സൗദിക്ക് പിന്നാലെ യുഎഇ; ഇന്ത്യയുടെ പവര്‍ ഗ്രിഡ് ബന്ധിപ്പിക്കും, വൈദ്യുതി യൂറോപ്പിലേക്ക്
സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇയും ഇന്ത്യയുടെ പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും ഇന്ത്യയും ഇക്കാര്യത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയിലായിരുരുന്നു കരാര്‍ ഒപ്പുവച്ചത്. തൊട്ടുപിന്നാലെയാണ് യുഎഇയും വരുന്നത്.
ഇന്ത്യയുടെ പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കാന്‍ യുഎഇക്ക് താല്‍പ്പര്യമുള്ള കാര്യം കേന്ദ്ര മന്ത്രി ആര്‍കെ സിങ് ആണ് വെളിപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വലിയ നേട്ടമാകുന്ന പദ്ധതിയാണിത്. കടല്‍ വഴിയാകും കേബിളുകള്‍ ബന്ധിപ്പിക്കുക. ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ ഈ പദ്ധതിയില്‍ യൂറോപ്പിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നു.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ജിസിസി രാജ്യങ്ങളിലേക്കും അതുവഴി യൂറോപ്പിലേക്കും വിതരണം ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. സെപ്തംബര്‍ പത്തിനാണ് ഇന്ത്യയും സൗദിയും ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചത്. ഊര്‍ജ മേഖലയിലെ സഹകരണം സംബന്ധിച്ചാണ് ധാരണാപത്രം. ഇതില്‍ ഉള്‍പ്പെടുന്നതാണ് പവര്‍ ഗ്രിഡ് കണക്ഷന്‍.
പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങി ഊര്‍ജ രംഗത്തെ സഹകരണം ശക്തമാകുമ്പോള്‍ ഇന്ത്യയ്ക്ക് വന്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ പദ്ധതികള്‍ക്ക് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം ലഭിച്ചേക്കും. ഇന്ത്യയിലെ ഹരിത ഊര്‍ജ കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും പുതിയ കരാര്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജന്‍, സംഭരണം, എണ്ണ, വാതകം തുടങ്ങിയ മേഖലയിലെ നിക്ഷേപ രംഗത്ത് സൗദിയും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. ഹരിത ഊര്‍ജവും പുനരുപയോഗ ഊര്‍ജവും പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം മുന്നിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യ, സൗദി അറേബ്യ, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഗതാഗത രംഗത്ത് വിപ്ലവകരമായ തീരുമാനമാണ് ദിവസങ്ങള്‍ക്ക് മുമ്പ് എടുത്തത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പാതയും ശേഷം ഇസ്രായേലിലേക്കും യൂറോപ്പിലേക്കും പാത ഒരുക്കുകയും ചെയ്യുക എന്നതാണ് ചരക്ക് ഇടനാഴി പദ്ധതി. പാത പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ ചരക്കുകള്‍ അതിവേഗം യൂറോപ്യന്‍ വിപണിയില്‍ എത്തുമെന്നതാണ് നേട്ടം.
യൂറോപ്പില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും മറ്റുമായി കൂടുതല്‍ ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. എന്നാല്‍ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജിസിസി രാജ്യങ്ങളെയാണ് യൂറോപ്പ് എണ്ണ-വാതക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത്. ഇന്ത്യയുടെ പവര്‍ ഗ്രിഡ് ജിസിസി രാജ്യങ്ങളുമായി ബന്ധിപ്പിച്ചാല്‍ യൂറോപ്പിന് വൈദ്യുതി ലഭിക്കാന്‍ പുതിയ വഴി തുറക്കും.












Click it and Unblock the Notifications