കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം മാണി അഥവാ അഭിനവ മുഖ്യമന്ത്രി

  • By കണാദന്‍
Google Oneindia Malayalam News

ഉമ്മന്‍ ചാണ്ടിയെക്കാള്‍ ഭേദമാണത്രെ കെ എം മാണിസാര്‍. വേറാരും പറയുന്നതല്ല കേട്ടോ. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതാണ്. കഴിഞ്ഞ ദിവസം സി പി എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ എസ് ആര്‍ രാമചന്ദ്രന്‍ പിള്ളയും പറഞ്ഞതും ഏകദേശം ഇങ്ങനൊക്കെത്തന്നെയാണ്. വര്‍ഗീയപാര്‍ട്ടിയായ ലീഗിനെയല്ലല്ലോ ജനാധിപത്യപാര്‍ട്ടിയായ കേരള കോണ്‍ഗ്രസല്ലേ, വരട്ടെ ആലോചിക്കാം എന്ന മട്ടിലാണ് മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ സി ദിവാകരനും.

ഏതായാലും വീഴാന്‍ പോകുവാണ്. എന്നാല്‍പ്പിന്നെ തങ്ങളുടെ വകയായും കിടക്കട്ടെ ഒരു തള്ള് എന്ന് ഇടതുപക്ഷം ചിന്തിച്ചാല്‍ തെറ്റ് പറയാനില്ല. കുതിരക്കച്ചവടം നടത്തി തങ്ങള്‍ മുഖ്യമന്ത്രിയാകില്ല എന്നേ സി പി എം പറഞ്ഞിട്ടുള്ളൂ. മറുകണ്ടത്തില്‍നിന്നും മറ്റൊരാളെ കണ്ടെത്തില്ല എന്ന് പറഞ്ഞിട്ടില്ല. പറഞ്ഞുവരുമ്പോള്‍ ഉമ്മന്‍ചാണ്ടിയെക്കാള്‍ മാത്രമല്ല, വി എസ് അച്യുതാനന്ദനെക്കാളും ഭേദമാണല്ലോ മാണിസാര്‍.

KM Mani

140 അംഗങ്ങളുണ്ട് കേരള നിയമസഭയില്‍. ഇവരില്‍ പലരും മുഖ്യമന്ത്രാകാന്‍ യോഗ്യരാണ് താനും. മുണ്ടൂരാന്‍ വിവാദനായകന്‍ രാജ് മോഹന്‍ ഉണ്ണിത്താന് ഇതില്‍ തെല്ലുമില്ല സംശയം. മാണിസാറ് വേണേല്‍ പ്രധാനമന്ത്രി വരെയാകാന്‍ യോഗ്യനാണ് എന്നായിരുന്നു ഉണ്ണിത്താന്റെ പ്രസ്താവന. വേണമെങ്കില്‍ തങ്ങള്‍ത്തന്നെ മാണിസാറിനെ മുഖ്യനാക്കും എന്ന് പറഞ്ഞില്ലെന്നേയുള്ളൂ, നിങ്ങള്‍ക്ക് വിട്ടുതരുന്നതിലും ഭേദം അതാണെന്നൊരു ധ്വനി അതില്‍ ഇല്ലാതെയില്ല.

മാണിസാറിനാകട്ടെ, ആകെയുള്ളത് 9 എം എല്‍ എമാരാണ്. താന്‍ സീനിയറാണെന്ന് പി സി ജോര്‍ജ്ജിനെക്കൊണ്ട് ഇടക്കിടെ പറയിപ്പിക്കുന്നതല്ലാതെ സ്ഥിതപ്രജ്ഞനായ മാണിസാറിന് അതൊന്ന് പ്രൂവ് ചെയ്യാന്‍ ഒരവസരം വന്നിട്ടില്ല ഇതേവരെ. കേരള കോണ്‍ഗ്രസ്, ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും എന്ന് പറഞ്ഞ കണക്കിനുള്ള കുടുംബപ്പാര്‍ട്ടിയാണ് എന്ന ആക്ഷേപം അവിടിരിക്കട്ടെ, നല്ല ഒന്നാന്തരം ജനാധിപത്യ വിശ്വാസിയാണ് മാണിസാറെന്ന് സാക്ഷാല്‍ ഇടതുപക്ഷം വരച്ച സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട്.

ഇപ്പോളൊത്താലൊത്തു എന്ന പറഞ്ഞ കണക്കിന് കിട്ടിയ ലോട്ടറിയാണ് മുഖ്യമന്ത്രി സ്ഥാനം. ജ്യോതിബസുവിന് പറ്റിയ പോലൊരു ചരിത്രപരമായ വിഡ്ഡിത്തം പറ്റാതെ നോക്കിയാല്‍ മുന്‍മുഖ്യമന്ത്രി ആയി ഇനിയുള്ള കാലം വിലസിനടക്കാം. മകന്‍ ജോസ് കെ മാണിയെ ആരെയേല്‍പ്പിച്ചുപോകും എന്നതുമാത്രമാണ് ആകെയുള്ളൊരു വേവലാതി. അഥവാ ഇനി മുഖ്യമന്ത്രിയായില്ലെങ്കിലും താനതിനൊക്കെ യോഗ്യനാണ് എന്നൊരു ധ്വനിയെങ്കിലും ഉണ്ടാക്കാനായില്ലേ.

വാല്‍ക്കഷണം: പ്രതിപക്ഷം എന്തായാലും അംഗീകരിച്ചു. ഇനിയിപ്പോ ഭരണപക്ഷം കൂടിയങ്ങ് സമ്മതിച്ചാല്‍ കേരളത്തിന്റെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുഖ്യനാകില്ല മാണിസാര്‍ എന്നാര് കണ്ടു? ഇടത്തായാലും വലത്തായാലും മാണിസാര്‍ കാലുവാരുമോ എന്നൊരു സംശയം വേണ്ട. അതിന് സാറിന്റെ ചരിത്രം മാത്രം നോക്കിയാല്‍ മതി.

English summary
Kerala congress leader KM Mani has a chance to become Kerala Chief Minister with LDF support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X