സൗദി അറേബ്യയെ പൂട്ടിക്കെട്ടുമോ അമേരിക്ക: എണ്ണയിലെ കളി ഇനി നടക്കില്ല; സൂചനയായി ട്രംപിന്റെ പ്രഖ്യാപനം
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പ്രതിദിനം 21.91 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അമേരിക്ക ഉത്പാദിപ്പിക്കുമ്പോള്‍ സൗദിയുടെ വിഹിതം 11.13 മില്യണ്‍ ബാരലാണ്. ഉത്പാദനത്തില്‍ വമ്പന്‍ അമേരിക്കയാണെങ്കില്‍ കയറ്റുമതിയുടെ കണക്ക് പരിശോധിക്കുമ്പോള്‍ അറബ് രാഷ്ട്രം അവരെ മറികടക്കുന്നു. ലോക വിപണയിലെ ആകെ കയറ്റുമതിയുടെ 16.2 ശതമാനമാണ് സൗദി അറേബ്യയുടെ കയറ്റുമതി വിഹിതം. 8.16 ശതമാനവുമായി കയറ്റുമതി പട്ടികയില്‍ നാലാമതാണ് അമേരിക്ക. റഷ്യ - 9.14%, കാനഡ - 8.48% എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കയറ്റുമതിയിലെ പ്രധാനികള്‍ എന്ന നിലയില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് എടുക്കുന്ന തീരുമാനങ്ങളിലടക്കം നിർണ്ണായക സ്വാധീനം ചെലുത്താന്‍ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. എന്നാല്‍ സൗദി അറേബ്യയുടെ ആ ആധിപത്യത്തിന്റെ നാളുകള്‍ അവസാനിക്കാന്‍ പോകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്.

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്ന് നില്‍ക്കാല്‍ എക്കാലത്തും സൗദി അറേബ്യ തങ്ങളുടേതായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ഒപെക്കിലൂടെ അത് നടപ്പിലാക്കാനും ശ്രമിക്കാറുണ്ട്. ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ ഉള്‍പ്പെടേയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനം സൗദി അറേബ്യക്ക് പ്രധാനമാണ്.
എന്നാല്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നതാണ് സൗദി അറേബ്യക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഉത്പാദനം വലിയ തോതില്‍ വർധിപ്പിച്ച് ലോക വിപണിയിലേക്ക് കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ എത്തിക്കുകയെന്ന നയമാണ് ട്രംപ് മുന്നോട്ട് വെക്കുന്നത്. വിപണിയിലേക്ക് കൂടുതലായി ക്രൂഡ് ഓയില്‍ എത്തിയാല്‍ വില കുറയുകയും അത് സ്വാഭാവികമായി സൗദി അറേബ്യക്ക് തിരിച്ചടിയായി മാറുകയും ചെയ്യും.
'ലോകത്തിലെ ഏതൊരു രാജ്യത്തേക്കാളും കൂടുതൽ ദ്രവരൂപത്തിലുള്ള സ്വർണ്ണം (ക്രൂഡ് ഓയില്‍) നമുക്കുണ്ട്. അത് സൗദി അറേബ്യയേക്കാളും റഷ്യയേക്കാളും കൂടുതലാണ്.' എന്നാണ് വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് വ്യക്തമാക്കിയത്. അമേരിക്കയ്ക്ക് പിന്നാലെ യു എ ഇയും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ്.
ജനുവരി മുതൽ കൂടുതൽ ബാരലുകൾ വിപണിയിലേക്ക് എത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ ഇറാഖും കസാക്കിസ്ഥാനും ഉത്പാദം വർധിപ്പിക്കുമെന്ന് ഒപെക്കില്‍ വ്യക്തമാക്കിയേക്കും. ഇവരും വലിയ തോതില്‍ ക്രൂഡ് ഓയില്‍ വിപണിയിലേക്ക് എത്തിക്കുകയാണെങ്കില്‍ വിലയെ അത് കാര്യമായ രീതിയില്‍ സ്വാധീനിക്കും എന്നതില്‍ സംശയമില്ല.
ഒപെക്കിന് പുറത്തുള്ള ബ്രസീൽ, കാനഡ, ഗയാന എന്നീ രാജ്യങ്ങളും അടുത്തിടെയായി ക്രൂഡ് ഓയില്‍ ഉത്പാദനം വലിയ തോതില്‍ വർധിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇതും ഒപെക് രാഷ്ട്രങ്ങളുടെ വിപണി ഇടപെടല്‍ സ്വാധീനത്തെ കുറയ്ക്കുന്നതാണ്. ഉദാഹരണത്തിന് ബ്രസീല്‍, ഗയാന ഉള്‍പ്പെടേയുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ തന്നെ കൂടതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്.
ഈ വർഷം ശരാശരി 13.2 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അമേരിക്ക ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ ഒക്‌ടോബറിലെ ഉൽപ്പാദനത്തേക്കാൾ 47% കൂടുതലാണ് ഇത്. 2025-ൽ പ്രതിദിനം 13.5 ദശലക്ഷം ബാരലായും അമേരിക്കയുടെ ഉത്പാദനം വർധിച്ചേക്കും. ഒപെക്കിലെ 12 അംഗരാഷ്ട്രങ്ങളില്‍ ഏറ്റവും കുറവ് എണ്ണ ഉത്പാദിപിക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ആകെ വിഹിതത്തേക്കാള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ന്യൂ മെക്സിക്കോയിലെ ഒരു കൗണ്ടി മാത്രം ഉത്പാദിപ്പിക്കുന്നുവെന്നാണ് രസകരം.
എണ്ണ വിപണയില്‍ രാജ്യത്തിൻ്റെ സ്വാധീനം കുറയുന്നതിൽ സൗദി അറേബ്യന്‍ എണ്ണ വകുപ്പ് മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ചില സമയങ്ങളിൽ പരസ്യമായി നിരാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒപെക് മീറ്റിംഗുകൾ പലപ്പോഴും റദ്ദാക്കുകയോ അവസാന നിമിഷം അറിയിക്കുകയോ ചെയ്തെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ഉൽപാദന പരിധിയിലെ കടുംപിടിത്തും തുടരാന്‍ സാധിച്ചില്ലെങ്കില്‍ വില ബാരലിന് 50 ഡോളറായി കുറയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഒപെക്കിലെ അടക്കം സൗദിയുടെ സ്വാധീനം എത്രത്തോളം കുറയുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.












Click it and Unblock the Notifications