സ്വർണവില കുറയുന്നു; പണിക്കൂലി ഇല്ലാത്ത ആഭരണം വാങ്ങണോ, അതോ സ്വർണക്കട്ടിയോ, ഏതാണ് ലാഭം?
ദുബായിൽ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 367.75 ദിർഹമാണ്. 21 കാരറ്റിന് 352.75 ഉം 18 കാരറ്റിന് 302.25 ദിർഹവും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 2 ദിർഹത്തിന്റെ കുറവാണ് ഇന്ന് 22 ഗ്രാമിന് രേഖപ്പെടുത്തിയത്. പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് ഇനിയും സ്വർണവില കുറയുമോയെന്നാണ് ഉറ്റുനോക്കുന്നത്. സ്വർണ വില കുറയുകയാണെങ്കിൽ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
അതേസമയം വില കുറയുമ്പോൾ സ്വർണം എങ്ങനെ വാങ്ങി സൂക്ഷിക്കണമെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. പണിക്കൂലി ഉള്ളതുകൊണ്ടാണ് സ്വർണാഭരണങ്ങൾ വാങ്ങുന്നത് വലിയ നഷ്ടമാകുന്നത്. അപ്പോൾ പണിക്കൂലി ഇല്ലാതെ സ്വർണാഭാരണങ്ങൾ വാങ്ങുകയാണെങ്കിൽ അതല്ലേ ലാഭകരം എന്നതാണ് ചിലരുടെ ചോദ്യം. സ്വർണക്കട്ടിയോ അല്ലെങ്കിൽ നാണയമോ വാങ്ങുന്നതായിരിക്കില്ലേ ലാഭം എന്ന് ചിലർ ചോദിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ ഏറ്റവും ലാഭകരം? വിശദമായി തന്നെ നോക്കാം

പണിക്കൂലിയോ വില്ലൻ?
പണിക്കൂലിയാണ് സ്വർണാഭരണങ്ങൾ വാങ്ങാൻ പലർക്കും തടസമാകുന്നത്. കേരളത്തിലാണെങ്കിൽ അടിസ്ഥാന പണിക്കൂലി അഞ്ച് ശതമാനമാണ്. വിവാഹ ആവശ്യത്തിനായുള്ള വലിയ ആഭരണങ്ങൾക്കൊക്കെ 35 ശതമാനം വരെ പണിക്കൂലി ഈടാക്കും. നാട്ടിൽ പണിക്കൂലി കുറച്ചുള്ള ഓഫർ സെയിലുകൾ ധാരാണം നടക്കുന്നുണ്ട്. എന്നാൽ ദുബായിയിൽ ആളുകളെ ആകർഷിക്കാൻ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്ന ജ്വല്ലറികൾ ഉണ്ട്.
അങ്ങനെയെങ്കിൽ പണിക്കൂലി ഇല്ലാതെ സ്വർണം വാങ്ങുന്നതല്ലേ ലാഭം? പണിക്കൂലി ഇല്ലെന്നൊക്കെ കേൾക്കുമ്പോൾ വലിയ ലാഭമുണ്ടാകുമെന്നൊക്കെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ഒന്ന് ഡിസൈനർമാരുടെ കഠിനാധ്വാനത്തിനുള്ള മൂല്യമാണ് ഈ പണിക്കൂലി എന്നത്. കൈകൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ വലിയ തോതിൽ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും ഇവയ്ക്കായി വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ധർ ചെലവഴിക്കുന്നത് ചിലപ്പോൾ മണിക്കൂറുകളും ദിവസങ്ങളുമാണ്. അതുകൊണ്ട് കൊണ്ട് പണിക്കൂലി ഒഴിവാക്കുന്നത് അവരുടെ ജോലിയെ കുറച്ചുകാണുന്നതിന് തുല്യമാണ്.
അതേസമയം പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽക്കുന്നത് ഗിമ്മിക്കാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ചെറുകിട വ്യാപാരികളാണ് ഇത്തരത്തിൽ പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നത്. പഴയ ആഭരണങ്ങളുടെ ക്ലിയറൻസ് സെയിൽ നടക്കുമ്പോൾ മാത്രമാണ് വലിയ ജ്വല്ലറികൾ പണിക്കൂലി ഇല്ലാതെ സ്വർണാഭരണം വിൽക്കുന്നത്.
സ്ഥിരമായി പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വിൽക്കുന്നത് ആഭരണ മേഖലയെ ആകെ പ്രതിസന്ധിയിലാഴ്ത്തും എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ബിസിനസിന്റെ നിലനിൽപ്പിനേയും ഇത് ദോഷകരമായി ബാധിക്കും. മറ്റ് റീട്ടെയിൽ മേഖലകളിലും ഡിസ്കൗണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടുന്ന സംഭവങ്ങൾ നിരവധിയാണ്', വ്യാപാരികൾ പറയുന്നു.
ഇങ്ങനെയൊക്കെ ആണെങ്കിലും പണിക്കൂലി ഇല്ലാത്ത ആഭരണങ്ങൾ ഉണ്ടോയെന്ന് ചോദിച്ചുവരുന്നവരാണ് സ്വർണപ്രേമികളിൽ പലരുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആളുകൾക്കായി കൂടുതലായി തുർക്കിയിൽ നിന്നുള്ള സ്വർണാഭരണങ്ങളാണ് എത്തിക്കുന്നത്. ഇതിന് ആവശ്യക്കാർ ഏറെയാണ്', വ്യാപാരികൾ പറഞ്ഞു.
ധൈര്യമായി വാങ്ങിക്കോളൂ സ്വർണക്കട്ടികൾ
നിക്ഷേപം എന്ന നിലയ്ക്കാണ് സ്വർണം വാങ്ങുന്നതെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണക്കട്ടികൾ വാങ്ങാം (ടൂറിസ്റ്റുകൾകക് പ്രത്യേകിച്ച്. കാരണം വാറ്റിനത്തിൽ ടൂറിസ്റ്റുകൾക്ക് ഒരു രൂപയും ചെലവാകുന്നില്ല). മാത്രമല്ല ഏറ്റവും ഉയർന്ന പരിശുദ്ധിയിൽ തന്നെ സ്വർണം വാങ്ങാം. സ്വർണത്തിന് വില ഉയരുന്ന സാഹചര്യത്തിൽ സ്വർണം വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സ്വർണ വിലയിൽ ഉണ്ടായ വർധനവ് തന്നെ സ്വർണക്കട്ടികൾ എത്രത്തോളം ലാഭകരമാണെന്ന് വ്യക്തമാക്കുന്നതാണ്. എന്തായാലും സ്വർണവില ഉയർന്നതോടെ സ്വർണക്കട്ടികൾ വാങ്ങുന്നതും ദുബായിൽ വർധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications