സ്വർണം പണിക്കൂലി ഇല്ലാതെ ലഭിക്കുന്നുണ്ടോ? കാത്തിരിക്കുന്നത് തിരിച്ചടി, ജ്വല്ലറി ഉടമകളും സൂക്ഷിച്ചോ
പിടിവിട്ട് കുതിക്കുകയാണ് സ്വർണ വില. ആഗോളവിപണിയിൽ സ്വർണം ഔൺസിന് 2900 ഡോളറിനാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലെ ചലനങ്ങൾ യുഎഇയിലും സ്വർണ വിലയിൽ വലിയ വർധനവിന് കാരണമായിട്ടുണ്ട്. 327.75 ദിർഹമായരുന്നു കഴിഞ്ഞ ദിവസം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയ വില. 331.25 ഗ്രാം ആണ് രാജ്യത്ത് ഇതുവരെ ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ഫെബ്രുവരി 24 നായിരുന്നു ഈ റെക്കോഡ് വില രേഖപ്പെടുത്തിയത്.
വില ഉയർന്നതോടെ ആളുകൾ ജ്വല്ലറികളിൽ എത്തുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ജ്വല്ലറികൾ സമ്മതിക്കുന്നു. ആളുകളുടെ വരവ് കുറഞ്ഞതോടെ സ്വർണപ്രേമികളെ ആകർഷിക്കാൻ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുകയാണ് പല ചെറുകിട ജ്വല്ലറികളും. സ്വർണത്തിന് വില ഉയർന്നാലും പണിക്കൂലി ഇല്ലെങ്കിൽ അത് മികച്ച ഡീലാണെന്നാണ് വലിയ വിഭാഗം ഉപഭോക്താക്കളുടേയും ചിന്ത. അതുകൊണ്ട് തന്നെ ഈ ഓഫറുകൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവർ ധാരാളമാണ്.

ചില ജ്വല്ലറികൾ നിശ്ചിത ദിവസത്തേക്കാണ് പണിക്കൂലി ഇല്ലാതെയുള്ള വിൽപനയെങ്കിൽ മറ്റ് ചില ജ്വല്ലറികൾ പൂർണമായും പണിക്കൂലി ഒഴിവാക്കിയാണ് സ്വർണം വിൽക്കുന്നത്. രണ്ട് ശതമാനത്തിൽ താഴെ പണിക്കൂലി വാഗ്ദനം ചെയ്യുന്ന ജ്വല്ലറികളും ഉണ്ട്. എന്തെങ്കിലും പ്രമോഷനുകൾ പ്രഖ്യാപിക്കണമെങ്കിൽ ദുബായിയിൽ പ്രത്യേക അനുമതി കടഉടമകൾ നേടിയെടുക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊന്നും ഇല്ലാതെ പ്രമോഷനുകൾ ഒന്നും നടത്താതെയാണ് പല കടകളും സ്വർണം വിൽക്കുന്നത്. അതേസമയം ഇങ്ങനെ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നാണ് ഒരു വിഭാഗം ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
'എല്ലാ സ്വർണാഭരണങ്ങൾ നിർമ്മിക്കുമ്പോഴും ഒരു നിശ്ചിത പണിക്കൂലി നൽകേണ്ടതുണ്ട്. മാത്രമല്ല സ്വർണ നഷ്ടവും ഉണ്ടാകും. അതുകൊണ്ട് തന്നെ പണിക്കൂലി ഒട്ടും ഇല്ലാതെയുള്ള സ്വർണ വിൽപന പ്രായോഗികമല്ല. ഏതെങ്കിലും ചില്ലറ വ്യാപാരികൾ പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ കാലഹരണപ്പെട്ട ആഭരണ ഡിസൈനുകൾ വിറ്റ് ഒഴിവാക്കാനായിരിക്കും അവർ ശ്രമിക്കുന്നത്', ദുബായ് ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ബോർഡ് അംഗവും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ വൈസ് ചെയർമാനുമായ കെപി അബ്ദുൾ സലാം പറഞ്ഞു.
'ഏത് മനോഹരമായ ആഭരണ ഡിസൈനിന് പിന്നിലെ ഒരു തൊഴിലാളിയുടെ കലയും കഴിവും ഉണ്ട്. അതൊരിക്കലും വെറുതെ ഉണ്ടാകുന്നതല്ല. അവരുടെ വൈദഗ്ധ്യത്തിന് അനുസരിച്ചുള്ള അർഹതപ്പെട്ട കൂലി അവർക്കും വേണ്ടതുണ്ട്. സുസ്ഥിരമായ വിലനിർണ്ണയം ഉപഭോക്താവിന് ഗുണനിലവാരവും അതേസമയം അവ സൃഷ്ടിക്കുന്നവർക്ക് അർഹമായ കൂലി ഉറപ്പാക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നത് ജ്വല്ലറി ഉടമകളെ സംബന്ധിച്ചും വലിയ സമ്മർദ്ദമേറിയ കാര്യമാണെന്ന് ഉപഭോക്താക്കൾ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഭാരത്തിന് അനുസൃതമായി മാത്രം സ്വർണം വിൽക്കുന്നത് ഡിമാന്റ് ഉയർത്തിയേക്കും. എന്നാൽ ചില്ലറ വ്യാപാരികൾക്ക് ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് ജ്വല്ലറി മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications