യുഎഇയില്‍ ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍; ദുബായ് അടഞ്ഞാല്‍ ഫുജൈറ മുഖ്യ കേന്ദ്രം? എന്താണ് വസ്തുത
ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം പലതരം മാറ്റങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. ഒപെക് കൂട്ടായ്മയില്‍ നിന്ന് യുഎഇ പുറത്തു കടന്നത് ഒടുവിലെ ഉദാഹരണം. ഹോര്‍മുസ് പാത അടഞ്ഞതോടെ ബദലായി നിരവധി മാര്‍ഗങ്ങളാണ് ജിസിസി രാജ്യങ്ങള്‍ തേടിയത്. എന്നാല്‍ ഹോര്‍മുസിന് ഇതൊന്നും പകരമാകില്ല. യുദ്ധം കാരണം ആകാശ പാതകള്‍ അടച്ചത് ഇന്ത്യന്‍ പ്രവാസികളെ വെട്ടിലാക്കിയിരുന്നു.
ഹോര്‍മുസ് വഴി ചരക്കുകള്‍ അയക്കാന്‍ പറ്റാതായി, വ്യോമ അതിര്‍ത്തി അടച്ചതോടെ പ്രവാസികള്‍ക്ക് വിമാന യാത്രയും തടയപ്പെട്ടു. ഈ സാഹചര്യത്തില്‍ വ്യത്യസ്തമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി വേളയില്‍ ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ യുഎഇയും ഇന്ത്യയും പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നു എന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത. ഇത് തെറ്റാണ് എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാധാരണ യുഎഇയില്‍ നിന്നുള്ള പ്രവാസികളുടെ യാത്ര ദുബായ് വഴിയാണ്. അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ വഴിയെല്ലാം ഇന്ത്യക്കാര്‍ യാത്ര ചെയ്യാറുണ്ട്. ഇറാനുമായുള്ള യുദ്ധം കാരണം എല്ലാ വിമാനത്താവളങ്ങളും യുഎഇ അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ ഫുജൈറ കേന്ദ്രമായി പുതിയ വഴി ഒരുക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇങ്ങനെ ഒരു പദ്ധതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
''ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. യുഎഇയില്‍ നിന്ന് ഒരു ഒഴിപ്പിക്കല്‍ പദ്ധതിയും ഇല്ല. വ്യാജ വിവരങ്ങളില്‍ നിന്ന ജാഗ്രത പാലിക്കണം. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്- വിദേശ കാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം സോഷ്യല്‍ ഹാന്റിലുകളില്‍ അറിയിച്ചു. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.
45 ലക്ഷത്തോളം ഇന്ത്യക്കാര്‍
കഴിഞ്ഞ ദിവസം ഫുജൈറ തുറമുഖത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായപ്പോള്‍ അപലപിച്ച് ആദ്യം രംഗത്തെത്തിയവരില്‍ ഇന്ത്യയുമുണ്ടായിരുന്നു. ഈ മാസം 15ന് മോദി യൂറോപ്പിലേക്ക് പോകുന്നുണ്ട്. ഈ വേളയില്‍ യുഎഇയില്‍ അദ്ദേഹം അല്‍പ്പ നേരം ഇറങ്ങുമെന്നാണ് വിവരം. ഇത് യുഎഇക്കുള്ള പിന്തുണയായി വിലയിരുത്തപ്പെടുന്നു.
ഒരു കോടിയോളം വരുന്ന പശ്ചിമേഷ്യയിലെ പ്രവാസികളില്‍ 45 ലക്ഷത്തോളം യുഎഇയിലാണ്. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ മുഖ്യ കേന്ദ്രമാകുന്നത് ഫുജൈറ തുറമുഖമാണ്. സൗദിയുമായി ഉടക്കി നില്‍ക്കുന്ന യുഎഇ ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയിലും വാതകവും അയക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. യുഎഇ ഒപെക് വിട്ടത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ യുഎഇ സന്ദര്‍ശനം. യുഎഇയില്‍ നിന്ന് മോദി നെതര്‍ലാന്റ്‌സിലേക്ക് പോകും. ശേഷം സ്വീഡന്‍, നോര്‍വെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും.














Click it and Unblock the Notifications