സ്വർണം ആളുകൾ വാങ്ങണമെങ്കിൽ ഇനി ഇതേ വഴിയുള്ളൂ; പുതിയ തന്ത്രവുമായി വ്യാപാരികൾ..ഏറ്റാൽ സംഭവിക്കുന്നത്
എട്ട് പതിറ്റാണ്ടിലേറെയായി സ്വർണപ്രേമികളുടെ പ്രിയ ഇടമാണ് ദുബായ്. ദുബായിയെ ഒരു ആഗോള സ്വർണ ഹബ്ബായി മാറ്റുന്നതിൽ ഇന്ത്യക്കാരും ഇറാനികളുമാണ് പ്രധാന പങ്കുവഹിച്ചത് എന്ന് വേണമെങ്കിൽ പറയാം. ലോകത്തിന്റെ ഏത് കോണിലുള്ള ആളുകളാണെങ്കിലും ദുബായിൽ എത്തിയാൽ ഒരു തരി പൊന്നെങ്കിലും ഇവിടെ നിന്ന് വാങ്ങാൻ ശ്രമിക്കാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, മറ്റെവിടുന്ന് ലഭിക്കുന്നതിനേക്കാളും പരിശുദ്ധിയോടെ കുറഞ്ഞ ചെലവിൽ നികുതി ഭാരങ്ങളില്ലാതെ സ്വർണം ഇവിടുന്ന് ലഭിക്കുമെന്നത് കൊണ്ട് തന്നെ.
എന്നാൽ ദുബായിലെ സ്വർണ വിപണി നിലവിൽ കടുത്ത പ്രതിസന്ധിയിലാണ്. വിനോദസഞ്ചാരികൾ മാത്രമല്ല ഒരു കാലത്ത് സ്വർണത്തിന് ദുബായിയെ കൂടുതലായി ആശ്രയിച്ചിരുന്ന പ്രവാസി മലയാളികൾ അടക്കം അവിടെ നിന്ന് സ്വർണം വാങ്ങാൻ മടിക്കുകയാണ്, സ്വർണ വിലയിലെ വർധനവ് തന്നെയാണ് വില്ലനായത്.

ഉപഭോക്താക്കളെ തിരികെ എത്തിക്കാൻ തന്ത്രം മെനഞ്ഞ് വ്യാപാരികൾ
നടുവൊടിക്കാത്ത വിലയ്ക്കും വൈവിധ്യമാർന്ന ശേഖരത്തിനും വേണ്ടി ദുബായിലേക്ക് ഒഴുകിയെത്തിയിരുന്ന ഇന്ത്യൻ സ്വർണ ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാൻ ദുബായിലെ വ്യാപാരികൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. വൈവിധ്യമാർന്ന സ്വർണം വിപണിയിലെത്തിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള മാർഗം തേടുകയാണ് വ്യാപാരികൾ.
സങ്കീർണ്ണമായ ടർക്കിഷ്, ഇറ്റാലിയൻ, സിംഗപ്പൂർ ഡിസൈനുകൾ ഉൾപ്പെടെയുള്ള പ്രത്യേക ശേഖരങ്ങൾ ഇതിന്റെ ഭാഗമായി ജ്വല്ലറികൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പരമ്പരാഗത കൊൽക്കത്ത, ടെമ്പിൾ ഡിസൈൻ ജ്വല്ലറികളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. ചില ബ്രാൻഡുകൾ ആഗോള വിപണികളിൽ നിന്ന് ട്രെൻഡി ഡിസൈനുകൾ ഇറക്കുമതി ചെയ്യുമ്പോൾ മറ്റു ചിലർ ദുബായ് റിംഗ്" പോലുള്ള തനതായ പ്രാദേശിക കരകൗശല രീതികൾക്ക് പ്രാധാന്യം നൽകുന്നു.
സാധാരണഗതിയിൽ 22 കാരറ്റ് സ്വർണമാണ് വിവാഹം പോലുള്ള വലിയ ചടങ്ങുകൾക്കായി ആളുകൾ വാങ്ങിയിരുന്നത്. എന്നാൽ വിലവർദ്ധനവ് കാരണം വജ്രം പോലുള്ള മറ്റ് ആഭരണങ്ങളിലേക്കും ഭാരം കുറഞ്ഞ (ലൈറ്റ് വെയ്റ്റ്) സ്വർണാഭരണങ്ങളുമാണ് കൂടുതലായി ആളുകൾ വാങ്ങുന്നത്.
22 കാരറ്റ് സ്വർണത്തിൽ തന്നെ കുറഞ്ഞ തൂക്കത്തിൽ സ്വർണം വാങ്ങുന്ന രീതിയ്ക്കും ദുബായിൽ പ്രിയമേറുന്നുണ്ട്. 18 കാരറ്റ് സ്വർണത്തിലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലാണെന്നതാണ് 22 കാരറ്റിലെ കുറഞ്ഞ തൂക്കമുള്ള ആഭരണങ്ങളിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. സ്വർണാഭാരണം ധരിക്കാം എന്ന് മാത്രമല്ല നിക്ഷേപ താത്പര്യവും ഇതിന് പിന്നിലുണ്ട്.
അതേസമയം അടുത്തകാലത്തൊന്നും സ്വർണവിലയിൽ ഇനിയൊരു കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തിൽ സ്വർണ വില റെക്കോഡ് ഉയരത്തിൽ നിൽക്കുകയാണ്. ദുബായിലെ സ്വർണ വിലയാകട്ടെ ഇന്ന് 24 കാരറ്റ് ഒരുഗ്രാം സ്വർണത്തിന് 415.50 ദിർഹമാണ് വില. 22 കാരറ്റിന് 384.75 ദിർഹവും 21 കാരറ്റിന് 368.75 ദിർഹവും 18 കാരറ്റിന് 316.25 ദിർഹവുമാണ് ഇന്നത്ത വില.
യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് ഇനി എന്ത് നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി സ്വർണ വില. ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിൽ കഴിഞ്ഞമാസത്തെ ഉപഭോക്തൃവില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് യാതൊരു മാറ്റവും ഇല്ല. ഈ സാഹചര്യത്തിൽ ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഏറെയാണ്. പലിശ നിരക്ക് കുറച്ചാൽ ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്രം, ഡോളർ എന്നിവ അനാകർഷകമാകുകയും വലിയ നേട്ടം പ്രതീക്ഷിച്ചത് നിക്ഷേപകർ കൂടുതലായി സ്വർണത്തിനെ ആശ്രയിക്കുകയും ചെയ്യും. സ്വാഭാവികമായും ഇത് സ്വർണ വില കൂടാൻ കാരണമാകും. അതായത് ഈ വർഷം അവസാനമാകുമ്പോഴേക്കും ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 3600 ഡോളർ എത്തിയാൽ ഒട്ടും അത്ഭുതപ്പെടേണ്ടെന്ന് സാരം.












Click it and Unblock the Notifications