ദുബായില്‍ സ്വർണ വില കുറഞ്ഞു: എന്നിട്ടും ആളുകള്‍ വാങ്ങുന്നില്ല? പ്രതീക്ഷ വേറെ; കൂടുതല്‍ നേട്ടം
സമീപ ദിവസങ്ങളിലായി യു എ ഇയിലെ സ്വർണ വിലയില്‍ ഭേദപ്പെട്ട നിലയിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 359.25 ദിർഹമാണ് ഇന്നത്തെ നിരക്ക്. ഇന്നലത്തെ 361.5 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ മാറ്റം മാത്രമാണെങ്കിലും മൊത്തത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ അന്താരാഷ്ട്ര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ദുബായിലും ഉണ്ടായിട്ടുണ്ട്.
മെയ് 8-ന് ദുബായില്‍ സ്വർണവില (22 കാരറ്റ്) എക്കാലത്തേയും ഉയർന്ന നിരക്കായ ഗ്രാമിന് 378 ദിർഹത്തിലേക്ക് വരെയെത്തി. എന്നാൽ, മെയ് 9-ന്, 24 മണിക്കൂറിനുള്ളിൽ വില ഏകദേശം 11 ദിർഹം എന്ന നിരക്കില്‍ ഇടിഞ്ഞു. എന്നാല്‍ വില കുറഞ്ഞിട്ടും വലിയ തോതില്‍ സ്വർണം വാങ്ങുന്നതിലേക്ക് ദുബായിലെ ആളുകള്‍ തിരിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

വില ഇനിയും കുറഞ്ഞേക്കുമെന്ന ആളുകളുടെ പ്രതീക്ഷയാണ് വാങ്ങല്‍ കുറച്ച് നിർത്തിന്നത്. ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ചില ഉപഭോക്താക്കൾ 22 കാരറ്റ് സ്വർണത്തിന്റെ വില 330 ദിർഹം വരെ എത്തുമെന്ന പ്രതീക്ഷയിലാണ്.
വില കുറയാന്‍ കാരണമായത്
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാറും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ ലഘൂകരണവും നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള താൽപ്പര്യം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് കൂടുതല്‍ ലാഭം ലഭിക്കുന്ന ഓഹരി വിപണി അടക്കമുള്ള നിക്ഷേപങ്ങളിലേക്ക് ആളുകള്‍ തിരിഞ്ഞു. ഇത് സ്വർണവിലയിൽ കുറവിന് കാരണമായി. ആഗോള അനിശ്ചിതത്വങ്ങൾ കുറഞ്ഞുവരുന്നതിനാൽ, വില വീണ്ടും കുറഞ്ഞേക്കാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ വിപണി സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, യു എ ഇയിലെ സ്വർണ വാങ്ങുന്നവർക്ക് കുറച്ച് ക്ഷമയോടെ കാത്തിരിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. വില 330 ദിർഹത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്നാ പ്രതീക്ഷ ഫലിച്ചേക്കാം. എന്നാൽ, ആഗോള വിപണിയിൽ വീണ്ടും അനിശ്ചിതത്വങ്ങൾ ഉയർന്നാൽ, സ്വർണവില വീണ്ടും കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതേസമയം, 2025-ലെ ആഗോള സ്വർണവിലയെക്കുറിച്ചുള്ള പ്രവചനങ്ങൾ വിദഗ്ധരുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യത്യസ്തമാണ്. മിക്കവാറും പേരും വർഷത്തിന്റെ അവസാനത്തില്‍ വില ഉയർന്നേക്കുമെന്ന സൂചന നല്‍കുന്നു. ദുബായിലെ സ്വർണവില ആഗോള വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ആഗോള ട്രെൻഡുകൾ യു എ ഇ വിപണിയേയും നേരിട്ട് സ്വാധീനിക്കും:
2025 അവസാനത്തോടെ സ്വർണവില ഔൺസിന് 3700 ഡോളറിലെത്തുമെന്നും ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ 4500 ഡോളർ വരെ എത്താമെന്നും ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നു. ഈ പ്രവചനം നടത്തുമ്പോള്‍ വ്യാപാര യുദ്ധഭീതി അടക്കമുള്ളവയുടെ സ്വാധീനത്തിലായിരുന്നു വിപണി എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കേരളത്തിലെ വില
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയിലും, ഒരു പവൻ (8 ഗ്രാം) 360 രൂപ കുറഞ്ഞ് 69,680 രൂപയിലും എത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ച ശേഷമാണ് ഈ ഇടിവ്.
ആഗോള വിപണിയിൽ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് മൂഡീസ് താഴ്ത്തിയതും ട്രംപ് ഭരണകൂടം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതും സ്വർണവില കുതിച്ചുയരാൻ കാരണമായി. എന്നാൽ, റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളും യുഎസിന്റെ താരിഫ് ചർച്ചകളും വില കുറയാൻ ഇടയാക്കി. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 3,235 ഡോളറിൽ നിന്ന് 3,212 ഡോളറിലേക്ക് താഴ്ന്നു.
ഇന്ത്യൻ രൂപ 7 പൈസ താഴ്ന്ന് 85.47-ൽ വ്യാപാരം തുടങ്ങിയതിനാൽ, വില കൂടുതൽ കുറയുന്നത് തടഞ്ഞു. കേരളത്തിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140-7,180 രൂപയ്ക്കിടയിലാണ്.












Click it and Unblock the Notifications