സോണിയയുടെ വിശ്വസ്തനില്‍ നിന്ന് എതിരാളിയിലേക്ക്; കപില്‍ സിബലിന്റെ രാജി രാഹുലിനോട് ഏറ്റുമുട്ടി
ദില്ലി: കോണ്‍ഗ്രസിലെ നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ നെഞ്ചേറ്റിയിരുന്ന നേതാവായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നിന്ന് സിബല്‍ പടിയിറങ്ങുന്നത് കെവി തോമസ് പാര്‍ട്ടി വിട്ട അതേ കാളയവളില്‍ തന്നെയാണ്. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് സമാജ് വാദി പാര്‍ട്ടിയിലേക്ക് അദ്ദേഹം പോയിരിക്കുന്നത്. ഇതുവരെ പാര്‍ട്ടി വിട്ട നേതാക്കളെ പോലെയല്ല അദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി അലിഞ്ഞു ചേര്‍ന്നതായിരുന്നു സിബലിന്റെ പ്രവര്‍ത്തനം. സോണിയാ ഗാന്ധിയുടെ വിശ്വസ്തനാവുന്നത് മുതല്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയാവുന്നത് വരെയുള്ള ദീര്‍ഘകാലമായ പ്രവര്‍ത്തന പരിചയമായിരുന്നു സിബലിന് ഉണ്ടായിരുന്നത്.
'ദിലീപിന്റെ അറസ്റ്റുണ്ടായത് ഇടതുപക്ഷമായത് കൊണ്ട്; ആലുവയില്‍ അന്വേഷിച്ചാല്‍ കോണ്‍ഗ്രസ് ബന്ധമറിയാം'
രാഹുല്‍ ഗാന്ധിയുടെ ഭരണ രീതിയോട് പോരടിച്ചാണ് സിബല്‍ പാര്‍ട്ടി വിടുന്നത് എന്നതും കോണ്‍ഗ്രസിന് കറുത്ത അധ്യായമാണ്. കോണ്‍ഗ്രസിലെ വിമത നേതാക്കളുടെ ഗ്രൂപ്പായ ജി23 നേതാക്കളുടെ യോഗം തന്നെ സിബലായിരുന്നു മുന്‍കൈ എടുത്തത് നടത്തിയത്. കോണ്‍ഗ്രസിലെ സമൂല മാറ്റം എന്നത് നിരന്തരം ആവശ്യപ്പെട്ടിരുന്നു സിബല്‍. കോണ്‍ഗ്രസിലെ മാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് 23 നേതാക്കളുടെ ഒരു ഗ്രൂപ്പ് കത്തയച്ചപ്പോള്‍ തന്നെ സിബല്‍ നേതൃത്വവുമായി അകന്ന് തുടങ്ങിയിരുന്നു. ഒടുവില്‍ ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് വരെ സിബലിന് പറയേണ്ടി വന്നു. ഇതോടെ ആ അകല്‍ച്ച പൂര്‍ണമായി.
തുടര്‍ച്ചയായി നേതൃത്വത്തിനെതിരെ വിമര്‍ശനവും മാധ്യമങ്ങളിലെ അഭിമുഖവും സിബലിന്റെ പുറത്തുപോവലിന് പ്രധാന കാരണമായിരുന്നു. അവസാനമായി ചിന്തന്‍ ശിവിറില്‍ നിന്നടക്കം സിബല്‍ വിട്ടുനിന്നിരുന്നു. ഇതോടെ അദ്ദേഹം പുറത്തുപോവുമെന്ന സൂചന ശക്തമായിരുന്നു. സിബലിനെ ഒറ്റപ്പെടുത്താന്‍ ഹൈക്കമാന്‍ഡും നീക്കങ്ങള്‍ നടത്തിയിരുന്നു. ഗുലാം നബി ആസാദുമായി സോണിയാ ഗാന്ധി ചര്‍ച്ച നടത്തിയപ്പോള്‍, സിബല്‍ ഒഴിച്ചുള്ള നേതാക്കളുമായി രാഹുല്‍ ഗാന്ധിയും സംസാരിച്ചു. എന്നാല്‍ സിബല്‍ ഒഴിച്ച് ബാക്കി എല്ലാവരോടും ക്ഷമിക്കാന്‍ തയ്യാറാണെന്ന നിലപാടിലായിരുന്നു ഗാന്ധി കുടുംബം. ഇത് മനസ്സിലായത് കൊണ്ടാണ് സിബല്‍ പാര്‍ട്ടി വിട്ടത്.
സീതാറാം കേസരിയെ മാറ്റി സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായ ശേഷമാണ് സിബല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തനായത്. ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ അദ്ദേഹം നിറഞ്ഞ് നിന്നു. യുപിഎ ഒന്നാം സര്‍ക്കാര്‍ മുതല്‍ കോണ്‍ഗ്രസിലെ പകരം വെക്കാനില്ലാത്ത ശബ്ദമായിരുന്നു സിബല്‍. സോണിയാ ഗാന്ധിക്കൊപ്പം നിന്നിരുന്ന വലിയൊരു ടീമിന്റെ മുന്‍നിരയിലായിരുന്നു സിബല്‍. സോണിയയുടെ ഉപജാപ സംഘം എന്ന വിളിപ്പേരും പിന്നീട് ഈ ടീമിന് വന്നു. സോണിയക്ക് കൃത്യമായ രാഷ്ട്രീയ ഉപദേശങ്ങള്‍ ഈ ടീം നല്‍കിയിരുന്നു. ടെലികോം, ശാസ്ത്ര-സാങ്കേത വകുപ്പുകളില്‍ അദ്ദേഹം കേന്ദ്ര മന്ത്രിയായിരുന്നിട്ടുണ്ട്.
പ്രമുഖ അഭിഭാഷകന്‍ ഹിരാ ലാല്‍ സിബലിന്റെ മകനായിരുന്ന കപില്‍ സിബല്‍ പിതാവിന്റെ അതേ പാതയാണ് കരിയറായി തിരഞ്ഞെടുത്തത്. നിയമ മേഖലയില്‍ അദ്ദേഹം തിളങ്ങി. 1989-1990 വര്‍ഷങ്ങളില്‍ അഡീഷണല്‍ സോളിസിറ്റ് ജനറലായിരുന്നു അദ്ദേഹം. 2004ല്‍ ചാന്ദ്‌നി ചൗക്കില്‍ നിന്ന് സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് സിബല്‍ പാര്‍ലമെന്റിലെത്തുന്നത്. 2009ലും ഈ സീറ്റ് സിബല്‍ നിലനിര്‍ത്തി. 1973
ല്‍ ഐഎഎസ്സിന് യോഗ്യത നേടിയതും, അത് വേണ്ടെന്ന് വെച്ച ചരിത്രവും സിബലിനുണ്ട്. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി മൂന്ന് തവണ സിബല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇത്രയൊക്കെ നേട്ടമുണ്ടായിട്ടും പുതിയ കാല കോണ്‍ഗ്രസ് രാഷ്ട്രീയവുമായി സിബലിന് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. രാഹുലിന്റെ നയങ്ങള്‍ സീനിയര്‍ നേതാക്കളെ ഒതുക്കുകയായിരുന്നു. ഇത് സിബലിനെ പോലുള്ളവര്‍ക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. രാഹുലിന്റെ പ്രവര്‍ത്തന രീതിയില്‍ സിബല്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
പിന്നണിയില്‍ നിന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന രാഹുലിന്റെ രീതിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടിയില്‍ അദ്ദേഹം സുരക്ഷിതനാണ്.രാജ്യസഭയിലേക്ക് അദ്ദേഹം എസ്പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ അസം ഖാന് ജാമ്യം നേടിക്കൊടുക്കാന്‍ സഹായിച്ചത് സിബലാണ്. അത് മാത്രമല്ല അഖിലേഷിന്റെ പാര്‍ട്ടിക്ക് സൈക്കിള്‍ ചിഹ്നം 2017ലെ കുടുംബ തര്‍ക്കത്തില്‍ ഉറപ്പാക്കിയതും സിബലിന്റെ അഭിഭാഷക മിടുക്കായിരുന്നു.
പൃഥ്വിരാജിന്റെ ജനഗണ മന ദേശവിരുദ്ധം, മട്ടാഞ്ചേരി മാഫിയയുടെ സിനിമയാണതെന്ന് സന്ദീപ് വാര്യര്‍