• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഡിസംബര്‍ 26- ദുരന്തങ്ങളുടെ ഓര്‍മ്മദിവസം, ഇനി വേണ്ടത്..

  • By desk

മുരളി തുമ്മാരുകുടി

ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റി സ്ഥിരമായി എഴുതുന്നു, താല്പര്യം ഉള്ളവര്ക്ക് അദ്ദേഹത്തെ ഫേസ് ബുക്കിൽ ഫോളോ ചെയ്യാവുന്നതാണ്. https://www.facebook.com/thummarukudy. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണം എന്നില്ല

വീണ്ടും ഒരു ഡിസംബര്‍ ഇരുപത്തി ആറ് വരികയാണ്. സമീപകാല ചരിത്രത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി 2004ല്‍ ഉണ്ടായത് ഡിസംബർ ഇരുപത്തി ആറിനാണ്. ഇൻഡോനേഷ്യ മുതൽ ദക്ഷിണാഫ്രിക്ക വരെ പതിനാറു രാജ്യങ്ങളിൽ അത് ആഘാതം ഉണ്ടാക്കി. രണ്ടു ലക്ഷത്തിൽ ഏറെ പേർ അതിൽ മരണമടഞ്ഞു. കേരളത്തില്‍ ഇരുന്നൂറിൽ താഴെ പേരേ മരിച്ചു എങ്കിലും 21-ആം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തംകൂടിയായിരുന്നു സുനാമി. അതുകൊണ്ടുതന്നെ ഡിസംബര്‍ ഇരുപത്തി ആറ് കേരളത്തിൽ ദുരന്തങ്ങളുടെ ഓര്‍മ്മദിവസം ആയി ആചരിക്കണമെന്ന് ഞാന്‍ പലവട്ടം പലരോടും പറഞ്ഞിട്ടുള്ളതാണ്.

വര്‍ഷത്തിന്റെ അവസാനം ആയതിനാല്‍ ആ വര്‍ഷം ലോകത്തുണ്ടായ ദുരന്തങ്ങളെപ്പറ്റി ആലോചിക്കുകയും അതില്‍നിന്നും കേരളത്തിന് എന്ത് പഠിക്കാമെന്ന് ചിന്തിക്കുകയും ആവാമല്ലോ. ചാണക്യന്‍ പറഞ്ഞതുപോലെ എല്ലാ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍നിന്നു പഠിക്കാന്‍ നോക്കിയാല്‍ നമ്മുടെ ജീവിതത്തിന് അത്ര നീളം കാണില്ല. അതുകൊണ്ട് കുറേ പാഠങ്ങള്‍ നാം മറ്റുള്ളവരില്‍നിന്നും പഠിക്കണം. തൽക്കാലം ഔദ്യോഗികമായ തിരിഞ്ഞു നോട്ടം ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ ദുരന്തങ്ങളെ പറ്റി ഉള്ള ഒരു അവലോകനവും അതിൽ നിന്നും കേരളത്തിന് എന്ത് പഠിക്കാം എന്നതും ആണ് എന്റെ ഇന്നത്തെ വിഷയം.

അപകടങ്ങളുടെ പട്ടിക നീളുന്നു

ദുരന്തത്തോടെ തുടക്കം: 2015 ജനുവരി ഒന്നാം തിയതി കേരളം എഴുന്നേറ്റത് തന്നെ കൊല്ലത്തെ ടി കെ എം എന്ജിനീയറിംഗ് കോളേജിലെ ആറു വിദ്യാർഥികൾ റോഡ്‌ അപകടത്തിൽ മരിച്ച വാർത്തയും കേട്ടിട്ടാണ്. അതിനു ശേഷം കാംപസിനകത്തും പുറത്തുമായി നൂറു കണക്കിന് വിദ്യാർഥികൾ വേറെയും മരിച്ചു. ഇവരൊക്കെ ഒറ്റക്കോ ഇരട്ടക്കോ ആയി മരിക്കുന്നതിനാൽ പ്രാദേശിക വാർത്തക്കപ്പുറം ഇത് വരാറില്ല, അത് കൊണ്ട് തന്നെ നാളെയുടെ പ്രതീക്ഷയായ വിദ്യാർഥികൾ നൂറുകണക്കിന് നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും മരിച്ചുവീഴുന്നത് ഒരു ദുരന്തമായി സമൂഹം കാണുന്നും ഇല്ല.

അപകടത്തിൽ പെട്ട ആളുകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന പറവൂരിലെ ഹെൽപ്പ് ഫോർ ഹെൽപ്പ്ലെസ്സ് എന്ന സംഘടനയും ആയി ചേർന്ന് ഞാൻ ദുരന്ത നിവാരണത്തിലും ദുരന്ത ലഘൂകരണത്തിലും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം ശരാശരി ആയിരത്തിൽ കൂടുതൽ ആളുകൾ കേരളത്തിൽ ബൈക്ക് അപകടങ്ങളിൽ മരിക്കുന്നുണ്ട്, പതിനായിരത്തിൽ ഏറെ പേർക്ക് ഗുരുതരം ആയി പരിക്ക് പറ്റുന്നു. ഇതിൽ നല്ല ഒരു ശതമാനം വിദ്യാർഥികൾ ആണ്.

കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യത്തിൽ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം റോഡ്‌ അപകടത്തിൽ പെട്ട് വിദ്യാർഥി ആയ കുട്ടിക്ക് ഗുരുതരം ആയി പരിക്കേൽക്കുന്നത്‌ ആണ് കൂടുതൽ ദുരന്തം ആകുന്നത്. ഒന്നാമത് വിദ്യാർഥികൾക്ക് അപകട ഇന്ഷുറന്സ് എന്നത് നാട്ടുനടപ്പല്ല അതേ സമയം ആശുപത്രി ചെലവുകൾ പിടി കിട്ടാത്ത അത്ര കൂടിയിരിയ്ക്കുന്നു. അപ്പോൾ ഒരു അപ്പർ മിഡിൽ ക്ലാസ് കുടുംബത്തെ പോലും ഒറ്റ അപകടം താഴേക്ക്‌ വലിക്കും. രണ്ടാമത് ഒരാൾക്ക് പരിക്ക് പറ്റി ഒരു വർഷത്തേക്ക് എങ്കിലും സ്ഥിരം പരസഹായം വേണ്ടി വരുമ്പോൾ വീട്ടിൽ ആരെങ്കിലും, പ്രത്യേകിച്ച് അമ്മയോ സഹോദരിയോ, സ്വന്തം പണിയോ പഠനമോ ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കേണ്ടി വരും.

മൂന്നാമത്, കുറെ കേസുകളിൽ എങ്കിലും അപകടം ഉണ്ടാക്കുന്നത്‌ ജീവിതാന്ത്യം വരെ ഉള്ള പരിക്കാണ്, എഴുന്നേറ്റു നടക്കാനോ എന്തിനു സ്വന്തം ആയി പ്രാഥമിക ആവശ്യങ്ങൾ പോലും നടത്താനോ പറ്റാത്ത അവസ്ഥ, അപ്പോൾ പിന്നെ അവർക്ക് പഠനം തുടരാനോ പില്കാലത്ത് സ്വന്തം ആയി വരുമാനമോ മറ്റു ജീവിതമോ ഉണ്ടാകാനോ ഉള്ള സാധ്യത തീരെ ഇല്ല. ശരാശരി മലയാളി കുടുംബത്തിന്റെ സേവിങ്ങ്സും ഇൻഷുറൻസും എല്ലാം അവരുടെ കുട്ടികൾ ആണ്, അപ്പോൾ അവർ ഈ തരത്തിൽ ആയാൽ പിന്നെ ആ കുടുംബം ഒരു ഭാവി കാണുന്നില്ല. അത് കൊണ്ട് തന്നെ അപകടം ഉണ്ടായ വീടുകളിൽ ആത്മഹത്യ അസാധാരണം അല്ല.

കഷ്ടം എന്താണെന്ന് വച്ചാൽ ബൈക്കിലും കാറിലും ചെത്തി നടക്കുന്ന പയ്യന്മാരോ പ്രായം ആകാത്ത കുട്ടികളെ ബൈക്ക് ഓടിക്കാൻ സമ്മതിക്കുന്ന മാതാപിതാക്കളോ ഒന്നും ഇക്കാര്യം ആലോചിക്കുന്നില്ല. അപകടം ഉണ്ടായിക്കഴിയുമ്പോൾ ആ കുടുംബവും അവരുടെ കൂട്ടുകാരും ഒക്കെ സങ്കടപ്പെടുമെങ്കിലും അതിനപ്പുറം ഒരു പാഠവും ആരും പഠിക്കുന്നില്ല. കുട്ടികളുടെ പേരിൽ എന്തെങ്കിലും ഒക്കെ അവാർഡ് ഉണ്ടാക്കുന്നതല്ലാതെ അപകടം ഉണ്ടായ കോളേജുകളിൽ പോലും ഇതിനെ പറ്റി ബോധവല്ക്കരണ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. കൊല്ലത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു കാര്യങ്ങൾ നാം നിർബന്ധമായും ആലോചിക്കേണ്ടതാണ്.

ഒന്നാമതായി കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ബാധകമായ ഒരു അപകട ആരോഗ്യ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കണം. അപ്പോൾ അപകടം പറ്റിയാൽ കുട്ടികൾക്ക് വേണ്ട ചികിത്സ കിട്ടാതിരിക്കുന്നതും കുടുംബം സാമ്പത്തിക ദുരിതത്തിൽ എത്തുന്നതും ആയ സാഹചര്യം ഉണ്ടാവില്ല. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ആകുംബോൾ വളെരെ ചുരുങ്ങിയ ചെലവിൽ ഇത് സാധിക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രീമിയം സർക്കാരിന് അടയ്ക്കാവുന്നതും ആണല്ലോ.

കേരളത്തിലെ എല്ലാ കോളേജ് കാമ്പസിലും അപകട സുരക്ഷയെ പറ്റിയും പ്രഥമ ശുശ്രൂഷയെ പറ്റിയും ഉള്ള ബോധവല്ക്കരണ ക്ലാസ് നിർബന്ധം ആക്കണം. പല എന്ജിനീയറിംഗ് കോളേജുകളിലും ഇപ്പോൾ തന്നെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് ഓറിയന്റെഷൻ ക്ലാസ്സുകൾ ഉണ്ട്, അതിൽ സുരക്ഷാ ക്ലാസ്സുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. നമ്മുടെ കോളെജുകളിലെ എൻ എസ് എസ് സംവിധാനം ഇതിനായി ഉപയോഗിക്കാം. സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങളും ആയി യുവതലമുറയെ ബന്ധിപ്പിക്കാനുള്ള ഒരു അവസരമായും ഇതിനെ എടുക്കാം.

നേപ്പാളിലെ ഭൂകമ്പം

ഏപ്രില്‍ മാസത്തിലും മെയ് മാസത്തിലും ആയി രണ്ട് വന്‍ ഭൂകമ്പങ്ങള്‍ ആണ് നേപ്പാളില്‍ ഉണ്ടായത്. എണ്ണായിരത്തിനു മുകളില്‍ ആളുകള്‍ മരിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കുപറ്റി, അഞ്ചുലക്ഷം വീടുകള്‍ തകര്‍ന്നു. ആയിരം ആരോഗ്യസംവിധാനങ്ങളും എണ്ണായിരം സ്കൂളുകളും ഉപയോഗിക്കാന്‍ പറ്റാതായി. ആയിരത്തിലധികം ആളുകൾ മരിച്ച ഒരു ദുരന്തവും ഐക്യ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാലും പല പാഠങ്ങളും നമുക്ക് നേപ്പാളിൽ നിന്നും പഠിക്കാം.

ഒന്നാമത്തേത് സ്കൂളുകളുടെയും ആശുപത്രികളുടെയും തകർച്ച ആണ്. ദുരന്തകാലത്ത് ആശുപത്രികളും സ്കൂളുകളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്. നമ്മുടെ അടുത്ത തലമുറയാണ് സ്കൂളിൽ ഉള്ളത് എന്നും അപകടം കഴിഞ്ഞാൽ ആളുകൾ ഏറ്റവും ആശ്രയിക്കുന്നത് ആശുപത്രിയെ ആണ് എന്നതും ഒക്കെ ആണിതിന് കാരണം. അപ്പോൾ ആശുപത്രിയും സ്കൂളും ഒക്കെ തകർന്നാൽ ദുരന്തത്തിന്റെ ആക്കം വർദ്ധിക്കും. ദുരന്തമുണ്ടായത് ഒരു അവധിദിവസം ആയതിനാല്‍ 8000 സ്കൂളുകളുടെ നാശം നേപ്പാളില്‍ വന്‍ദുരന്തമായില്ല. പക്ഷെ, ഏതെങ്കിലും പ്രവര്‍ത്തിദിവസം ആയിരുന്നെങ്കില്‍ ആയിരക്കണക്കിന്, ഒരു പക്ഷെ പതിനായിരക്കണക്കിന് കുട്ടികളുടെ മരണം നേപ്പാളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേനെ.

നമുക്കും ഉണ്ട് പതിനായിരത്തോളം സ്കൂളുകള്‍. കുന്നിലും പുഴയോരത്തും കടല്‍തീരത്തും ഫാക്ടറികളുടെ അടുത്തും ഒക്കെയായി. അവ സുരക്ഷിതമാണോ എന്ന് മൊത്തത്തില്‍ ഒരു പരിശോധന നടത്താന്‍ ഈ അവസരം ഉപയോഗിക്കണം. അത് പോലെ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യവും. നമ്മുടെ ആശുപത്രികൾ ദുരന്തത്തെ നേരിടാൻ കഴിവുള്ളതാണോ?

നേപ്പാള്‍ദുരന്തം ടൂറിസ്റ്റ് മേഖലകള്‍ക്കുണ്ടാക്കിയ നാശം കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളം പോലെ തന്നെ ടൂറിസം നേപ്പാളിന്റെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗം ആണ്. പക്ഷെ, ഭൂകമ്പത്തില്‍ കെട്ടിടം ഇടിഞ്ഞുവീണും മഞ്ഞുമലയുടെ പാച്ചിലില്‍പെട്ടും ഒട്ടേറെ ടൂറിസ്റ്റുകള്‍ മരിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളും മലയിലേക്കുള്ള റോഡുകളും ഉപയോഗശൂന്യം ആയതോടെ ടൂറിസ്റ്റുകളും ആയി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് സാധിക്കാതെയായി. അപ്പോൾ ഇനി ഒരു അപകടം ഉണ്ടായാൽ സുരക്ഷിതമായ സ്ഥലം അല്ല നേപ്പാൾ എന്ന ഒരു തോന്നൽ ആളുകൾക്കുണ്ടായി. പൊതുവിൽ നേപ്പാളിന്റെ ടൂറിസം വാല്യൂ ഇടിഞ്ഞു. നാല് വിമാന കമ്പനികൾ ആയി ദിവസം പതിനാറു ട്രിപ്പ്‌ നടത്തിയിരുന്ന മൌണ്ടൻ ഫ്ലൈറ്റിന് എല്ലാം കൂടി ഒരു വിമാനത്തിൽ പോകന്നുള്ള ആളുപോലും പലപ്പോഴും കിട്ടാതായി. ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലം ആയിരുന്ന നേപ്പാളിലിപ്പോള്‍ ടൂറിസം തകര്‍ച്ചയെ നേരിടുകയാണ്. ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ക്ക് ഇപ്പോള്‍ ജീവനോപാധിയും നഷ്ടപ്പെട്ടു.

ഇതെല്ലാം ഇവടെയും സാധ്യമാണ്. കേരളത്തിലെ ടൂറിസംമേഖലയെ ഏറെ ബാധിക്കാവുന്നത് വന്‍ മഴയും അതിനെത്തുടര്‍ന്നുണ്ടാകാവുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ആണ്. ഇങ്ങനെ വ്യാപകമായി സംഭവിച്ചാല്‍ മറുനാട്ടില്‍നിന്നും വിദേശത്തുനിന്നും വന്നിട്ടുള്ള ടൂറിസ്റ്റുകളെ കണ്ടുപിടിച്ച് അവര്‍ക്ക് സഹായം എത്തിക്കാനുള്ള എന്തെങ്കിലും പദ്ധതി നമുക്കുണ്ടോ? കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളെ നമ്മുടെ സുരക്ഷാസംവിധാനവും ആയി ബന്ധിപ്പിക്കുന്ന ഒരു ആപ്പ് എങ്കിലും ഉണ്ടാക്കിയാല്‍ അപകടത്തില്‍പെട്ടവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാനും അവരുടെ വേണ്ടപ്പെട്ടവരെ അവരുടെ കാര്യങ്ങള്‍ അറിയിക്കാനും പറ്റുമല്ലോ.

കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല കേരളത്തില്‍നിന്നും പോകുന്ന ടൂറിസ്റ്റുകളുടെ കാര്യത്തിലും നാം ചില പാഠങ്ങള്‍ പഠിക്കണം. കേരളത്തിലെ രണ്ടു യുവ ഡോക്ടര്‍മാര്‍ക്ക് നേപ്പാളില്‍ അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. അവരെ കണ്ടുപിടിക്കാന്‍ പോലും കുറെ കഷ്ടപ്പെട്ടു. അപ്പോള്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് ശ്രമിച്ചുനോക്കാം. ഒന്നാമത് കേരളത്തിന് പുറത്തുപോകുന്ന സഞ്ചാരികള്‍ ഒരു വെബ്‌ സൈറ്റിൽ അവരുടെ യാത്രാപദ്ധതിയും താമസിക്കുന്ന സ്ഥലവും സമയവും ഒക്കെ രജിസ്റ്റര്‍ ചെയ്താല്‍ ആപത്ഘട്ടത്തില്‍ സഹായകം ആകും. രണ്ടാമത് ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ കൃത്യമായും ഇന്‍ഷുറന്‍സ് എടുക്കുന്നത് നിര്‍ബന്ധം ആക്കുക.

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം

കഴിഞ്ഞ ഓഗസ്റ്റ് മാസം വൈപ്പിനില്‍നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്ന ഒരു യാത്രാബോട്ടില്‍ മറ്റൊരു ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചതാണ് ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തം. ആയിരത്തിത്തൊള്ളായിരത്തി അന്‍പതിലെ കണ്ണമാലി ബോട്ടപകടം മുതല്‍ വല്ലാര്‍പാടം, തട്ടേക്കാട്, മലമ്പുഴ, തേക്കടി എന്നിങ്ങനെ പല ബോട്ടപകടങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ഇതെല്ലാം അപഗ്രഥിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാമത്തെ പാഠം ഈ ദുരന്തങ്ങളില്‍നിന്നും നാം അധികം ഒന്നുംതന്നെ പഠിക്കുന്നില്ല എന്നതാണ്. ആദ്യം രണ്ടുദിവസം ദുഃഖം, പിന്നെ ഒരാഴ്ച ആരെയെങ്കിലും ഒക്കെ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യല്‍, പിന്നെ രണ്ടാഴ്ച ജുഡീഷ്യല്‍ അന്വേഷണത്തിനായി മുറവിളി. കഴിഞ്ഞു ബോട്ടപകടത്തിന്റെ കഥ. ജുഡീഷ്യല്‍ അന്വേഷണം നടന്നാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെയാണ്.

ബോട്ടുകളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി, ബോട്ടോടിക്കുന്നവരുടെ പരിശീലനം, ബോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ ഉള്ള കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇനി ഒരു ബോട്ട് ദുരന്തം ഒഴിവാകൂ. ഇതിന് പുതിയ കമ്മീഷന്‍ ഒന്നും വേണ്ട. പഴയ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ എടുത്ത് നടപ്പിലാക്കിയാല്‍ മതി.

കേരളത്തിലെ മുങ്ങിമരണത്തെപ്പറ്റി ആധികാരികമായി പഠിച്ച ഒരാള്‍ എന്ന നിലക്ക് ഒരു കാര്യം കൂടി പറയാന്‍ ഈ ദുരന്തം അവസരം ആകുകയാണ്. കഴിഞ്ഞ നാല്പതു വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തിലെ മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോള്‍ അത് ആയിരത്തി അഞ്ഞൂറിലും മുകളില്‍ ആണ്. പക്ഷെ, ഈ മരണങ്ങളില്‍ ശരാശരി ഒരു ശതമാനത്തില്‍ താഴെയാണ് ബോട്ട് മുങ്ങിയുള്ള മരണങ്ങള്‍. അപ്പോള്‍ ബോട്ടിന്റെ കാര്യത്തില്‍ നാം നൂറു ശതമാനം സുരക്ഷ നേടിയാലും മുങ്ങിമരണത്തില്‍ അത് ഒരു ശതമാനം കുറവേ ഉണ്ടാക്കുകയുള്ളൂ. ഇതിനര്‍ത്ഥം ബോട്ടിന്റെ കാര്യത്തില്‍ ശ്രദ്ധ വേണ്ട എന്നല്ല. പക്ഷെ, കേരളത്തിലെ മുങ്ങിമരണങ്ങള്‍ കുറക്കാന്‍ ഏറെ ശ്രമങ്ങള്‍ വേറെയും ചെയ്യേണ്ടതുണ്ട്. ഇതിനെ പറ്റി ഞാൻ പലയിടത്തും പല പ്രാവശ്യം പറഞ്ഞിട്ടുള്ളതിനാൽ ആവര്‍ത്തിയ്ക്കുന്നില്ല എന്നാലും നമുക്ക് ഒരു ജല സുരക്ഷാ അതോറിട്ടി ഉണ്ടാക്കേണ്ടതാണെന്ന് മാത്രം ഒന്ന് കൂടി പറയാം.

മെക്കയിലെ ദുരന്തം

സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി മെക്കയില്‍ ഉണ്ടായ തിരക്കില്‍പെട്ട് ആയിരത്തോളം തീര്‍ത്ഥാടകര്‍ മരിച്ചു. ലോകത്തിലെതന്നെ ഏറ്റവും വലുതും അതുപോലെതന്നെ നന്നായും നടത്തപ്പെടുന്ന തീര്‍ത്ഥാടനം ആണ് മെക്കയിലേത്. കേരളത്തിലും, ശബരിമലയില്‍ ഉള്‍പ്പടെ വന്‍ തീര്‍ത്ഥാടനങ്ങള്‍ ഉണ്ട്. മെക്കയില്‍നിന്നും എന്തു പാഠമാണ് നാം പഠിക്കേണ്ടത് ?.

ലോകത്ത് പണത്തിനു വാങ്ങാൻ കഴിയുന്ന ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് മെക്കയിലെ തീര്‍ത്ഥാടനം നടത്തുന്നത്. ഇതുകൂടാതെ ഓരോ വര്‍ഷവും എത്ര പേര്‍ ഏതു സമയത്ത് അവിടെ എത്തുമെന്ന് അധികാരികള്‍ക്ക് കൃത്യമായ കണക്കും ഉണ്ട്. ഇതു രണ്ടും ഇല്ലാതെ നടത്തപ്പെടുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ അതുകൊണ്ടുതന്നെ ഇതിലും വലിയ ദുരന്തങ്ങള്‍ സാധ്യമാണ്.

ശബരിമലയില്‍ ഓരോ സമയത്തും എത്തുന്നവരുടെ എണ്ണം മുന്‍കൂട്ടി ക്രമപ്പെടുത്തുക എന്നതാണ് ദുരന്തമൊഴിവാക്കാനുള്ള ആദ്യത്തെ നടപടി. ശബരിമലയില്‍ ഒരു സമയത്ത് എത്ര തീര്‍ത്ഥാടകര്‍വരെ ആകാമെന്നതിന് ഭൗതികമായ പല പരിമിതികളും ഉണ്ട്. തീര്‍ത്ഥാടനം സുരക്ഷിതം ആകണമെന്ന് അധികാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആഗ്രഹവും ഉണ്ടല്ലോ. അപ്പോൾ ഓരോ ദിവസവും മലകയറുന്ന ആളുകളുടെ എണ്ണം അന്നത്തെ കാലാവസ്ഥ അനുസരിച്ച് നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍വഴിയോ ഓണ്‍ലൈന്‍വഴിയോ ഒക്കെത്തന്നെ മുന്‍കൂര്‍ ബുക്ക്ചെയ്യുന്നത് നിര്‍ബന്ധം ആക്കണം. തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണിലേക്ക് സമയാസമയം ക്യൂവിന്റെ നീളവും കാലാവസ്ഥയും ഒക്കെ അയക്കുന്നതും നല്ലതാണ്. ഇങ്ങനെ മലയിൽ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുമ്പോൾ ശരണ പാതയിൽ അവർക്ക് വിശ്രമിക്കാനും സമയം ചെലവാക്കാനും ഉള്ള സംവിധാനങ്ങളും സംയോജിപ്പിച്ച് ഉണ്ടാക്കണം.

മലയില്‍വച്ച് വലിയ അപകടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ഓരോ വര്‍ഷവും ഹൃദയാഘാതം മൂലവും റോഡപകടം മൂലവും ശബരിമലയാത്രക്കിടയില്‍ മരിക്കുന്നവരുടെ എണ്ണം നൂറുകണക്കിനാണ്. അതുകൊണ്ടുതന്നെ ശബരിമലയില്‍ വരുന്നവര്‍ക്ക് വേണ്ടി ഒരു ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടാകുന്നത് നന്നായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുമാത്രമേ ഈ സൗകര്യം കിട്ടൂ എന്നൊക്കെ പറയുന്നത് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം സാരമായി വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ കേരളത്തിലേക്ക് അയ്യപ്പന്മാരും ആയി പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്ക്കും സുരക്ഷയെ സംബധിച്ചും അപകടം ഉണ്ടായാൽ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈനിനെ സംബധിച്ചും വിവരങ്ങൾ ഉള്ള ഒരു ലഘുലേഖ തമിൾ, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒക്കെ അടിച്ചു വിതരണം ചെയ്യണം.

ചെന്നൈയിലെ വെള്ളപ്പൊക്കം

ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ നാലാമത്തെ വന്‍നഗരമായ ചെന്നൈ വെള്ളത്തിനടിയിലായി. റോഡും റെയിലും വിമാനത്താവളവും മുങ്ങിയതോടെ ചെന്നൈ മറ്റു സ്ഥലങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. ടെലഫോണും മൊബൈലും തകരാറിലാവുകയും വൈദ്യുതി നിലക്കുകയും ചെയ്തതോടെ ദുരന്തത്തിന്റെ ആഘാതം പൂര്‍ണ്ണമായി.

ചെന്നൈയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയതിലേറ്റവും വലിയ മഴയാണ് 2015 ഇൽ ചെന്നൈയില്‍ ഉണ്ടായത്. മുമ്പെങ്ങും വെള്ളം കയറാത്ത ഇടം എല്ലാം വെള്ളത്തിനടിയിലായി. സുരക്ഷിതമെന്ന രീതിയില്‍ മധ്യവര്‍ഗ്ഗവും മറ്റുള്ളവരും വിചാരിച്ചിരുന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളം മുങ്ങി. അത്യാവശ്യ വസ്തുക്കള്‍ക്കുപോലും ആളുകള്‍ കഷ്ടപ്പെട്ടു. അഭൂതപൂര്‍വമായ സഹായം ആണ് കേരളത്തില്‍നിന്നും ചെന്നൈയിലേക്ക് ഒഴുകിയത്. പണമായും തുണിയായും സൗജന്യ യാത്രാസൗകര്യമായും ഭക്ഷണപ്പൊതിയായും മലയാളികള്‍ ചെന്നൈയുടെ ദുരന്തത്തില്‍ പങ്കുചേര്‍ന്നു. പക്ഷെ എല്ലാക്കാലത്തും ദുരന്തം മറു നാടുകളിൽ തന്നെ ആവില്ല, ചിലപ്പോൾ അത് നമുക്കും വരാം. അത് കൊണ്ട് തന്നെ ചെന്നൈയിൽ നിന്നും നാം എന്തു പഠിക്കണം?

ചെന്നൈയിലെ ദുരന്തത്തിന്റെ അടിസ്ഥാനകാരണം ദുരന്താഘാതപഠനങ്ങള്‍ നടത്താതെയുള്ള നഗരവികസനം ആണെന്നത് വ്യക്തമാണ്. നദീതടങ്ങളും ജലാശയങ്ങളും കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ പ്രളയകാലത്ത് പുഴക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവക്കാന്‍ ആരും തയ്യാറായില്ല. നദിക്കരയില്‍ വീടുവക്കുക എന്നത് ഇപ്പോള്‍ മലയാളികളുടേയും ശീലമാണ്. കേരളത്തിലെ പല വികസനപ്രവര്‍ത്തനങ്ങളും പണ്ടുണ്ടായിട്ടുള്ള വെള്ളപ്പൊക്ക നിരപ്പിന്റെ താഴെയാണ്. അടുത്ത വൻ വെള്ളപ്പൊക്കക്കാലത്ത് ഇത് വെള്ളത്തിനടിയിലാകുമെന്നത് ഉറപ്പാണ്. ഇത് പക്ഷെ വെള്ളപ്പൊക്കത്തിന്റെ മാത്രം കാര്യം അല്ല. ഉരുൾ പൊട്ടൽ തൊട്ട് ഫാക്ടറികളിൽ നിന്നുള്ള വാതക ചോർച്ച വരെ ഉള്ള ദുരന്ത സാധ്യതകൾ പരിഗണിച്ചുള്ള ഒരു സ്ഥല വിനിയോഗ പദ്ധതി കേരളത്തിൽ മൊത്തം ഉണ്ടാക്കേണ്ട കാലം എന്നേ കഴിഞ്ഞ.

നവംബർ മുതൽ നിലനിന്നിരുന്ന വെള്ളപ്പൊക്കം ഏറ്റവും വഷളാവാൻ ഉള്ള ഒരു കാരണം പുഴയിൽ ചെന്നൈക്ക് മുൻപേ ഉള്ള അണകെട്ടുകളിൽ വെള്ളം നിറഞ്ഞപ്പോൾ അത് സുരക്ഷക്ക് വേണ്ടി തുറന്നു വിടേണ്ടി വന്നതാണ്. തായിലാണ്ടിലും പാകിസ്താനിലും ഉൾപ്പടെ ഇത് മുൻപ് പലയിടത്തും ഉണ്ടായിട്ടുള്ള പ്രശ്നം ആണ്. അപ്പോൾ അതിവൃഷ്ട്ടി ഉള്ള വർഷങ്ങളിൽ അണക്കെട്ടുകളിലെ ജലാശയങ്ങളുടെ സംയോജിപ്പിച്ചുള്ള മാനേജ്മെന്റ് വെള്ളപ്പൊക്കം ഒഴിവാക്കാൻ അത്യാവശ്യമാണെന്ന് വരുന്നു. നമ്മുടെ അണക്കെട്ടുകളെ എല്ലാം സംയോജിപ്പിച്ച് (coordinated) മുൻകരുതലോടെ ജലനിരപ്പ്‌ നിരീക്ഷിക്കാനും വേണ്ടി വന്നാൽ വെള്ളം ഒഴുക്കി കളയാനും ഉള്ള ഒരു സംവിധാനം ഇപ്പോൾ ഉണ്ടോ, ഇല്ലെങ്കിൽ ഉണ്ടാക്കണ്ടേ?

ചെന്നൈയിലെ ദുരന്തത്തിലെ എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മിന്നി നിന്നത് ഉത്സാഹികളായ പുതിയ തലമുറയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആണ്. സര്‍ക്കാര്‍സ്തബ്ധര്‍ ആയപ്പോള്‍, മുതില്‍ന്നവര്‍ സങ്കടപ്പെടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ വിദഗ്ദ്ധര്‍ എല്ലാം "പ്ലാനിംഗിന്റെ കുറ്റമാണ്" എന്നൊക്കെ ഗീര്‍വാണം അടിച്ചപ്പോള്‍ സ്വന്തം കാര്യവും ചുറ്റുമുള്ളവരുടെ കാര്യവും നോക്കിയത് പുതിയ തലമുറയാണ്. ഇത് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഇതില്‍നിന്നും നാം പലതും പഠിക്കാനും ഉണ്ട്.

ഒന്നാമത് പുതിയ തലമുറക്ക് പഴയതരം പാര്‍ട്ടി പൊളിറ്റിക്സോ, ജാതിമത ചിന്തകളോ ഒന്നും അല്ല പ്രധാനം. ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അതെങ്ങനെ പരിഹരിക്കാം എന്നതാണ്. സോഷ്യൽ മീഡിയ എല്ലാം ഫലപ്രദമായി ഉപയോഗിച്ച് അവർ മുന്നോട്ടിറങ്ങി. കേരളത്തിലെ പുതിയ തലമുറ ഇതു നോക്കിക്കാണണം. മാത്രമല്ല ഔദ്യോഗിക സംവിധാനങ്ങൾ എങ്ങനെ ഈ യുവാക്കളെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് മുന്കൂട്ടി ആലോചിക്കുകയും വേണം. പുതിയ തലമുറക്ക് നേതൃത്വത്തിനും നിര്‍വഹണത്തിനും അവസരം കൊടുക്കാന്‍ നാം ഒരു ദുരന്തം നോക്കിയിരിക്കേണ്ടതില്ല. കാമ്പസുകളിലെ എൻ എസ് എസ് സംവിധാനത്തെ ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും പരിശീലിപ്പിക്കുന്നത് ദുരന്ത കാലത്ത് ഏറെ ഗുണം ചെയ്യും.

ചെന്നൈയില്‍ വെള്ളം പൊങ്ങുന്ന സമയത്ത് കേരളത്തിലേയും ഡല്‍ഹിയിലേയും മാധ്യമങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു സത്യം. വെള്ളം മുറിയില്‍ കയറി ചെന്നൈക്കാര്‍ സഹായത്തിനു വിളിച്ചിട്ടും ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വീണ്ടും സമയം എടുത്തു. എല്ലാ ദേശീയ പത്രക്കാര്‍ക്കും, ടിവി ചാനലുകാര്‍ക്കും സ്വന്തം ബ്യൂറോ ഓഫീസുള്ള ചെന്നൈയുടെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാധ്യമശ്രദ്ധ നേടിയാല്‍ മാത്രമേ ആവശ്യത്തിനുള്ള സഹായം ഉടനും പില്‍ക്കാലത്തും കിട്ടുകയുള്ളൂ. നമ്മുടെ ദുരന്തം മറ്റുള്ളവരെ ഏറ്റവും വേഗത്തില്‍ അറിയിക്കാന്‍ നാം എന്തു ചെയ്യണം?.

സാധാരണ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍, അതു പ്രത്യേകിച്ച് വെള്ളപ്പൊക്കം പോലെ പതുക്കെ വഷളാകുന്ന ദുരന്തം ആകുമ്പോള്‍, എല്ലാം ശരിയാകും എന്നു വിചാരിച്ചിരിക്കാനാണ് വ്യക്തികളുടേയും ഔദ്യോഗിക സംവിധാനങ്ങളുടേയും പൊതുരീതി. പക്ഷെ, അപകടം ഉണ്ടാകുന്ന മുറക്ക്തന്നെ ആവുന്നത്ര സഹായം തേടണമെന്നും പിന്നെ അത് ആവശ്യമില്ലെങ്കില്‍ തിരിച്ചയക്കുന്നതാണ് ബുദ്ധി എന്നും ആണ് ഒട്ടേറെ ദുരന്തങ്ങളിലെ അനുഭവത്തിലൂടെ ഐക്യരാഷ്ട്രസഭ പഠിച്ചത്. ഈ പാഠങ്ങള്‍ നമ്മളും മനസ്സില്‍വക്കണം. കൂടുതൽ സുരക്ഷിതമായ കേരളം എന്നതാണ് നമ്മുടെ ദുരന്ത നിവാരണ വകുപ്പിന്റെ മുദ്രാവാക്യം. ഈ വർഷത്തെ അപകടങ്ങളിൽ നിന്നും പാഠം പഠിച്ച് വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ അത് തീര്ച്ചയായും നടപ്പിലാക്കാം.

English summary
Murali Thummarukudy writes about the the disasters nation faced and suggests precautions to be taken to reduce the risk of the disasters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more