സ്വർണ വില ഇടിഞ്ഞ് താഴുമോ? 'പവൻ വില 67,000ത്തിന് താഴെ എത്തിയാൽ അത് നടക്കും'
അബുദാബി; യുഎസ്-ചൈന വ്യാപര തർക്കം അയയുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉടൻ ഉണ്ടായേക്കുമെന്നുമുള്ള റിപ്പോർട്ടുകൾ ആഗോള വിപണിയിൽ സ്വർണത്തിന്റെ വില ഇടിയാൻ കാരണമായിട്ടുണ്ട്. യുഎസ് തൊഴിൽ കണക്കുകളും വിപണിക്ക് ആത്മവിശ്വാസം നൽകിയത് സ്വർണത്തിന്റെ പെരുമ കുറച്ചു. ആഗോള വിപണിയിലെ വിലക്കുറവ് ദുബായിലും സ്വർണ വിലയിൽ ഇടിവ് വരുത്തിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ദുബായിലെ സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്നത്തെ വില 370 ദിർഹമാണ്. 24 കാരറ്റിന് 399.25 ദിർഹവും 21 കാരറ്റിന് 353.25 ദിർഹവും 18 കാരറ്റിന് 302.75 ദിർഹവുമാണ് വില. പെരുന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ദുബായിലെ സ്വർണ വില കുറഞ്ഞ് തുടങ്ങിയത്. 378 ദിർഹത്തിൽ നിന്നാണ് വില ഇടിഞ്ഞത്. പെരുന്നാൾ ദിനത്തിന്റെ തൊട്ട് തലേ ദിവസമായ വെള്ളിയാഴ്ച ഗ്രാമിന് 369.25 ദിർഹമായിരുന്നു വില. ഉപഭോക്താക്കളെ ആകർഷിക്കാനായി ജ്വല്ലറികൾ വമ്പൻ ഓഫറുകളും ഈ സമയത്ത് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ വിൽപന അൽപം ഉയർന്നതായി വ്യാപാരികൾ പറഞ്ഞു.

എന്നാൽ കഴിഞ്ഞ വർഷത്തെ ബലി പെരുന്നാൾ ദിനവുമായി താരതമ്യപ്പെടുത്തുമ്പോൾ കച്ചവടം കുറവായിരുന്നുവെന്നാണ് ദുബായിലെ ഗോൾഡ് സൂക്കിൽ നിന്നുള്ള വ്യാപാരികൾ പറയുന്നത്. 'ഇന്ത്യൻ വിനോദസഞ്ചാരികളാണ് കൂടുതലായി വാങ്ങിയത്. എന്നാൽ വലിയ അളവിൽ വാങ്ങിയിട്ടുമില്ല. പെരുന്നാളിയിട്ട് കൂടി സൗദിയിൽനിന്നുള്ള വിനോദസഞ്ചാരികൾ പോലും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് സ്വർണം വാങ്ങിയത്', കൻസ് ജ്വല്ലറി മാനേജിങ് ഡയറക്ടറെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം വില 355-359 ദിർഹത്തിനും ഇടയിൽ എത്താതെ ആളുകൾ വലിയ തോതിൽ സ്വർണം വാങ്ങില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ വിലയിലേക്ക് സ്വർണ വില എത്താനുള്ള കാത്തിരിപ്പിലാണ് പലരും. സ്വർണ വില കൂടുന്ന പശ്ചാത്തലത്തിൽ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്ന ട്രെന്റ് വർധിച്ചിട്ടുണ്ട്. എന്നാൽ ദുബായിലെ ഉപഭോക്താക്കൾ കൂടുതലായും സ്വർണാഭരണങ്ങളായും സ്വർണക്കട്ടികളുമായുമെല്ലാമാണ് നിക്ഷേപിക്കുന്നതെന്ന് ഗോൾഡ് അനലിസ്റ്റുകൾ പറയുന്നു.
ദുബായിലെ വ്യാപാരികൾ സ്വർണാഭാരണങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നത് പോലെ തന്നെ സ്വർണക്കട്ടികളും നാണയങ്ങളും വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണ് അനലിസ്റ്റുകൾ നിർദേശിക്കുന്നത്. ഇക്കാലത്ത്, ആളുകൾ പ്രത്യേക അവസരങ്ങളിൽ മാത്രമല്ല സ്വർണ്ണം വാങ്ങുന്നത്. യുഎഇ സ്വർണ്ണ വിപണിയിൽ സംഭവിക്കുന്ന വലിയ മാറ്റം ഇത് തന്നെയാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
സ്വർണ വില 360 ദിർഹത്തിലെത്തുമോ?
22 കാരറ്റ് ഒരു ഗ്രാമിന് വില 360 ദിർഹത്തിന് താഴെ എത്തുമോയെന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ഇപ്പോൾ അതിന് സാധ്യത ഇല്ലെന്നാണ് ചിലർ നിരീക്ഷിക്കുന്നത്. യുഎസ്-ചൈന ചർച്ച നടന്നാലും ഇറക്കുമതി ചുങ്കം പൂർണമായും ഒഴിവാക്കാനുള്ള സാധ്യത നിലനിൽക്കുന്നില്ല. അതേസമയം കഴിഞ്ഞ മാസം യുഎസിൽ 139,000 തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടുവെന്ന കണക്കുകൾ വിപണിയിൽ അനുകൂല തരംഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎസ് ഫെഡ് പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. എന്നാൽ പലിശ നിരക്ക് കുറക്കാൻ ഫെഡിന് മേൽ ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നുണ്ട്. പലിശ നിരക്ക് കുറക്കുന്നത് സ്വർണത്തിന് വില വർധിക്കാൻ കാരണമാകും.
കേരളത്തിൽ ഇന്ന് വിലയിടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ കേരളത്തിൽ ഒരു പവന് സ്വർണത്തിന് ഇന്ന് വില 71,640 രൂപയാണ്. ഒരു ഗ്രാമിന് 8,955 രൂപയും. ഇന്നലെ ഒരു പവന് സ്വർണത്തിന് 71,840 രൂപയായിരുന്നു












Click it and Unblock the Notifications