ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; നാളെ അറഫാസംഗമം, പ്രാര്‍ത്ഥനയില്‍ മുഴുകി മിനാ താഴ്‌വാരം
മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ മിന താഴ്‌വാരത്തിലെത്തിയതോടെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ചൊവ്വാഴ്ചയാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫസംഗമം നടക്കുന്നത്. ശനിയാഴ്ച തന്നെ ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മിനായിലെത്തിയിരുന്നു. മിനായിലെ പ്രധാന ചടങ്ങായ അഞ്ച് നേരത്തെ നിസ്‌കാരം തിങ്കളാഴ്ച ഹാജിമാര്‍ നിര്‍വഹിച്ചു.
ഇന്ന് മുഴുവന്‍ ഹാജിമാര്‍ മിനായില്‍ കഴിയും. ഹജ്ജിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമാണ് മിനാ താഴ്വാരം. ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നാണ് മിനാ താഴ്വാരം അറിയപ്പെടുന്നത്. ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമായിരിക്കും ഇന്ന് മിനാ താാഴ്വാരം. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മിനായില്‍ ഹാജിമാര്‍ അറഫ സംഗമത്തിനായി പുറപ്പെടും.

മിനായില്‍ നിന്ന് ദുഹ്ര്, അസര്‍, മഗ്രിബ്, ഇശാ, ഫജര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാണ് അറഫയിലേക്ക് പുറപ്പെടുക. ചൊവ്വാഴ്ച ഉച്ചയോടെ 25 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ അറഫയില്‍ സംഗമിക്കും എന്നാണ് നിഗമനം. കൊവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടനമാണ് ഇത്. അതിനാല്‍ വലിയ തീര്‍ത്ഥാടക പ്രവാഹമാണ് ഈ വര്‍ഷം സൗദി പ്രതീക്ഷിച്ചതും.
2022 ല്‍ ഹജ്ജ് ചെയ്ത ആകെ തീര്‍ത്ഥാടകരുടെ എണ്ണം 926,000 ആയിരുന്നു. തീര്‍ത്ഥാടകര്‍ക്കായി മിനായിലും അറഫയിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മക്കയിലെ തെരുവുകള്‍ ആയിരക്കണക്കിന് തീര്‍ഥാടകരാല്‍ നിറഞ്ഞിരിക്കുകയാണ്. ഞായറാഴ്ച മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ ഹജ്ജിന്റെ നിര്‍ബന്ധ കര്‍മ്മങ്ങളിലൊന്നായ ത്വവാഫ് അല്‍ ഖുദൂം നിര്‍വഹിച്ച ശേഷമാണ് മിനായിലെത്തിയത്.
മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളില്‍ ഹാജിമാര്‍ക്ക് സഞ്ചരിക്കാന്‍ മശാഇര്‍ മെട്രോ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇത് സര്‍വീസ് ആരംഭിച്ചു. വരുന്ന ഒരാഴ്ച പുണ്യസ്ഥലങ്ങളിലെ ഒമ്പത് സ്റ്റേഷനുകളുമായി ബന്ധിച്ച് 17 മെട്രോ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തും എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരാണ് ഹജ്ജിനായി എത്തിയിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്കായി മിനായില്‍ ഇന്ത്യന്‍ 'പില്‍ഗ്രിം അസിറ്റന്‍സ് സെന്റര്‍' എന്ന പേരില്‍ ഓഫീസും സജ്ജീകരിച്ചിച്ചിട്ടുണ്ട്. ഞായറാഴ്ച വെകീട്ട് മുതലാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖാന്തിരം എത്തിയ തീര്‍ഥാടകര്‍ മിനയിലേക്ക് എത്തിയത്. അതേസമയം ശക്തമായ ചൂടാണ് ഈ ദിവസങ്ങളില്‍ മക്കയിലും മിനായിലും എല്ലാം രേഖപ്പെടുത്തിയത്.












Click it and Unblock the Notifications