ഇന്ത്യയില്‍ നിന്നും കപ്പല്‍ മാർഗം ഗള്‍ഫിലേക്ക്, തുടർന്ന് യൂറോപ്പിലേക്ക് ട്രെയിന്‍; ഇടനാഴി വരും: വീണ്ടും ചർച്ച
ഡല്‍ഹി: ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐ എം ഇ ഇ സി) നടപ്പാക്കുന്നതിന്റെ പ്രാധാന്യം ഉയർത്തി കാട്ടി ഇന്ത്യ-യുഎഇ ചർച്ച. യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അല്‍ നഹ്യാനുമായി ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇടനാഴി വീണ്ടും ചർച്ചാ വിഷയമായത്. ഇടനാഴി പ്രാദേശിക കണക്റ്റിവിറ്റിയും സമൃദ്ധിയും വളർത്തുന്നതിനുള്ള ചരിത്രപരമായ സംരംഭമായിമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി 2024 സെപ്റ്റംബറിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാസന്ദർശനം ഉൾപ്പെടെ ഉഭയകക്ഷിബന്ധങ്ങളിൽ പതിവായി നടക്കുന്ന ഉന്നതതല സന്ദർശനങ്ങളിലും ചർച്ചകളിലും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

സാങ്കേതികവിദ്യ, ഊർജം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തത്തിനു കരുത്തേകുന്നതിന് ഇരുനേതാക്കളും ഊന്നൽ നൽകിയതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു. 'പ്രാദേശിക സമ്പർക്കസൗകര്യവും സമൃദ്ധിയും പരിപോഷിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സംരംഭമെന്ന നിലയിൽ ഇന്ത്യ-മധ്യപൂർവമേഖല-യൂറോപ്പ് ഇടനാഴി (ഐ എം ഇ ഇ സി) നടപ്പാക്കലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ഊന്നൽ നൽകി.' വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയല്‍ പറയുന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാട് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിയുമായി പങ്കുവെച്ചു. മേഖലയുടെ ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകുന്നതില്‍ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധരായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതില്‍ യു എ ഇ ഭരണകൂടത്തോടുള്ള നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി
ഇന്ത്യയും അറേബ്യന്‍ ഗള്‍ഫിനേയും യൂറോപ്പിനേയും റെയില്‍, കപ്പല്‍ മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി. ചൈനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലായും ഈ പദ്ധതിയെ കാണുന്നു. ഇന്ത്യയെയും ഗള്‍ഫ് രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കന്‍ കോറിഡോര്‍, ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വടക്കന്‍ കോറിഡോർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് പദ്ധതി നടപ്പിലാക്കുക.












Click it and Unblock the Notifications