• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പത്രപ്രവര്‍ത്തകയൂനിയന്‍ ജൂബിലി ആഘോഷം 31ന്

  • By കിഷന്‍ജി

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഒരേ ഒരു സംഘടന എന്ന് അവകാശപ്പെടുന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ)സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം? അതിനേക്കാളും എളുപ്പമുള്ള ചോദ്യം 2500ഓളം വരുന്ന മാധ്യമപ്രവര്‍ത്തകരില്‍ എത്ര പേര്‍ക്കറിയാം ഇത്തരം ഒരു ആഘോഷത്തെ കുറിച്ച്. എന്നതാണ്. ഒരു കൊല്ലത്തോളം നീണ്ട ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിച്ച് ദില്ലിയില്‍ ആഗസ്ത് 31ന് 'മഹാ സമ്മേളനം' നടത്താനുള്ള ഒരുക്കത്തിലാണ് സംഘടനയിപ്പോള്‍. സംസ്ഥാനത്ത് നിന്ന് 50 പേരോളം പങ്കെടുക്കുന്ന ഈ 'വന്‍ സമ്മേളനത്തില്‍' രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണി അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഭക്ഷ്യ, പൊതുവിതരണ മന്ത്രി കെവി തോമസ്, വാര്‍ത്താവിതരണമന്ത്രി മനീഷ് തിവാരി എന്നിവര്‍ ഹാജരാകും. 2012 സെപ്തംബര്‍ 13ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ചുരുക്കത്തില്‍ തുടക്കവും ഒടുക്കവും അടിപൊളി.

ഒരു കൊല്ലകാലമായി സംഘടന നടത്തിയ ആഘോഷപരിപാടികള്‍ എന്താണ്? സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചില്ലറ സെമിനാറുകളും പ്രദര്‍ശനങ്ങളും നടത്തി. എല്ലാം നല്ല എക്‌സിക്യുട്ടീവ് രീതിയില്‍. ഉദ്ഘാടനവും സമാപനവും പോലെ. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ച രീതി തന്നെയാണ് കെയുഡബ്ല്യുജെ എന്ന സംഘടന ജനങ്ങളില്‍ നിന്നും അണികളില്‍ നിന്നും എത്രമാത്രം അകന്നുവെന്ന് വ്യക്തമാക്കാന്‍.

ജനങ്ങളെ അറിയിക്കുന്ന, അണികളെ ഇളക്കി മറിയ്ക്കുന്ന ഒരു പരിപാടി പോലും നടത്താന്‍ സാധിച്ചില്ലെന്നതാണ് പ്രശ്‌നം. അണികളെ ഇളക്കി മറിയ്ക്കാന്‍ സിനിമാറ്റിക് ഡാന്‍സ് നടത്താം എന്നു പറയും മുമ്പ് ഇതേ കുറിച്ച് ഗൗരവത്തോടെ തന്നെ ചിന്തിക്കാന്‍ എല്ലാവരും തയ്യാറാവണം.

പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചിട്ട് എന്തു നേടി? പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്ന ക്രെഡിറ്റ് മാത്രം. ആ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ ഒരു പ്രഖ്യാപനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍, വേജ് ബോര്‍ഡ് നടപ്പാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഒരു പരാമര്‍ശം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ചുരുക്കത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുന്നുവെന്ന കാര്യം കേരളം മുഴുവന്‍ അറിയിക്കാനും അണികളുടെ പരിപൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താനും സാധിച്ചില്ലെന്നത് ഒരു പരമാര്‍ത്ഥമാണ്.

പത്രപ്രവര്‍ത്തക യൂനിയന്‍ ഒരു തൊഴിലാളി സംഘടനയാണ്. അണികളുടെ ആവശ്യങ്ങളും അവരുടെ പിന്തുണയുമാണ് സംഘടന ലക്ഷ്യം വെയ്‌ക്കേണ്ടത്. ഏതെങ്കിലും ഒരു സംഘടനയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണെങ്കില്‍ എന്തിനായിരിക്കും അതിന്റെ അമരക്കാര്‍ പ്രാധാന്യം കൊടുക്കുക. അവര്‍ അണികളെ ഉത്തേജിപ്പിക്കാനും അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരാനുമുള്ള സുവര്‍ണാവസരമായിട്ടായിരിക്കും ഇതിനെ ഉപയോഗപ്പെടുത്തുകയെന്ന കാര്യത്തില്‍ സംശയം വേണ്ട. സംഘടനയുടെ ശക്തിപ്രകടനമാണ് നടക്കേണ്ടത്. ദില്ലിയില്‍ നടക്കാന്‍ പോകുന്നത് വെറും ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങാണ്.

ദില്ലിയില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം വെച്ചതെന്തിനാണ്? കേരളത്തില്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചാല്‍ രാഷ്ട്രപതി വരില്ലേ? അതല്ല രാഷ്ട്രപതി ഇതില്‍ പങ്കെടുക്കുന്നതുകൊണ്ട് വല്ല പ്രത്യേക മെച്ചവുമുണ്ടോ? ഭാരവാഹികള്‍ക്കുള്ള ക്രെഡിറ്റ് മറന്നുകൊണ്ടല്ല പറയുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ ക്രെഡിറ്റ് മാത്രമേ ഇതിലുള്ളൂ. ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഓരോ അംഗത്തിനും അവകാശമുണ്ട്. സമാപനസമ്മേളനം വെറും എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗമാക്കി ചുരുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന കാര്യത്തില്‍ സംശയമില്ല.

ചുരുക്കത്തില്‍ ക്ലബ്ബുകള്‍ വാര്‍ഷിക സമ്മേളനം നടത്തുന്ന തരത്തിലേക്ക് യൂനിയന്‍ മാറി പോയിരിക്കുന്നു. അത്തരം സമ്മേളനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട അതിഥിയെ കൊണ്ടു വരുന്നത് അതിന്റെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ഇവിടെ ഇത് തൊഴിലാളി സംഘടനയാണ്. തൊഴിലാളികളുടെ പിന്തുണയാണ് വേണ്ടത്. കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ദില്ലി യോഗത്തിന് ടിക്കറ്റില്ലെന്നതാണ് ഏറ്റവും രസകരം.

ദില്ലിയിലെ എക്‌സിക്യുട്ടീവ് സമ്മേളനം സ്‌പോണ്‍സര്‍ ചെയ്യാന്‍ പലരും കാണും. അതുകൊണ്ട് തന്നെ ഇത് ടൂറാണെന്നും പത്തുലക്ഷത്തോളം ചെലവാകുമെന്നും ആരോപിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, കേരളത്തിലെ സംഘടനയുടെ സമ്മേളനം കേരളത്തിലാണ് നടക്കേണ്ടത്. ദില്ലിയിലും ബാംഗ്ലൂരിലും ചെന്നൈയിലും ബ്രാഞ്ചുകളുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലെ ഏതെങ്കിലും ജില്ലാ കേന്ദ്രത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുകയും ആയിരത്തോളം അംഗങ്ങള്‍(മുഴുവന്‍ പേരും എന്തായാലും എത്തില്ല) പങ്കെടുക്കുകയും ചെയ്താലുള്ള സ്ഥിതിയൊന്ന് ആലോചിച്ച് നോക്കൂ. ഈ സുവര്‍ണ ജൂബിലി ആഘോഷത്തെ സംഘടനയുടെ കെട്ടുറപ്പ് ഊട്ടിയുറപ്പിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ സംഘടനയുടെ നേട്ടത്തിനായി നേതാക്കള്‍ പരിശ്രമിക്കുന്ന കാലം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

വാല്‍ക്കഷണം: ഇനി പറയാന്‍ പറ്റില്ല, വേജ് ബോര്‍ഡ് രാജ്യത്താകെ നടപ്പാക്കാനുള്ള ഉത്തരവുമായിട്ടായിരിക്കും എക്‌സിക്യുട്ടീവന്മാര്‍ ചിലപ്പോള്‍ മടങ്ങുക. അങ്ങനെ വന്നാല്‍ അണികളെ ഗംഭീര സ്വീകരണം തന്നെ ഒരുക്കണം.

English summary
President Pranab Mukherjee will inaugurate closing ceremony of Kerala Union of Working Journalists (KUWJ) golden jubilee in New Delh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more