കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ട് തുറന്നാൽ എന്തുസംഭവിക്കും? അതിന് ആദ്യം അണക്കെട്ട് എന്തെന്നറിയണം, ഇടുക്കിയെ കുറിച്ചെങ്കിലും

  • By Desk
Google Oneindia Malayalam News

ഇടുക്കി ജലസംഭരണി തുറക്കുമോ എന്ന ആശങ്കയില്‍ ആണ് കേരളം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജലസംഭരണിയിലെ വെള്ളം തുറന്ന് വിടേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനി തുറന്ന് വിടുകയാണെങ്കില്‍ തന്നെയും നിയന്ത്രിതമായ രീതിയില്‍ മാത്രമേ അണക്കെട്ട് തുറക്കുകയുള്ളൂ.

സത്യത്തില്‍ അണക്കെട്ടുകളെ കുറിച്ച് നമുക്ക് എന്ത് അറിയാം എന്നത് തന്നെ വലിയ ചോദ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിനെ കുറിച്ച് പോലും നമുക്ക് കാര്യമായി ഒന്നും അറിയില്ല. ഇടുക്കി ജലസംഭരണിയില്‍ മൂന്ന് അണക്കെട്ടുകള്‍ ആണുള്ളത് എന്നത് പോലും അറിയാത്തവരാണ് പലരും. ഇടുക്കി അണക്കെട്ട് എന്ന് വിളിക്കുന്ന ഇടിക്കി ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല എന്ന കാര്യവും പലര്‍ക്കും അറിയില്ല.

അണക്കെട്ടുകളെ കുറിച്ച് പറയുകയാണ് വിശ്വപ്രഭ തന്‍റെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന അണക്കെട്ടുകള്‍ തുറന്നുവിടുന്പോള്‍ എന്ന കുറിപ്പുകളിലൂടെ.... അത് വായിക്കാം.

എന്താണ് ഇടുക്കി ജലസംഭരണി

എന്താണ് ഇടുക്കി ജലസംഭരണി

ചിത്രങ്ങളിൽ കാണുന്നതുപോലെ ഭയാനകമായൊന്നും ഇടുക്കി അണക്കെട്ട് ഇപ്പോൾ തുറന്നുവിടേണ്ടി വരില്ല. മിക്കവാറും ഇക്കൊല്ലം, ഒട്ടും തുറക്കേണ്ടിത്തന്നെ വരില്ല.

ചുറ്റുപാടും ഉയർന്നുനിൽക്കുന്ന മലകളുടെ ഒരു കോട്ടയാണ് ഇടുക്കി സംഭരണി അഥവാ തടാകം അഥവാ റിസർവ്വോയർ. ആ കോട്ടയിൽ മൂന്നിടത്ത് വിടവുകളുണ്ട്. അവ കൊട്ടിയടക്കാനാണ് മൂന്നു ഡാമുകൾ പണിതിരിക്കുന്നത്. മൂന്നിനും മൂന്നു വലിപ്പമാണ്. ഡാമിന്റെ നീളം കൊണ്ടും ഉയരം കൊണ്ടും ഘനം കൊണ്ടും.

ഏകദേശം 650 ചതുരശ്രകിലോമീറ്റർ വൃഷ്ടിപ്രദേശത്തെ മഴവെള്ളമാണ് ഇടുക്കി ജലസംഭരണിയിൽ എത്തിച്ചേരുന്നത്. പൂർണ്ണമായി നിറയുമ്പോൾ സംഭരണി (റിസർവ്വോയർ) 60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു വലിയ തടാകമായി മാറുന്നു. ഏകദേശം 180 മീറ്റർ പരമാവധി ആഴമുള്ള ഈ തടാകം മൊത്തമായി കഷ്ടി 2,000,000 ക്യുബിക് മീറ്റർ വെള്ളം ഉൾക്കൊള്ളും. അതിൽ ഉപയോഗയോഗ്യമായി പുറത്തേക്കെടുക്കാവുന്ന വെള്ളം 1,460,000 ക്യുബിക് മീറ്റർ വരും.

ഇടുക്കി സംഭരണിയും ഇടുക്കി ഡാമും ഒന്നല്ല. ഇടുക്കി ഡാമുകൾ തന്നെ ഒന്നല്ല, മൂന്നെണ്ണമുണ്ട്.

അതിനാൽ സംഭരണികളെപ്പറ്റിയും അവയെ പോറ്റിനിർത്തുന്ന ഡാമുകളെപ്പറ്റിയും പൊതുവായും ഇടുക്കി പദ്ധതിയെക്കുറിച്ച് പ്രത്യേകമായും സ്വല്പം എഴുതാം:

ഉറുമ്പിനു ചിരട്ട മഹാസമുദ്രം

ഉറുമ്പിനു ചിരട്ട മഹാസമുദ്രം

ഒരു അണക്കെട്ടിന്റെ കരുത്ത് എന്തിലാണ്? വലിപ്പം കൊണ്ട് സാധാരണ പരിചയമുള്ള നമ്മുടെ തോതുകളിലല്ലെങ്കിലും വളരെ ലളിതമായ ഒരു കാര്യമാണ് അണ കെട്ടുന്നതിന്റെ ബലതന്ത്രം. തൊടിയിൽ വാഴയ്ക്കോ തെങ്ങിനോ നെല്ലിനോ ചാലിട്ടു തടത്തിൽ വെള്ളം തിരിക്കുമ്പോൾ, അല്ലെങ്കിൽ കൊച്ചുന്നാളിൽ മീൻ പിടിച്ചുകളിക്കുമ്പോൾ, ഒക്കെ നാം അണക്കെട്ടുകളുടെ കൊച്ചുരൂപങ്ങൾ വിജയകരമായിത്തന്നെ സൃഷ്ടിക്കാറുണ്ട്.

ഒരു പാത്രത്തിൽ വെള്ളം നിറച്ചുവെക്കുമ്പോൾ അതിന്റെ ഭിത്തികളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും? പാത്രത്തിന്റെ വിസ്താരത്തിനെ (പരപ്പിനെ) ആശ്രയിച്ചിരിക്കുമോ? അതോ വെള്ളത്തിന്റെ ആഴത്തിനെ മാത്രമോ?

വെള്ളത്തുള്ളികളുടെ ഭാരം

വെള്ളത്തുള്ളികളുടെ ഭാരം

പാത്രത്തിലെ ഏകദേശം അടിത്തട്ടിലുള്ള ഒരു വെള്ളത്തുള്ളിയെ പരിഗണിക്കാം. അതിനു നേർ മുകളിലുള്ള വെള്ളത്തിന്റെ മൊത്തം ഭാരം ആ തുള്ളി വഹിക്കുന്നുണ്ട്. അതേ ആഴത്തിലുള്ള മറ്റൊരു തുള്ളിയും അത്ര തന്നെ ഭാരം വഹിക്കുന്നുണ്ടാവും. ഈ രണ്ടുതുള്ളികൾക്കും എങ്ങനെയെങ്കിലും ആ ഭാരം ഒഴിവാക്കണമെന്നാണ് ആശ. താഴേക്കു പോകാനാവില്ല. അവിടെയും വെള്ളമുണ്ട്. മുകളിലേക്കു പൊങ്ങാനുമാവില്ല. പക്ഷേ, വെള്ളം ഒരു ദ്രാവകമായതിനാൽ, ഈ തുള്ളികൾക്ക് അന്യോന്യം (തിരശ്ചീനമായി) വഴുതിമാറാൻ കഴിയും. അങ്ങനെ വഴുതിമാറാൻ ആ വെള്ളത്തുള്ളികൾ സദാ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും അവിടെയൊക്കെ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ, പരസ്പരം തള്ളിക്കൊണ്ടിരിക്കാനേ അവയ്ക്കു കഴിയൂ. പാത്രത്തിന്റെ ഭിത്തിക്കരികിലുള്ള വെള്ളം ഭിത്തിയിലും ഈ തള്ളൽ ചെലുത്തിക്കൊണ്ടിരിക്കും. ഇതിനെയാണ് നാം ദ്രാവകമർദ്ദം എന്നു വിളിക്കുന്നത്.

പാസ്കല്‍ കണ്ടെത്തിയ കാര്യങ്ങള്‍

പാസ്കല്‍ കണ്ടെത്തിയ കാര്യങ്ങള്‍

പാസ്ക്കൽ എന്നു പേരുള്ളൊരാൾ ഇക്കാര്യം നല്ലവണ്ണം ആലോചിച്ചുറപ്പിച്ചു. എന്നിട്ട് ഇങ്ങനെ രണ്ടു കാര്യങ്ങൾ എഴുതിവെച്ചു:

1. ഒരു നിശ്ചിത ആഴത്തിലുള്ള ദ്രാവകത്തിന് മർദ്ദം (Pressure) ഉണ്ടാവുന്നത് അതു താങ്ങിനിൽക്കുന്ന (അതിനു നേർ മുകളിലുള്ള) ദ്രാവകത്തുള്ളികളുടെ മൊത്തം ഭാരം മൂലമാണ്.

2. ഒരു പാത്രത്തിലുള്ള ദ്രാവകത്തിൽ ഒരേ ആഴത്തിലുള്ള ഏതൊരു ബിന്ദുവിലും ഒരേ അളവു മർദ്ദമായിരിക്കും അനുഭവപ്പെടുക.

ഇതിനർത്ഥം,
1. ദ്രാവകത്തിന്റെ ഏറ്റവും മേൽത്തട്ടിൽ മർദ്ദം പൂജ്യം ആയിരിക്കും. താഴോട്ടുചെല്ലുംതോറും അതു ക്രമമായി കൂടിക്കൊണ്ടിരിക്കും.
2. പാത്രത്തിന്റെ പരപ്പ് എത്രയെന്നതു് മർദ്ദത്തിനെ ബാധിക്കുന്നില്ല. പക്ഷേ ആഴം കൂടും തോറും മർദ്ദം കൂടും.

അടുക്കളപ്പാത്രം പോലൊരു അണക്കെട്ട്

അടുക്കളപ്പാത്രം പോലൊരു അണക്കെട്ട്

നമ്മുടെ അടുക്കളയിലെ ഒരു പാത്രം പോലെത്തന്നെയാണ് ഇടുക്കി (അല്ലെങ്കിൽ മുല്ലപ്പെരിയാർ അതുമല്ലെങ്കിൽ വേറെ ഏതൊരു) അണക്കെട്ടും. അളവുകൾ (തോതുകൾ) നമുക്കു നിത്യപരിചയമുള്ളതിനേക്കാൾ വളരെ വലുതാണെന്ന വ്യത്യാസമേയുള്ളൂ. അണക്കെട്ടിലെ വെള്ളത്തിന്റെ ബലം (Force) മുഴുവൻ അതിന്റെ ആഴത്തിലാണ്. പരപ്പിലല്ല!

ആയതുകൊണ്ട് ആ ബലത്തിനെ എതിരിടാൻ നമുക്ക് അത്ര തന്നെ ആഴത്തിൽ, എന്നാൽ ജലത്തേക്കാൾ വളരെക്കൂടുതൽ ഘനമുള്ള (സാന്ദ്രതയുള്ള) മറ്റൊരു പദാർത്ഥം കൊണ്ട് തടയിട്ടാൽ മതി. ജലത്തേക്കാൾ കനമുള്ളതാണല്ലോ മണ്ണ്. അതുകൊണ്ട് മണ്ണു മാത്രമെടുത്തു് അത്രയും ഉയരത്തിലും അത്യാവശ്യത്തിന് വീതിയിലും ഘനത്തിലും ഒരു ഭിത്തികെട്ടിയാൽ ആ ജലത്തെ അപ്പാടെ തടുത്തുനിർത്താം.

ഗ്രാവിറ്റി ഡാമുകള്‍

ഗ്രാവിറ്റി ഡാമുകള്‍

അതായത് ആ ഭിത്തിയുടെ കരുത്ത് അതിന്റെ തന്നെ ഭാരമാണ്! ഇത്തരം ഭിത്തികളാണ് അണക്കെട്ടുകൾ. ഭാരം തന്നെ പ്രതിബലമായി പ്രയോജനപ്പെടുത്തുന്ന അണക്കെട്ടുകളെ ഗ്രാവിറ്റി ഡാമുകൾ എന്നും വിളിക്കാം. ഗ്രാവിറ്റി ഡാമുകൾ മണ്ണുകൊണ്ടോ ഇഷ്ടികപ്പണികൊണ്ടോ കരിങ്കൽപ്പണികൊണ്ടോ ചെയ്യാം.

കേരളത്തിലെ ഒട്ടുമിക്ക ഡാമുകളും ഇത്തരം ഗ്രാവിറ്റി ഡാമുകളാണ്. അവയിൽ ചിലത് കരിങ്കൽക്കെട്ടുകൊണ്ടാണ്. കുറച്ചെണ്ണം മണ്ണുകൊണ്ടുമുണ്ട്. എന്നാൽ ഇത്തരം ഡാമുകളിലെ സുഷിരങ്ങളിൽക്കൂടി വെള്ളം അരിച്ചുകയറിയാൽ (ചോർച്ച വന്നാൽ) കാലക്രമേണ ഉള്ളു ദ്രവിച്ച് അവയുടെ ഭാരം കുറഞ്ഞുവരാം.വെള്ളം തടുക്കാനുള്ള അവയുടെ കരുത്തു കുറയാം. അങ്ങനെ വരാതിരിക്കാൻ വേണ്ടി, മിക്കപ്പോഴും ഇത്തരം ഡാമുകൾക്കു മുന്നിലും പിന്നിലും ആവരണം (capping) നൽകിയിട്ടുണ്ടാവും.

വശംതാങ്ങികൾ (Abutments)

വശംതാങ്ങികൾ (Abutments)

അണക്കെട്ടുകളുടെ ഉറപ്പോളം തന്നെ പ്രധാനമാണ് അവയുടെ ഇരുവശത്തുമുള്ള താങ്ങുകളുടെ (abutments) ഉറപ്പും. എത്രവലിയ അണക്കെട്ടായാലും അവയുടെ വശങ്ങൾ ബലഹീനമായിരുന്നാൽ പോയില്ലേ കാര്യം? വെള്ളം അണക്കെട്ടിനെ ഒട്ടും ഗൗനിക്കാതെ, ആ വശങ്ങളെ ഇടിച്ചുതകർത്ത് വളഞ്ഞു മുന്നോട്ടൊഴുകും. അതിനാൽ, എവിടെ അണക്കെട്ടുപണിയുമ്പോഴും അവയ്ക്കു താങ്ങായി ഇരുവശത്തും ബലിഷ്ഠമായ അബട്ട്മെന്റുകൾ നിർബന്ധമാണ്. ചിലപ്പോൾ വശങ്ങളിലേക്കു നീണ്ടുകിടക്കുന്ന കുന്നുകളുടെയോ പാറയുടേയോ രൂപത്തിൽ പ്രകൃത്യാ അത്തരം വശംതാങ്ങികൾ ഉണ്ടാകാം. അഥവാ അങ്ങനെയില്ലാത്ത അവസരങ്ങളിൽ അവിടെ കൃത്രിമമായി കോൺക്രീറ്റ് കൊണ്ടോ മണ്ണുകൊണ്ടോ കൽക്കെട്ടുകൊണ്ടോ പുതുതായി വശംതാങ്ങികൾ നിർമ്മിക്കേണ്ടിവരും.

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ആർച്ച് ഡാം

ഇടുക്കി ഡാമുകളിൽ ഏറ്റവും ഉയരമുള്ളതിനെയാണ് നാം ഇടുക്കി ആർച്ച് ഡാം എന്നു വിളിക്കുന്നത്. നിർമ്മാണരീതികൊണ്ട് പല പ്രത്യേകതകളുമുള്ള ഈ ഡാം ഇടുക്കിയിലെ മലനിരകൾ ഒത്തുചേർന്നു ചുറ്റിനിന്നു സൃഷ്ടിച്ച മലക്കോട്ടയുടെ ഏറ്റവും ആഴമുള്ള വിടവിനെയാണ് നികത്തുന്നത്.

മലക്കോട്ടയുടെ ഈ വിടവിന് ഇരുവശത്തുമായി പ്രകൃത്യാ തന്നെ രണ്ടു വലിയ മലകൾ (പാറകൾ) സ്ഥിതി ചെയ്യുന്നുണ്ട് (കുറവൻ മലയും കുറത്തിമലയും). ഒരു അണക്കെട്ടു പണിയാൻ എന്തുകൊണ്ടും സൗകര്യമായ നിലയിലാണ് ഈ രണ്ടു കൂറ്റൻ പാറകളുടേയും നില്‍പ്. അതിബലിഷ്ഠമായ ആ വശംതാങ്ങികൾക്കിടയിൽ ഒരു അണകെട്ടിയാൽ മാത്രം മതി.

അടിത്തട്ട് (ഫൗണ്ടേഷൻ) മുതൽ മേൽക്കൂട് (ക്രെസ്റ്റ്) വരെ ഈ ഡാമിന്റെ ഉയരം 169 മീറ്റർ. വിലങ്ങനെയുള്ള നീളം 365.85 മീറ്റർ. ശുദ്ധമായ കോൺക്രീറ്റ് മാത്രം ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക വൻകിട ഡാം ആണിത്.

വിശ്വ പ്രഭയുടെ ഫേസ്ബുക്ക് കുറിപ്പ്

വിശ്വ പ്രഭയുടെ കുറിപ്പ് ഫേസ്ബുക്കിൽ വായിക്കാം...

ഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യംഇടുക്കി ഡാമിന് തുറക്കാൻ ഷട്ടറില്ല! ഡാം അല്ല സംഭരണി, രണ്ടായിരത്തിലധികം അടി ഉയരവും ഇല്ല? ഇതാണ് സത്യം

24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ്... ടോർച്ച്, റേഡിയോ, ഉണക്കമുന്തിരി, കത്തി; കൈയ്യില്‍ എടുക്കേണ്ടവ

ഇടുക്കി തുറന്നാല്‍ ഭീമന്‍ മീനുകളുടെ കൊടും ചാകര ഉറപ്പ്; ചാടുന്ന മീനിന്റെ പിറകേ ചാടിയാൽ അഴിയും എണ്ണാംഇടുക്കി തുറന്നാല്‍ ഭീമന്‍ മീനുകളുടെ കൊടും ചാകര ഉറപ്പ്; ചാടുന്ന മീനിന്റെ പിറകേ ചാടിയാൽ അഴിയും എണ്ണാം

മാപ്പിന്റെ കോപ്പി ഡാമിലെ വെള്ളത്തിനും അയക്കണം!!! പുഴയൊഴുകും വഴികാണിച്ച മനോരമയ്ക്ക് അണപൊട്ടും ട്രോൾ!!മാപ്പിന്റെ കോപ്പി ഡാമിലെ വെള്ളത്തിനും അയക്കണം!!! പുഴയൊഴുകും വഴികാണിച്ച മനോരമയ്ക്ക് അണപൊട്ടും ട്രോൾ!!

English summary
What is a Dam? What will happen if shutters of a dam opened? Viswa Prabha writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X