗ്വാദങ്ങളാണ് എല്‍ഡിഎഫിനെ കുരുക്കിയത്. മുന്നണിയിലേക്ക് വന്ന ജോസ് കെ മാണിക്ക് പിതാവിന്റെ പാരമ്പര്യ മണ്ഡലമെന്ന പരിഗണന നല്‍കാന്‍ സിപിഎം തീരുമാനിച്ചതായിന്നു പ്രശ്‌നങ്ങളുടെ തുടക്കം. പാലായില്‍ അര നൂറ്റാണ്ട് സാമാജികനായി നിലകൊണ്ട കെഎം മാണിയുടെയും കേരളാ കോണ്‍ഗ്രസിന്റെയും അപ്രമാദിത്വം അട്ടിമറിച്ച മാണി സി കാപ്പന് പക്ഷെ, ആ പരിഗണന നല്‍കാന്‍ സിപിഎം തയാറായില്ല. മാണി സി കാപ്പന്‍ വഴങ്ങുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. പക്ഷെ, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന് സീറ്റ് വാഗ്ദാനം ചെയ്ത സിപിഎം അതേ സീറ്റിലേക്ക് തന്നെ പരിഗണിച്ചതില്‍ പന്തികേടുണ്ടെന്ന് മാണി സി കാപ്പന് തുറന്നടിക്കേണ്ടി വന്നു.

പുകഞ്ഞ കൊള്ളി പുറത്തേക്ക്

പുകഞ്ഞ കൊള്ളി പുറത്തേക്ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതോടെ മാണി സി കാപ്പനെന്ന പുകഞ്ഞ കൊള്ളിയെ ഇടതുമുന്നണി പുറത്തേക്ക് കളഞ്ഞു. അപ്പോഴും എന്‍സിപിയെന്ന പാര്‍ട്ടിയുടെ തുടര്‍ നിലപാട് ഇടതുപക്ഷത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതേസമയം തന്നെയാണ് മാണി സി കാപ്പന്റെ മുന്നണി പ്രവേശനത്തില്‍ യുഡിഎഫിലും അസ്വസ്ഥത പുകയുന്നത്. തികഞ്ഞ കോണ്‍ഗ്രസുകാരനായി കൈപ്പത്തില്‍ ചിഹ്നത്തില്‍ മാണി സി കാപ്പന്‍ മല്‍സരിക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. അതുവേണ്ട, പിളര്‍ന്ന എന്‍സിപി കാപ്പന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ മുന്നണി പ്രവേശനത്തില്‍ തടസമില്ലെന്നാണ് കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ പറയുന്നത്. ഏതായാലും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവണമെന്നതാണ് മാണി സി കാപ്പനെന്ന 'കൊമ്പന്റെ' നിലപാട്.

മാറി മറിയുന്ന പ്രചരണ വിഷയങ്ങള്‍

മാറി മറിയുന്ന പ്രചരണ വിഷയങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളുടെയും പ്രചരണ വിഷയങ്ങള്‍ മാറി മറിയുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിഷയമാക്കിയത് അഴിമതിയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുമായിരുന്നു. പക്ഷെ, അതെല്ലാം പാളിപ്പോയെന്ന് മനസിലായത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴാണ്. അതുകൊണ്ടുതന്നെ ഇക്കുറി പ്രതിപക്ഷം കരുതലോടെയാണ് നീങ്ങുന്നത്.

അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങളാണ് എല്‍ഡിഎഫിന്റെ മുഖ്യ പ്രചരണ വിഷയം. മറ്റ് വിവാദങ്ങളൊന്നും വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. ഒരിക്കലും നടക്കില്ലെന്ന് പ്രചരിപ്പിച്ചിരുന്ന കെ ഫോണ്‍ ഉള്‍പ്പെടെയുള്ള വന്‍കിട വികസന പദ്ധതികള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ ജനം മാറിച്ചിന്തിക്കില്ലെന്നും ഇടതുപക്ഷം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

എന്നാല്‍, അഞ്ചുവര്‍ഷം അനങ്ങാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടന മാമാങ്കങ്ങളും പദ്ധതി ശിലാസ്ഥാപനങ്ങളും നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ മറുപടി. സര്‍ക്കാരിന്റെ ധൂര്‍ത്തും സംസ്ഥാനത്തിന്റെ കടക്കെണിയും കിഫ്ബി ഇടപാടുകളും പിന്‍വാതില്‍ നിയമനങ്ങളും തുടങ്ങി നിരവധി വിഷയങ്ങളുണ്ട് പ്രചരണ രംഗത്ത്.

ശബരിമലയെന്ന പ്രചരണായുധം

ശബരിമലയെന്ന പ്രചരണായുധം

കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെ എതിര്‍ത്ത് യുഡിഎഫും ബിജെപിയും രംഗത്തുവരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. എന്നാല്‍, ഇക്കുറി അതല്ല സ്ഥിതി. ശബരിമല പ്രചരണത്തിന് ഉപയോഗിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും കണക്കു കൂട്ടല്‍. വിശ്വാസികളുടെ പ്രവേശനം സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഈ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ ചോദ്യം ചെയ്താണ് പ്രതിപക്ഷം തുടക്കത്തില്‍ രംഗത്തുവന്നത്. തുടര്‍ന്ന് യുഡിഎഫ് വിശ്വാസി പ്രവേശനവുമായി ബന്ധപ്പെട്ട് കരട് നിയമം നിര്‍മ്മിച്ച് പ്രരചരണ രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതി മുമ്പാകെയുള്ള ഒരു വിഷയത്തില്‍ വിവാദ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട്. ശബരിമല വിഷയത്തില്‍ യുഡിഎഫ് ഇത്രകാലം എന്തുചെയ്തുവെന്ന ചോദ്യവുമായി ബിജെപിയും രംഗത്തുണ്ട്.

നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും

നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും

ഏറ്റവുമൊടുവില്‍, അനധികൃത പിന്‍വാതില്‍ നിയമനങ്ങളും കൂട്ടസ്ഥിരപ്പെടുത്തലുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെതിരെ യുദ്ധമുഖത്താണ്. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് യുവാക്കളെയും യുവതികളെയും വെല്ലുവിളിച്ച് ഇഷ്ടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ജോലി പങ്കിട്ടെടുക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍, പിഎസ്‌സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തസ്തികകളിലല്ല നിയമനമെന്നാണ് സര്‍ക്കാരിന്റെ പ്രതിരോധം. പത്തുവര്‍ഷത്തിലധികം താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തവരെ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് സ്ഥിരപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ധന, നിയമ വകുപ്പുകള്‍ എതിര്‍ത്തിട്ടും മന്ത്രിസഭയുടെ പരമാധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന സ്ഥിരപ്പെടുത്തലുകളിലെ രാഷ്ട്രീയം പ്രതിപക്ഷം ഓരോ ദിവസവും പുറത്തു വിടുന്നുണ്ട്. സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച പട്ടികയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചവരുമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

സെക്രട്ടറിയേറ്റില്‍ സമരാഗ്നി ആളിപ്പടരുന്നു

സെക്രട്ടറിയേറ്റില്‍ സമരാഗ്നി ആളിപ്പടരുന്നു

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം രാഷ്ട്രീയ കേരളത്തില്‍ ആളിപ്പടരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മറ്റൊരു പ്രധാന വിഷയമായി ഇത് മാറും. ഭരണ കാലാവധി അവസാനിക്കാനിരിക്കെ കേരളത്തിലെ യുവജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്. നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തിയും മുട്ടിലിഴഞ്ഞ് യാചിച്ചും ദേഹത്ത് മണ്ണെണ്ണയൊഴിച്ചും കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയും ഉദ്യോഗാര്‍ത്ഥികള്‍ ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ ഉയര്‍ത്തുന്ന പ്രക്ഷോഭം അനുദിനം വളരുകയാണ്. പിന്തുണയുമായി പ്രതിപക്ഷത്തെ യുവജന സംഘടനകള്‍ രംഗത്തുവന്നതോടെ സമരത്തിന്റെ തലം മാറി. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നല്‍കുകയും പിന്‍വാതില്‍ നിയമനത്തിന് വഴിവെയ്ക്കാതെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നാണ് സമരക്കാരുടെ ആവശ്യം. സിപിഐയുടെ യുവജന സംഘടനയും സമരക്കാര്‍ക്കൊപ്പമാണ്. അതേസമയം, ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ യുഡിഎഫ് ഹൈജാക്ക് ചെയ്തുവെന്നാണ് മന്ത്രിമാരും ഇടതുപക്ഷ നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. ഏതായാലും, ഈ യുവജന പ്രക്ഷോഭത്തിന്റെ അലയൊലി പോളിങ് ബൂത്തില്‍ പ്രതിഫലിക്കുമോയെന്നതാണ് ആകാംക്ഷ.

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
Kerala Assembly Election 2021: Kerala Circus- Nizar Mohammed writes about the political picture of Kerala ahead of Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X