• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലും ചൗക്കീദാര്‍ ആണ്... മോദിയെ പോലെ തന്നെ! കുടുംബ ജീവിതം പോലും ഇല്ല; രാഹുലിന്റെ ജീവിതത്തിലൂടെ...

രാഹുല്‍ ഗാന്ധി എന്ന പേര് ഇന്ന് രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷയുടെ പേര് കൂടിയാണ്. ഇന്ത്യാചരിത്രം കണ്ട ഏറ്റവും വലിയ പരാജയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച നേതാവ് എന്ന നിലയില്‍ അല്ല അത്, സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ഒറ്റയ്ക്ക് നിന്ന് നയിക്കുന്നു എന്നതുകൊണ്ടാണത്.

...ആയതുകൊണ്ട് രാഹുല്‍ ഗാന്ധീ, വയനാട് അത്രയ്ക്കങ്ങ് ആഞ്ഞുപിടിക്കാതിരിക്കുന്നതാണുത്തമം!!!

രാഷ്ട്രീയ പ്രവേശനത്തിലും സ്ഥാനമാനങ്ങളുടെ ലബ്ധിയിലും മറ്റൊരു രാഷ്ട്രീയ നേതാവും നേരിടേണ്ടി വന്നിട്ടുള്ള ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധി. മുതുമുത്തച്ഛന്‍മാരായി ഉണ്ടാക്കിയെടുത്ത പാരമ്പര്യത്തിന്റെ തഴമ്പേറി തന്നെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. എന്നാല്‍ ഇന്നതിന് പതിനഞ്ച് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത്ര ചെറിയൊരു കാലയളവൊന്നും അല്ല അത്.

പക്ഷേ, ഇതിനിടയില്‍ രാഹുല്‍ നേരിടേണ്ടി വന്ന അസംഖ്യം ആരോപണങ്ങളുണ്ട്. കേട്ടാല്‍ ഞെട്ടുന്ന അപവാദ പ്രചാരണങ്ങളുണ്ട്, ആര്‍ക്കും പിടികൊടുക്കാത്ത സ്വകാര്യ ജീവിതരഹസ്യങ്ങളും ഉണ്ട്. മുത്തശ്ശിയും അച്ഛനും ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചുപോയി എന്നതിന്റെ പേരില്‍ നഷ്ടപ്പെട്ട അസംഖ്യം കാര്യങ്ങള്‍ കൂടിയുണ്ട് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തില്‍. ഇപ്പോള്‍ വയനാട്ടില്‍ നിന്ന് കൂടി രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന സാഹചര്യങ്ങള്‍ ചില അറിയാക്കഥകളിലേക്ക് കൂടി എത്തിനോക്കാം!

ദില്ലിയില്‍ ജനനം

ദില്ലിയില്‍ ജനനം

ദില്ലിയില്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ജനനം. 1970, ജൂണ്‍ 19ന്. അച്ഛന്‍ രാജീവ് ഗാന്ധിയുടേയും അമ്മ സോണിയ ഗാന്ധിയുടേയും ആദ്യത്തെ കണ്‍മണി. മുത്തശ്ശി ഇന്ദിര ഗാന്ധി അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യയും അടക്കി ഭരിക്കുന്ന ഉരുക്കുവനിതയാണ്. ചെറിയച്ഛന്‍ സഞ്ജയ് ഗാന്ധി മാരുതി മോട്ടോഴ്‌സ് ഉണ്ടാക്കുന്നത് രാഹുല്‍ ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം ആണ്.

രാജീവ് ഗാന്ധി അപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റ് ആയിരുന്നു. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ പൗരത്വം അന്ന് ഇന്ത്യയില്‍ അത്ര വലിയ ചര്‍ച്ചയൊന്നും ആയിരുന്നില്ല. പക്ഷേ, രാഹുലിന്റെ ചെറുപ്പ കാലത്തെ ഇന്ത്യ രാഷ്ട്രീയ കാലൂഷ്യങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

അടിയന്തരാവസ്ഥക്കാലം

അടിയന്തരാവസ്ഥക്കാലം

രാഹുല്‍ ഗാന്ധി കുഞ്ഞായിരിക്കുമ്പോള്‍ ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ കറുത്ത കാലഘട്ടം എന്ന് അറിയപ്പെടുന്ന അടിയന്തരാവസ്ഥ. ഒരുപക്ഷേ, രാഹുലിന്റെ ഓര്‍മയില്‍ പോലും ഇല്ലാത്ത ഒരു കാലഘട്ടം ആയിരിക്കണം അത്. കടുത്ത സുരക്ഷയ്ക്കുള്ളില്‍, എല്ലാ സുഖസൗകര്യങ്ങളോടും കൂടിയുള്ള ബാല്യകാല ജീവിതത്തില്‍ ഇന്ത്യയിലെ ഭരണകൂട ഭീകരതയില്‍ ഇല്ലാതായവരെ കുറിച്ചൊന്നും രാഹുല്‍ ഗാന്ധി എന്ന കുഞ്ഞ് അറിഞ്ഞേ കാണില്ലെന്ന് ഉറപ്പാണ്. അപ്പോഴേക്കും കൂട്ടിന് കുഞ്ഞനുജത്തി പ്രിയങ്കയും എത്തിയിരുന്നു.

പക്ഷേ, ഇന്ത്യാചരിത്രത്തിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ആ കാലഘട്ടത്തെ കുറിച്ച് രാഹുൽ പിന്നീട് പഠിച്ചുകാണും. തന്റെ മുത്തശ്ശിയുടെ ഏകാധിപത്യവും ഏറ്റുവാങ്ങേണ്ടി വന്ന പരാജയവും എല്ലാം രാഹുലിനും ഒരു പാഠപുസ്തകം തന്നെയാണ്.

വീട്ടിലിരുന്ന് പഠിക്കേണ്ടി വന്ന കാലം

വീട്ടിലിരുന്ന് പഠിക്കേണ്ടി വന്ന കാലം

ദില്ലിയിലെ സെന്റ് കൊളംബസ് സ്‌കൂളിലും ഡെറാഡൂണിലെ വിഖ്യാതമായ ഡൂണ്‍ സ്‌കൂളിലും ആയിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷേ, സ്‌കൂളില്‍ പോയി തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ രാഹുലിന് സാധിച്ചില്ല.

ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങുുകയും പ്രധാനമന്ത്രിയാവുകയും ചെയ്തു. നെഹ്‌റു കുടുംബത്തിന് മൊത്തത്തില്‍ സുരക്ഷ ഭീഷണിയുള്ള കാലം ആയിരുന്നു അത്. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സ്‌കൂളില്‍ പോയുള്ള പഠനം അവസാനിപ്പിക്കേണ്ടതായി വന്നു. രണ്ട് പേരും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് വീട്ടില്‍ ഇരുന്ന് പഠിച്ചായിരുന്നു.

ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതം

ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതം

തന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് രാഹുല്‍ ഗാന്ധിയ്ക്ക് മുത്തശ്ശിയെ നഷ്ടപ്പെട്ടത്. അതും ഒരു കൊലപാതകം. രാഹുല്‍ ഗാന്ധിയ്ക്ക് അന്ന് പ്രായം 14 വയസ്സ് മാത്രമാണ് എന്നോര്‍ക്കണം. അതിന്റെ ഓര്‍മകള്‍ രാഹുലിനെ ഇപ്പോഴും വേട്ടയാടുന്നുണ്ടാകും.

എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്കപ്പുറം രാഹുലിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം ആയിരുന്നു. സ്വന്തം പിതാവിന്റെ മരണം ആയിരുന്നു അത്. അതും കൊലപാതകം തന്നെ.

ഇതിനിടെ 1980 ല്‍, രാഹുലിന് പത്ത് വയസ്സുള്ളപ്പോള്‍ ചെറിയച്ഛന്‍ സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ദുരന്തങ്ങളുടെ തുടക്കം സത്യത്തിൽ അവിടെ നിന്നായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ ദുരന്തങ്ങള്‍ നേരിട്ട മറ്റ് നേതാക്കള്‍ വേറെ ഉണ്ടാകാന്‍ തന്നെ ഇടയില്ല. മുത്തശ്ശിയും അച്ഛനും കൊലചെയ്യപ്പെടുക, പിന്നീട് അതേ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി രംഗത്ത് വരിക. രാഹുലിന്റെ മുന്നില്‍ വലിയ വെല്ലുവിളികള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്.

റൗള്‍ വിന്‍സി എന്ന കള്ളപ്പേര്

റൗള്‍ വിന്‍സി എന്ന കള്ളപ്പേര്

ബിരുദ പഠനത്തിനായി രാഹുല്‍ ഗാന്ധി ചേര്‍ന്നത് ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ആയിരുന്നു. പക്ഷേ, ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേക്ക് മാറി.

ഇതിനിടെ ആണ് 1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തുടർന്ന് സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ കാരണം രാഹുല്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള റോളിന്‍സ് കോളേജിലേക്ക് പഠനം മാറ്റി.

അവിടെ സഹപാഠികള്‍ക്കാരും രാഹുല്‍ ഗാന്ധിയെ അറിയില്ലായിരുന്നു. റൗള്‍ വിന്‍സി എന്ന വ്യാജ പേരിലായിരുന്നു പഠനം. സര്‍വ്വകലാശാല അധികൃതര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളു. എന്തായാലും 1994 ല്‍ രാഹുല്‍ ബിരുദം പൂര്‍ത്തിയാക്കി.

കേംബ്രിഡ്ജില്‍ നിന്ന് എംഫില്‍, പിന്നെ ജോലി

കേംബ്രിഡ്ജില്‍ നിന്ന് എംഫില്‍, പിന്നെ ജോലി

1995 ല്‍ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് രാഹുല്‍ ഗാന്ധി എംഫില്‍ സ്വന്തമാക്കി. ഇക്കാര്യത്തില്‍ എന്തായാലും ആര്‍ക്കും സംശയങ്ങളോ ആക്ഷേപങ്ങളോ ഇല്ലെന്നത് മറ്റൊരു കാര്യം. ചോദിച്ചാൽ ഹാജരാക്കാൻ സർട്ടിഫിക്കറ്റുകൾ ആവശ്യത്തിനുണ്ട് എന്ന് സാരം.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ ഗാന്ധി ലണ്ടനിലെ ഒരു മാനേജ്‌മെന്‌റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. പിന്നീട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്കോപ്‌സ് സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും ആയി.

ഇത്രയും ആണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന് മുമ്പുള്ള കാര്യങ്ങള്‍. 1999 ല്‍ സോണിയ ഗാന്ധിയ്ക്ക് വേണ്ടി രാഷ്ട്രീയ പ്രചാരണത്തിനിറങ്ങിയത് മുതല്‍ യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നുണ്ട്.

അമേഠിയിലെ തുടക്കം

അമേഠിയിലെ തുടക്കം

സോണിയ ഗാന്ധിയ്ക്ക് ശേഷം, നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ്സില്‍ മുറവിളി ഉയര്‍ന്നുകൊണ്ടേയിരുന്നു. രാഹുലും പ്രിയങ്കയും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നായിരുന്നു പലരുടേയും ആവശ്യം. പ്രിയങ്കയ്ക്ക് വേണ്ടിയായിരുന്നു മിക്കവരും കൊതിച്ചിരുന്നത്. അക്കാലത്ത് പ്രിയങ്ക അത് നിഷേധിച്ചു. പക്ഷേ, പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുക തന്നെ ചെയ്തു.

2004 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നായിരുന്നു രാഹുലിന്റെ കന്നി അങ്കം. മുമ്പ് പിതാവ് രാജീവ് ഗാന്ധിയുടെ മണ്ഡലം ആയിരുന്നു അമേഠി. 1999 ല്‍ അമ്മ സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയതും അമേഠിയിലൂടെ തന്നെ ആയിരുന്നു.

2004 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി രാഹുലിന്റെ എതിരാളിയേ ആയിരുന്നില്ല. ബിഎസ്പിയ്ക്കും താഴെ മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ രാഹുല്‍ ഗാന്ധി നേടിയത് 2.9 ലക്ഷത്തിന്റെ ഭൂരിപക്ഷം ആയിരുന്നു. ആ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ 66.18 ശതമാനം വോട്ടുകളും രാഹുല്‍ ഗാന്ധി തന്നെ ആയിരുന്നു സ്വന്തമാക്കിയത്.

 രാഹുല്‍ ഗാന്ധിയുടെ കാമുകി... ആരാണ് ആ സുന്ദരി?

രാഹുല്‍ ഗാന്ധിയുടെ കാമുകി... ആരാണ് ആ സുന്ദരി?

രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ ജീവിതം മിക്കപ്പോഴും രഹസ്യങ്ങള്‍ നിറഞ്ഞതായിരുന്നു. അത് ഏതാണ്ട് ഇപ്പോഴും അതുപോലെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്.

1999 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടയിലെ ഒരു ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയും ഒരു പെണ്‍കുട്ടിയും ഒരുമിച്ചുള്ളതായിരുന്നു ആ ചിത്രം. പിന്നീട് 1999 ല്‍ ഇതേ പെണ്‍കുട്ടിയ്‌ക്കൊപ്പം രാഹുല്‍ ആന്‍ഡമാനില്‍ അവധിക്കാലം ചെലവഴിച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നു.

2003 ല്‍ രാഹുലും പ്രിയങ്കയും എല്ലാം അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലും ലക്ഷദ്വീപിലും എത്തിയപ്പോഴും ഇതേ പെണ്‍കുട്ടി കൂടെ ഉണ്ടായിരുന്നു. രാഹുലിന്റെ ഗേള്‍ ഫ്രണ്ട് ആണ് അത് എന്നായിരുന്നു എല്ലായിടത്തേയും വാര്‍ത്തകള്‍.

പേര് പോലും മാറിപ്പോയി

പേര് പോലും മാറിപ്പോയി

കൊളംബിയക്കാരിയായ യുവാനിറ്റ എന്നായിരുന്നു ആ യുവതിയുടെ പേര് ആഘോഷിക്കപ്പെട്ടത്. രാഹുല്‍ ഇംഗ്ലണ്ടില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയം ആണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ സത്യത്തില്‍ ആ യുവതിയുടെ പേര് വെറോണിക്ക എന്നായിരുന്നു. യുവാനിറ്റ എന്നത് മാധ്യമങ്ങള്‍ പരത്തിയ തെറ്റിദ്ധാരണ ആയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയത് രാഹുല്‍ ഗാന്ധി തന്നെ ആയിരുന്നു. 2004 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യ ടുഡേയിലെ മാധ്യമ പ്രവര്‍ത്തകയോടാണ് രാഹുല്‍ ഇക്കാര്യ വ്യക്തമാക്കിയത്.

വെറോണിക്ക തന്റെ ഗേള്‍ ഫ്രണ്ട് ആണെന്നും അവള്‍ വെനസ്വേലക്കാരിയോ കൊളംബിയക്കാരിയോ അല്ല, സ്‌പെയിന്‍കാരി ആണെന്നും രാഹുല്‍ വ്യക്തമാക്കി. വെറോണിക്ക ഒരു ആര്‍ക്കിട്ടെക്ട് ആണെന്നും അന്ന് രാഹുല്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്തായാലും ഉടന്‍ വിവാഹം ഉണ്ടാകില്ലെന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്.

ഇപ്പോള്‍ കാലം 2004 അല്ല, 15 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. പിന്നീട് ഒരിക്കല്‍ പോലും വെറോണിക്കയെ കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചിട്ടില്ല. അതിന് ശേഷം വെറോണിക്കയുടെ ഒരു ചിത്രം പോലും ലോകം കണ്ടിട്ടും ഇല്ല.

ബലാത്സംഗം ആരോപണം

ബലാത്സംഗം ആരോപണം

രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ എത്തി അധികം കഴിയും മുമ്പാണ് വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. അമേഠി മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകളെ രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു ആരോപണം.

ബിജെപിയുടെ നേതൃത്വത്തില്‍ ഈ ആരോപണം കുറേ നാള്‍ മാധ്യമങ്ങളില്‍ കത്തി നിന്നിരുന്നു. പക്ഷേ, ഒടുക്കം സുപ്രീം കോടതി തന്നെ ഈ കേസ് തള്ളിക്കളയുകയായിരുന്നു. അടുത്തിടെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഈ കേസ് വീണ്ടും ചര്‍ച്ചയാക്കാനുള്ള നീക്കം നടത്തിയിരുന്നു. പക്ഷേ, ബിജെപി പോലും ഇപ്പോള്‍ അതില്‍ വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്തായാലും ആ ആരോപണങ്ങളെ എല്ലാം രാഹുല്‍ ഗാന്ധി വിജയകരമായി മറികടന്നിരിക്കുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വരെ എത്തി നില്‍ക്കുകയാണ് രാഹുല്‍.

യുവജനങ്ങള്‍ക്കൊപ്പം

യുവജനങ്ങള്‍ക്കൊപ്പം

ഗ്രൂപ്പുകളികള്‍ കൊണ്ടും സ്ഥാപിത താത്പര്യങ്ങള്‍ കൊണ്ടും ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. 2007 ല്‍ രാഹുല്‍ ഗാന്ധിയെ യൂത്ത് കോണ്‍ഗ്രസിന്റേയും എന്‍എസ് യുവിന്റേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതുവരെ രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസില്‍ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്തായാലും യൂത്ത് കോണ്‍ഗ്രസിന്റേയും എന്‍എസ് യുവിന്റേയും ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ രാഹുല്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ടാലന്റ് ഹണ്ട് നടത്തി നേതാക്കളെ തിരഞ്ഞെടുത്ത് ഒരു രാഹുല്‍ ബ്രിഗേഡിനെ തന്നെ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി സൃഷ്ടിച്ചെടുത്തു. ഇതിനെതിരെ പാര്‍ട്ടിയ്ക്കുള്ളിലെ തന്നെ ചില താപ്പാനകള്‍ രംഗത്ത് വന്നെങ്കിലും രാഹുല്‍ പ്രഭാവത്തില്‍ അതെല്ലാം ഒലിച്ചുപോയി.

ദുരൂഹമായ അപ്രത്യക്ഷമാവലുകള്‍

ദുരൂഹമായ അപ്രത്യക്ഷമാവലുകള്‍

2014 ലെ തിരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധയില്‍ നില്‍ക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഏതാണ്ട് രണ്ട് മാസത്തോളം രാഹുല്‍ ഗാന്ധി അപ്രത്യക്ഷനായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എല്ലാം വഴിവച്ചിരുന്നു. ബാങ്കോക്ക്, കമ്പോഡിയ, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ആയിരുന്നു ഈ സമയം രാഹുല്‍ യാത്ര ചെയ്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഈ യാത്രയില്‍ ഉണ്ടായിരുന്നത് എന്നതും വ്യക്തമല്ല.

അതിന് ശേഷം, 2019 ജനുവരിയിലും രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകല്‍ ദേശീയ പ്രാധാന്യം നേടി. റാഫേല്‍ ഇടപാടില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിയ്ക്കും എതിരെ ആഞ്ഞടിയ്ക്കുന്നതിനിടെ ആയിരുന്നു ഈ അപ്രത്യക്ഷമാകല്‍.

അവധിക്കാലം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നു എന്ന ആരോപണം ഈ തിരഞ്ഞെടുപ്പ് കാലത്തും ഉയരും എന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Unknown stories of Rahul Gandhi- Raul Vinci was the fake name of Rahul Gandhi during his college days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X