സ്വർണം ദുബായിലേക്ക് ഒഴുകുന്നത് ഇങ്ങനെ; ചില്ലറകളിയല്ല, ആ നേട്ടത്തിന് കാരണം ഇതാണ്,
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഹബ് ആണ് യുഎഇ. സ്വന്തമായി ഖനികൾ ഒന്നും ഇല്ലാതിരുന്നിട്ടും എങ്ങനെയാണ് ദുബായ് സ്വർണ വ്യാപാരത്തിന്റെ ഹബ്ബായി മാറിയത്? എവിടെ നിന്നാണ് ദുബായിലേക്ക് ആവശ്യമായ സ്വർണം എത്തുന്നത്? ഇന്ത്യയെ പോലെ തന്നെ സ്വർണത്തിനായി വിവിധ രാജ്യങ്ങളെ യുഇഎ ആശ്രയിക്കുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നാണ് യുഎഇയിൽ സ്വർണം പ്രധാനമായി ഇറക്കുമതി ചെയ്യുന്നതെന്ന് വിശദമായി നോക്കാം
ആഫ്രിക്ക തന്നെ ശരണം
ദുബായിയുടെ സ്വർണ വ്യാപാരത്തിൽ പ്രധാന പങ്ക് വഹിക്കുന്ന രാജ്യമാണ് ആഫ്രിക്ക, പ്രധാനമായും പശ്ചിമ ആഫ്രിക്ക. 2023 ൽ ആഫ്രിക്കൻ രാജ്യങ്ങളായ മാലി , ഗാന, ഗിനിയ, സുഡാൻ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ദുബായിലേക്ക് സ്വർണം എത്തിയത്.

ഇനി എന്തുകൊണ്ട് ആഫ്രിക്ക എന്നാണ് ചോദ്യമെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഖനികൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ്. മാലിയും ഘാനയിലുമാണ് ഏറ്റവും കൂടതൽ ഖനികളുള്ളത്. അടുത്തിടെ വലിയ വളർച്ചയാണ് ഇവിടുത്തെ സ്വർണ ഖനികളിൽ പ്രവർത്തനങ്ങളിൽ രേഖപ്പെടുത്തിയത്. ഈ രാജ്യങ്ങളുമായി വളരെ മികച്ച വ്യാപാര ബന്ധമാണ് യുഎഇ പുലർത്തുന്നത്. അതുകൊണ്ട് തന്നെ ആഫ്രിക്കയിൽ നിന്നുള്ള സ്വർണ ഇറക്കുമതി കൂടുതൽ എളുപ്പമാകുന്നു. ദുബായ് സ്വർണത്തിന്റെ ഹബ്ബായത് കൊണ്ട് തന്നെ ഇത്തരത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സ്വർണം ഇന്ത്യ, ചൈന തുടങ്ങി സ്വർണത്തിന് വലിയ ആവശ്യമുള്ള രാജ്യങ്ങളിലേക്കും യുഎഇ കയറ്റുമതി ചെയ്യുന്നുണ്ട്.
തുർക്കി
ആഫ്രിക്ക പോലെ അല്ലെങ്കിലും ദുബായിലേക്ക് സ്വർണമെത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കിയും. മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും എത്തുന്ന സ്വർണം ശുദ്ധീകരിക്കുന്നതിനും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും തുർക്കി വലിയ പങ്ക് വഹിക്കുന്നു. 2023 ൽ ദുബായ് ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ വലിയ പങ്കും തുർക്കിയിൽ നിന്നാണ്.
സ്വിറ്റ്സർലാന്റ്
സ്വർണം വലിയ തോതിൽ ഉത്പാദിപ്പിക്കുന്ന രാജ്യമല്ല സ്വിറ്റ്സർലാൻഡ്. എന്നാൽ സ്വർണ വ്യാപാരത്തിൽ സ്വിറ്റ്സർലാന്റ് നിർണായക പങ്കുവഹിക്കുന്നുണ്ട്. മികച്ച സ്വർണ്ണ ശുദ്ധീകരണശാലകൾ ഇവിടെയുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്ന സ്വർണം ഇവിടെ നിന്നാണ് സംസ്കരിക്കുന്നത്.
റഷ്യ
യുക്രൈൻ യുദ്ധത്തോടെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷമാണ് റഷ്യ യുഎഇയിലേക്ക് സ്വർണകയറ്റുമതി വർധിപ്പിച്ചത്. ദുബായിലേക്ക് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും സ്വർണം റഷ്യ ഇതോടെ കയറ്റുമതി ചെയ്ത് തുടങ്ങി.
ദുബായ് എങ്ങനെ 'ഗോൾഡ് ഹബ്' ആയി
ഭൂമിശാസ്ത്രപരമായുള്ള ദുബായിയുടെ സ്ഥാനം തന്നെയാണ് പ്രധാനം. ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലുള്ള പ്രധാന കണ്ണിയയി ദുബായിയെ ഇത് മാറ്റുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്വർണ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലാണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ഇതെല്ലാം ദുബായിയെ ലോകത്തിലെ രണ്ടാമത്തെ വലിയ ഗോൾഡ് ഹബ്ബായി മാറ്റാൻ സഹായിക്കുന്നു.
യുക്രൈൻ യുദ്ധം, പാശ്ചാത്യ ഉപരോധങ്ങൾ തുടങ്ങിയ ആഗോള സംഭവവികാസങ്ങൾ രാജ്യങ്ങളെ തങ്ങളുടെ സ്വർണ നയം മാറ്റാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഏഷ്യയിൽ സ്വർണത്തിന് സംഭവിക്കുന്ന ഉയർന്ന ഡിമാന്റും ദുബായിക്ക് നേട്ടമാകുന്നുണ്ട്. ഏഷ്യയിൽ സ്വർണത്തിന്റെ ആവശ്യകത വർധിക്കുന്നതിനോടൊപ്പം തന്നെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ സ്വർണത്തിന്റെ പെരുമ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സ്വർണ വ്യാപാരത്തിൽ ദുബായിയുടെ പങ്ക് ഉയർത്തുകയും ആഗോള സ്വർണ്ണ സമ്പദ്‌വ്യവസ്ഥയിൽ നിർണായ ശക്തിയായി മാറാൻ ദുബായിയെ സഹായിക്കുകയും ചെയ്യും.












Click it and Unblock the Notifications