പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??

  • Posted By:
Subscribe to Oneindia Malayalam

സുരേഷ് കുമാർ രവീന്ദ്രൻ

എഴുത്തുകാരന്‍
സിനിമയോട് അഗാധ പ്രണയമുള്ള എഴുത്തുകാരനാണ് സുരേഷ് കുമാർ രവീന്ദ്രൻ. അക്കൗണ്ടന്റിൽ നിന്നും സിനിമാ ജേണലിസ്റ്റിലേക്കുള്ള മാറ്റത്തിന്റെ കാരണവും ഈ പ്രണയം തന്നെയാണ്. സുരേഷ് കുമാർ രവീന്ദ്രൻ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

'ദാസ്' എന്ന പഴയ ഒരു തമിഴ് സിനിമയിൽ വടിവേലുവിന്റെ ഒരു കോമഡിയുണ്ട്. ഒരു ചായക്കടയുടെ മുന്നിലെ ബെഞ്ചിൽ കുറേ വയസ്സന്മാർ ഇരിക്കുകയാണ്. അവരോടൊപ്പം വടിവേലുവും അവിടെയുണ്ട്. ഒരു കൊച്ചു പയ്യൻ അവിടെ വന്ന് അവരെയെല്ലാം ചീത്ത വിളിക്കുന്നു, "ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് തൊട്ടു നോക്ക്" എന്നൊക്കെ പറഞ്ഞ് അവൻ വെല്ലുവിളികളും നടത്തുന്നു. പക്ഷെ ഈ പറഞ്ഞ വയസ്സന്മാരാരും തന്നെ അത് ശ്രദ്ധിക്കുന്നേയില്ല. പയ്യൻ ശകാരവർഷം തുടരുന്നു.

അപ്പോഴാണ് വടിവേലു അതിൽ ഇടപെടുന്നത്. വെറുമൊരു കൊച്ചു പയ്യൻ ഇത്രയും ചീത്ത വിളിച്ചിട്ടും അനങ്ങാതെയിരുന്ന് ചായ കുടിക്കുകയും, പത്രം വായിക്കുകയും ചെയ്യുന്ന ആ ഓൾഡ് ടീമിനെ വടിവേലു ശരിക്കും കളിയാക്കുന്നു. മാത്രമല്ല, ആ പയ്യനെ ഇപ്പൊ ശരിയാക്കിത്തരാം എന്നു പറഞ്ഞു കൊണ്ട് അയാൾ അവന്റെ അടുത്തേക്ക് പോകുന്നു. പെട്ടെന്ന് ആ വയസ്സന്മാർ വടിവേലുവിനെ വിലക്കുകയാണ്, 'പോകരുത്, അവന്റെ അടുത്തേക്ക് പോകരുത്" എന്നു പറഞ്ഞു കൊണ്ട്. പക്ഷെ അയാൾ അതൊന്നും ചെവിക്കൊള്ളുന്നില്ല.

ആരേയും ഞെട്ടിക്കും ഈ 'മോദി'... കേറ്റ് വിൻസ്ലറ്റ് മുതൽ ഐശ്വര്യ റായ് വരെ ആരാധകർ; പക്ഷേ മല്യയെ വെല്ലും!

sureshkumar

ആ പയ്യന്റെ പിറകേ വടിവേലു ഓടുന്നു. അവൻ ഓടിയോടി ഒടുവിൽ ഒരു ആംബുലൻസിന്റെ പിൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറുന്നു, പിറകേ വടിവേലുവും. ശേഷം അകത്ത് നിലവിളി ശബ്ദം മാത്രം. ഒടുവിൽ, 'അയ്യോ, അമ്മാ..." എന്നൊക്കെ ദയനീയമായി പറഞ്ഞു കൊണ്ട് കൂനിക്കൂനി നടന്നു വരുന്ന വടിവേലുവിനെയാണ് ഫ്രെയ്മിൽ കാണുന്നത്! കിഡ്‌നി അടിച്ചു മാറ്റുന്ന മാഫിയ സംഘത്തിലേതായിരുന്നു ആ പയ്യൻ! ഇതിനു മുൻപ് അവൻ തന്റെ പിറകേ ഓടിച്ച് ആംബുലൻസിൽ കയറ്റിയവരായിരുന്നു അവിടെ ചായക്കടയുടെ മുന്നിലെ ബെഞ്ചിലിരുന്ന വയസ്സന്മാർ! അവരുടെ മുന്നിലെത്തിയിട്ട് വടിവേലു പറയും, "ഇതെ മൊതലിലെ സൊല്ലക്കൂടാതാടാ" എന്ന്...

ഇത്രയും ലളിതവും, സുതാര്യവുമാണ് ഇവിടെ നടക്കുന്ന സിനിമാ വിവാദങ്ങൾ. എന്തിന്റെയെങ്കിലും പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച്, അതിനെ വെള്ളവും വളവും കൊടുത്ത് വളര്‍ത്തി, പരമാവധി ജനങ്ങളിലേക്ക് എത്തിച്ച്, ആവശ്യത്തിലധികം പ്രചാരണം നേടുക എന്നത് മാത്രമാണ് ലക്‌ഷ്യം. തൊണ്ണൂറുകളുടെ ഒടുവിൽ തുടങ്ങിയ ഒരു ആസൂത്രിത പദ്ധതിയാണ് ഈ പറഞ്ഞ സിനിമാവിവാദം എന്നത്. പ്രേക്ഷകർ, അവർ അറിയാതെ തന്നെ ഇത്തരം വിവാദങ്ങളെ യഥാർത്ഥ സംഭവങ്ങളായി കണക്കാക്കി അവയുടെ പിറകേ മനസ്സു കൊണ്ട് പായുന്നു. അടുത്തിടെ സഞ്ജയ് ലീല ബൻസാലി സ്പോൺസർ ചെയ്ത പദ്മാവത് എന്ന വിവാദ നാടകത്തിലൂടെ ദോഷം സംഭവിച്ചത് അതിന്റെ പേരിൽ ആത്മാഹുതി ചെയ്തവർക്കല്ല, മറിച്ച് ഇതൊന്നുമറിയാതെ സ്‌കൂൾ ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു കൂട്ടം പിഞ്ചു കുഞ്ഞുങ്ങൾക്കാണ്.

അവരെ തടഞ്ഞു വച്ചും, ആ ബസ്സിന്‌ കല്ലെറിഞ്ഞും ആ കുഞ്ഞുങ്ങളുടെ മനസ്സിന് ഏൽപ്പിച്ച മുറിവിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഈ പറഞ്ഞ കർണ്ണിസേനയ്‌ക്കോ, സഞ്ജയ് ലീലാ ബൻസാലി എന്ന സംവിധായകനോ ഒഴിഞ്ഞു മാറാൻ കഴിയില്ല. അത്രയ്ക്കും വൃത്തികെട്ട രീതിയിലേക്ക് മാർക്കറ്റിംഗ് എന്ന ഘടകം കൂപ്പു കുത്തി വീണു കഴിഞ്ഞു. തൽക്കാലം നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത്തരം വിവാദങ്ങൾക്ക് പ്രോത്സാഹനം കൊടുക്കാതിരിക്കാം എന്നതാണ്... കണ്ണിറുക്കിയും, മതവികാരം വ്രണപ്പെടുത്തിയും ആംബുലൻസിന്റെ ഉള്ളിൽ കയറ്റാൻ കുറേ പേർ കാത്തു നിൽക്കുകയാണ്... വടിവേലുവാകാൻ നിങ്ങൾ റെഡിയാണോ?

English summary
Padmavath now Oru Adaar Love... Why we don't want more movie controversies.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്