സ്വപ്നങ്ങളൊക്കെയും തകര്‍ന്നുവല്ലോ

K E Ismailസര്‍വഭേദ്യമുറകളും ഒരു ജനപ്രതിനിധിയുടെ ശരീരത്തില്‍ ജയറാം പടിക്കലിന്റെ പൊലീസ് ഏല്‍പ്പിക്കുമ്പോള്‍ സിപിഐ നേതാവ് അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിക്കസേരയില്‍. സഭാ നേതാവായി അച്യുതമേനോന്‍ ഇരിക്കെ, സഭയിലെ ഒരംഗത്തെ പൊലീസ് ലോക്കപ്പിലിട്ട് അതിഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ അച്യുതമേനോന്‍ അടിയന്തരാവസ്ഥയുടെ അനിര്‍വചനീയമായ അനുഭൂതികള്‍ നുകര്‍ന്ന് മുഖ്യമന്ത്രിയായി വിരാജിച്ചു. വലിയൊരു മനുഷ്യസ്നേഹിയാണ് സഖാവെന്നും പില്‍ക്കാലത്ത് വാഴ്ത്തപ്പെട്ടു.

വെളിയം ഭാര്‍ഗവന്‍ മുതല്‍പേര്‍ അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്റെ സാമന്തന്മാരായി പൊലീസിനെ ഭരിച്ചു രസിച്ചു. നഞ്ചെന്തിന് നാനാഴി എന്ന ചൊല്ലിനെ അനുസ്മരിപ്പിച്ച് ഒന്നും രണ്ടുമായി നാട്ടിലുളള സിപിഐക്കാര്‍ മാര്‍ക്സിസ്റ്റുകാരെ ഒറ്റികൊടുത്തു. പൊലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഇനിയൊരിക്കലും ഈ പാര്‍ട്ടി നടുനിവര്‍ക്കില്ലെന്ന് കിനാവു കണ്ടു. സിപിഎമ്മുകാരെ പൊലീസ് അടിച്ചൊതുക്കി അവസാനിപ്പിക്കുമ്പോള്‍ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാവുമെന്നായിരുന്നു വെളിയത്തിന്റെയും കൂട്ടരുടെയും മനോരാജ്യം.

അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ ഇന്ദിരാഗാന്ധിയടക്കം തോറ്റമ്പിയെങ്കിലും അച്യുതമേനോന്‍ കരുണാകര മുന്നണി 111 സീറ്റു നേടി അധികാരം നിലനിര്‍ത്തി. മാര്‍ക്സിസ്റ്റ് ശല്യം എന്നെന്നേക്കുമായി തീര്‍ന്നു കിട്ടിയെന്ന സന്തോഷത്തില്‍ സിപിഐക്കാര്‍ പിന്നെയും സന്തോഷിച്ചു. 1977ലെ അവരുടെ ഭട്ടിന്‍ഡാ സമ്മേളനം വരെയേ ഈ സന്തോഷം നീണ്ടു നിന്നുളളൂ.

ചെയ്തതെല്ലാം തെറ്റെന്ന് കുമ്പസരിച്ചും ഇനിയൊരു ശല്യം മേലാല്‍ ഉണ്ടാക്കില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി നല്‍കിയും സിപിഎമ്മിനൊപ്പം സഖ്യം കൂടി. അപ്പോഴേയ്ക്കും മൂന്നു സംസ്ഥാനങ്ങളിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയായി സിപിഎം വളര്‍ന്നിരുന്നു.

സമ്പത്തും അധികാരവും സ്വാധീനവും അണികളും സിപിഐയുടേതിനെക്കാള്‍ ബഹുമടങ്ങ്. നേതാക്കളുടെ ഏതാജ്ഞയും ശിരസാവഹിക്കാന്‍ തയ്യാറുളള സുശക്തമായ സംഘടനാ സംവിധാനം. ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ സിപിഎം നേതാക്കള്‍ വിലസിയപ്പോള്‍ നനഞ്ഞ കോഴിയുടെ ദൈന്യതയുമായി സിപിഐ ഇടതുകോലായില്‍ തണുപ്പാറ്റി നിന്നു.

ഏറെക്കാലം ദേശീയ ബൂര്‍ഷ്വാസിയുടെ സഹായത്തോടെ ഭരിച്ചിട്ടും സര്‍വജ്ഞാനികളായ നേതാക്കന്മാരുണ്ടായിട്ടും സിപിഐ മെലിഞ്ഞേ പോയി. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ എംഎന്‍ സ്മാരകത്തില്‍ വൈകുന്നേരം എല്ലാവരും ഒത്തുകൂടി ചായകുടിയും ചര്‍ച്ചയുമായി. ഇടവേളകളില്‍ പൊതുയോഗങ്ങളില്‍ ഗംഭീരമായി പ്രസംഗിച്ചും പത്രങ്ങളില്‍ കോളമെഴുതിയും സിപിഐക്കാര്‍ തങ്ങളും ജീവിച്ചിരിപ്പുണ്ടേ എന്ന് പ്രഖ്യാപിച്ചു.

പാര്‍ട്ടിയില്‍ തങ്ങളുടെ ചിന്താഗതിയെ എതിര്‍ത്തവരെ ചൈനാ ചാരന്മാരെന്ന് മുദ്രയടിച്ച് പൊലീസിന് ഒറ്റികൊടുത്ത് ഒതുക്കാന്‍ 1962ല്‍ ശ്രമിച്ചു. അടിയന്തരാവസ്ഥക്കാലത്താകട്ടെ ക്രൂരമായ ഭേദ്യമുറകളിലൂടെ തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ എന്നെന്നേയ്ക്കുമായി വേരറുത്തുകളയാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നിട്ട് സംഭവിച്ചതോ?

വിധിയുടെ വിളയാട്ടമെന്നേ പറയേണ്ടൂ, ആരെ നശിപ്പിക്കാനാണോ ഒരു പുരുഷായുസ്സു മുഴുവന്‍ വെളിയവും സംഘവും സര്‍വ ശക്തിയുമെടുത്ത് ശ്രമിച്ചത്, അവരുടെ ദയയില്‍ കഴിയേണ്ട അവസ്ഥ വന്നു പെട്ടു. ഇന്ന് ദേശീയ ജനാധിപത്യ വിപ്ലവ ശിങ്കങ്ങള്‍ക്ക് പ‍ഞ്ചായത്ത് വാര്‍ഡ് ജയിക്കണമെങ്കിലും സിപിഎം കനിയണം.

അവരുടെ തൊഴുത്തില്‍, അവരെറിഞ്ഞു തരുന്ന പുല്ലും വൈക്കോലും കാടിവെളളവും മോന്തി, അവരുടെ ചെലവിലും ദയാദാക്ഷിണ്യത്തിലും ശിഷ്ടകാലം കഴിച്ചു കൂട്ടേണ്ടി വരിക. കൂട്ടിനുളളത് പോയകാലത്തെക്കുറിച്ചുളള കൊതിപ്പിക്കുന്ന ഓര്‍മ്മകള്‍. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കുകതയല്ലാതെ നാമെന്തു ചെയ്യും?

എന്തൊക്കെയാണ് ആ ഓര്‍മ്മകള്‍? കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്ലാവരും കൂടി അന്ന് തീരുമാനിച്ചിരുന്നെങ്കില്‍? അഭിപ്രായ വ്യത്യാസം വിഴുങ്ങി ചെയര്‍മാന്‍ ഡാങ്കേയ്ക്ക് ശരണം വിളിച്ച് അന്ന് തറവാട്ടില്‍ കൂടിയിരുന്നെങ്കില്‍? എത്രകാലം നമ്മളീ രാജ്യം ഭരിച്ചേനെ? അടിയന്തരാവസ്ഥയെ എല്ലാവരും കൂടി അംഗീകരിച്ചിരുന്നെങ്കില്‍? യൗവനം സുന്ദരസുരഭിലവും ജീവിതം വിപ്ലവതീക്ഷ്ണവുമായി മുന്നേറുമായിരുന്നില്ലേ? ആരാണ് ഞങ്ങളുടെ പ്രിയ സഖാക്കളുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്? 1964ലെ പിളര്‍പ്പന്മാരല്ലേ, അല്ലേ, അല്ലേ!

അച്യുതമേനോന്റെ പിന്‍ഗാമിയായി പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാകും വരെ ലൈന്‍ വളരെ ക്ലിയറായിരുന്നു. പികെവിയുടെ പിന്‍ഗാമിയായി വെളിയം ഭാര്‍ഗവനും തുടര്‍ന്ന് കെ ഇ ഇസ്മായിലും ഒന്നാം നമ്പര്‍ നേതാക്കളായി വിലസേണ്ട, വിപ്ലവത്തിന്റെ പൗര്‍ണമി രാവുകള്‍ ഇനിയുമുദിച്ചിട്ടില്ല. 1964ലെ പിളര്‍പ്പല്ലേ കാരണം? അല്ലേ, അല്ലേ, അല്ലേ!!!

അതുമാത്രമോ, എത്രയോ തഴക്കവും പഴക്കവുമുളള സി കെ ചന്ദ്രപ്പനും പന്ന്യന്‍ രവീന്ദ്രനും എ ബി ബര്‍ദാനുമല്ലേ ദേശീയതലത്തില്‍ ഇടതുപക്ഷത്തെ നയിക്കേണ്ടത്? പകരമോ "പയ്യന്മാരായ" കാരാട്ടും യെച്ചൂരിയുമാണ് ദില്ലിയിലെ ചട്ടമ്പിമാര്‍. പാര്‍ട്ടി പിളര്‍ന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു ആ സ്ഥാനത്ത്? സി കെ ചന്ദ്രപ്പന്റെ രോഷം എങ്ങനെ പിണറായി വിജയന് മനസിലാവും?

സിപിഎമ്മുകാര്‍ക്ക് ബുദ്ധിയുദിക്കുന്നത് വൈകിയാണെന്നും, അവരില്ലായിരുന്നെങ്കില്‍ നമ്മളിപ്പോ വലിയ പുളളികളാകുമായിരുന്നു എന്ന് പതം പറഞ്ഞ് വിലപിക്കുന്നതിനും കാരണം ഒന്നേയൊന്ന്. വിദ്വേഷവിഷം കലര്‍ന്ന അസൂയ. അല്ലെങ്കില്‍, ദേശീയ തലത്തിലെ വെറും കേരളാ കോണ്‍ഗ്രസായ സിപിഐ, ഈ വിധം തെരുവില്‍ അഴിഞ്ഞാടാന്‍ എന്താണ് വേറെ പ്രകോപനം?

സിപിഎമ്മിന്റെ സംഘടനാ കരുത്തിന്റെ ബലത്തില്‍ എംപി, എംഎല്‍എ, എന്തിന് പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ സിപിഐക്കാര്‍ക്ക് ഒരുളുപ്പുമില്ല. എന്നാല്‍ എന്തെങ്കിലും ഗുണം ഇന്നുവരെ തിരിച്ചുണ്ടായിട്ടുണ്ടോ? സിപിഎമ്മുകാരെ പാരവെയ്ക്കാനും ദുഷിക്കാനും കിട്ടുന്ന ഒരവസരവും സിപിഐ ഇന്നോളം കളഞ്ഞിട്ടില്ല.

ചുരുക്കത്തില്‍ ഒരുപയോഗവുമില്ലാത്ത വിഷപ്പാമ്പിനെ മടിയില്‍ വെച്ച് താലോലിക്കുകയാണ് സിപിഎം. പിളര്‍പ്പിലൂടെ തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ നശിപ്പിച്ചവരോടുളള കൊടുംപകയും തീരാ വിദ്വേഷവുമാണ് സിപിഐ എന്ന പരാദത്തിന്റെ പ്രത്യയശാസ്ത്രം.

പുല്ലും വൈക്കോലും തരുന്ന, ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം സംഘടനാ ശക്തി ദാനം ചെയ്യുന്ന സിപിഎമ്മിനെ 44 വര്‍ഷം മുമ്പ് നടന്ന അനിവാര്യമായ ഒരു രാഷ്ട്രീയ സാഹചര്യത്തിന്റെ പേരില്‍ തെരുവില്‍ പുലഭ്യം പറയുന്ന സിപിഐ കാണിക്കുന്നത് പരമ നന്ദികേടാണ്. സ്വന്തം പാര്‍ട്ടി വളര്‍ത്താന്‍ കഴിവില്ലാത്ത വെളിയവും ഇസ്മായിലും സിപിഎമ്മിനു മേല്‍ കുതിര കയറിയിട്ട് കാര്യമുണ്ടോ?

ഇത്തിള്‍ വളരുന്നത് മാവിനെ നന്നാക്കാനല്ലല്ലോ!

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+