യുഎഇക്കും ഖത്തറിനും ചൈന നേരത്തെ കൊടുത്തു: ഇപ്പോഴിതാ സൗദിയും കുവൈത്തും എല്ലാവർക്കും
അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കവുമായി ചൈന. പുതിയ വിസ രഹിത നയത്തിന്റെ ഭാഗമായി സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് രാജ്യത്തേക്ക് വിസ-രഹിത പ്രവേശനം അനുവദിച്ചതായി ചൈന പ്രഖ്യാപിച്ചു. ഈ വർഷം ജൂൺ 9 മുതൽ 2026 ജൂൺ 8 വരെ ഒരു വർഷത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് വിസ രഹിത പ്രവേശനം അനുവദിക്കുക. പരീക്ഷണം വിജയകരമായാല്‍ പദ്ധത്തി മുന്നോട്ടും തുടരും.
പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ബിസിനസ്, ടൂറിസം, കുടുംബ സന്ദർശനം, സാംസ്കാരിക-വിദ്യാഭ്യാസ കൈമാറ്റങ്ങൾ, ട്രാൻസിറ്റ് എന്നീ ആവശ്യങ്ങൾക്കായി 30 ദിവസം വരെ ചൈനയിൽ തങ്ങാൻ വിസ ആവശ്യമില്ല. 2018-ൽ തന്നെ യു എ ഇക്കും ഖത്തറിനും ഉള്‍പ്പെടെ സമാനമായ ഇളവ് ചൈന നല്‍കിയിരുന്നു. ഇതോടെ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും ഇപ്പോൾ ചൈനയില്‍ വിസ രഹിത പ്രവേശനം ലഭിക്കും.

മെയ് 28-ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് ഒരു പതിവ് വാർത്താ സമ്മേളനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ കഴിഞ്ഞ കുറേ നാളുകളായി തുടർന്ന് വരികയായിരുന്നു. ഒടുവില്‍ മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ജി സി സി, ആസിയാൻ, ചൈന എന്നിവയുടെ ത്രിപക്ഷീയ ഉച്ചകോടിയിൽ വെച്ച് ഇകാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയായിരുന്നു.
"ജി സി സി രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," മാവോ നിംഗ് പറഞ്ഞു. ഈ നയം രാജ്യങ്ങൾ തമ്മിലുള്ള യാത്രകൾ എളുപ്പമാക്കുകയും സാംസ്കാരികവും വാണിജ്യപരവുമായ കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസ്, ടൂറിസം, കുടുംബ സന്ദർശനം, സാംസ്കാരിക-വിദ്യാഭ്യാസ കൈമാറ്റങ്ങൾ, ട്രാൻസിറ്റ് എന്നിവയ്ക്കാണ് വിസ ആവശ്യമില്ലാത്തത്. എന്നാല്‍ പഠനം, ജോലി, താമസം, മാധ്യമ റിപ്പോർട്ടിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് വിസ ആവശ്യമാണ്. പാസ്‌പോർട്ടിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണം.
ചൈനയുടെ വ്യാപാര താല്‍പര്യങ്ങളും പുതിയ നയത്തിന് പിന്നിലുണ്ട്. 2023-ൽ ജി സി സിയും ചൈനയും തമ്മിലുള്ള വ്യാപാരം 297.9 ബില്യൺ ഡോളറായിരുന്നു. ഇത് ജി സി സിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുമായുള്ള 150.4 ബില്യൺ ഡോളറിന്റെ ഇരട്ടിയാണെന്നതാണ് ശ്രദ്ധേയം. ചൈനയിലേക്കുള്ള ഗൾഫ് കയറ്റുമതി 158.3 ബില്യൺ ഡോളറാണ്, ഇത് ചൈനയെ ഗൾഫ് സാധനങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനാക്കുന്നു.
മറുവശത്ത സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങള്‍ സന്ദർശിക്കാന്‍ ചൈനീസ് പൗരന്മാർക്ക് വിസ ആവശ്യമാണ് എന്ന നയം പുതിയ സാഹചര്യത്തിലും തുടരും. സൗദി അറേബ്യയിലും കുവൈത്തിലും 90 ദിവസം വരെയും, ഒമാനിലും ബഹ്‌റൈനിലും 30 ദിവസം വരെയും ചൈനീസ് പൗരന്മാർക്ക് വിസ ആവശ്യമാണ്. എന്നാൽ, ബഹ്‌റൈൻ ചൈനയുടെ ഡിപ്ലോമാറ്റിക് അല്ലെങ്കിൽ സ്റ്റേറ്റ് പാസ്‌പോർട്ട് ഉടമകൾക്ക് 90 ദിവസത്തെ വിസ-രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങൾ ചൈനീസ് പൗരന്മാർക്ക് സമാനമായ ഇളവ് നൽകുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.
ചൈന ഈയിടെ മറ്റു പല രാജ്യങ്ങളിലേക്കും വിസ-രഹിത നയം വ്യാപിപ്പിച്ചിട്ടുണ്ട്. 2025 ജൂൺ 1 മുതൽ 2026 മെയ് 31 വരെ ബ്രസീൽ, അർജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നിവിടങ്ങളിലെ പൗരന്മാർക്ക് 30 ദിവസത്തെ വിസ-രഹിത പ്രവേശനം അനുവദിച്ചു. 2024 നവംബർ 30 മുതൽ 2025 ഡിസംബർ 31 വരെ ബൾഗേറിയ, ക്രൊയേഷ്യ, എസ്റ്റോണിയ, ജപ്പാൻ, ലാത്വിയ, മാൾട്ട, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, റൊമാനിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ ഇളവ് ലഭിക്കും. 75-ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇപ്പോൾ ചൈനയിൽ വിസ-രഹിത പ്രവേശനം ലഭ്യമാണ്.












Click it and Unblock the Notifications