ഒമാന്‍ ഒടുവില്‍ കനിഞ്ഞു; പക്ഷേ, 11 കണ്ടെയ്‌നറുകള്‍ മറ്റു രാജ്യത്തേക്ക് വിടണം... സമ്മര്‍ദ്ദവുമായി ഇന്ത്യ
മസ്‌ക്കത്ത്: ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. അടുത്തിടെ ഇന്ത്യന്‍ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഒമാന്‍ അനുമതി നല്‍കാത്തത് വലിയ വാര്‍ത്തയായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ മുട്ടകള്‍ നിരോധിച്ചതിന് പിന്നാലെയായിരുന്നു ഒമാനും നടപടി എടുത്തത്. ഇന്ത്യന്‍ മുട്ടകളുടെ ഭാരക്കുറവ് ആണ് പ്രധാനമായും ഗള്‍ഫ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ മുട്ടകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ നാമക്കലില്‍ ആണ്. ഖത്തറിന് പിന്നാലെ ഒമാനും നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇവിടെയുള്ള വ്യവസായങ്ങള്‍ക്ക് ക്ഷീണമായി. വ്യവസായികള്‍ തമിഴ്‌നാട് സര്‍ക്കാരുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി ഒമാനില്‍ നിന്ന് സന്തോഷ വാര്‍ത്ത എത്തി. എന്നാല്‍ പൂര്‍ണമായും സന്തോഷിക്കാറായി എന്ന് പറയാന്‍ സാധിക്കില്ല.

നാമക്കലില്‍ നിന്ന് എത്തിയ കണ്ടെയ്‌നറുകള്‍ ഒമാനിലെ സോഹാര്‍ തുറമുഖത്തുണ്ട്. ഇതില്‍ 30 കണ്ടെയ്‌നറുകളിലെ മുട്ടകള്‍ ഇറക്കാന്‍ ആണ് ഒമാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം, നാമക്കലില്‍ നിന്ന് പുറപ്പെട്ട 11 കണ്ടെയ്‌നറുകളിലെ മുട്ടകള്‍ ഇറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്ന വ്യവസായികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡിഎംകെയുടെ രാജ്യസഭാ എംപി രാജേഷ് കുമാര്‍ വിഷയം കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് ഒമാന്‍ അധികൃതരുമായി വിഷയം സംസാരിച്ചു. തുടര്‍ന്നാണ് 30 കണ്ടെയ്‌നറുകള്‍ സോഹാര്‍ തുറമുഖത്ത് ഇറക്കാന്‍ അനുമതി ലഭിച്ചത്.
അതേസമയം, എത്തിക്കൊണ്ടിരിക്കുന്ന 11 കണ്ടെയ്‌നറുകൡലെ മുട്ടകള്‍ കൂടി ഇറക്കാന്‍ അനുമതി വേണമെന്ന് വ്യവസായികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് കഴിയില്ലെന്നും മുട്ടകള്‍ വാങ്ങുന്ന മറ്റു രാജ്യങ്ങളിലേക്ക് കണ്ടെയ്‌നറുകള്‍ വഴിതിരിച്ചുവിടണം എന്നുമാണ് ഒമാന്‍ നിര്‍ദേശിച്ചതത്രെ. എന്നാല്‍ ഒമാനില്‍ ഇറക്കുന്ന ഇനത്തിലുള്ള മുട്ടകളാണ് ഈ 11 കണ്ടെയ്‌നറുകളിലുമുള്ളത്. മാത്രമല്ല, 90 ദിവസം കഴിഞ്ഞാല്‍ ഇവ കേടുവരാനുള്ള സാധ്യതയുമുണ്ട്.
കേന്ദ്ര സര്‍ക്കാരുമായും എംബസിയുമായും മുട്ട വ്യവസായികള്‍ ബന്ധപ്പെട്ടുവരികയാണ്. ഒമാന്‍ അധികൃതരുമായി ഇനിയും ചര്‍ച്ച നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യവസായികളുമായി നാമക്കല്‍ ജില്ലാ കളക്ടര്‍ എസ് ഉമ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് ഈ യോഗത്തിലും വ്യവസായികള്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ വഴി ശ്രമം നടത്താമെന്ന് കളക്ടര്‍ വ്യക്തമാക്കി.
നാല് പതിറ്റാണ്ടായി ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ ജൂണിലാണ് ആദ്യമായി ഒമാന്‍ ഇറക്കുമതി നിയന്ത്രണം പ്രഖ്യാപിച്ചത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആഗസ്റ്റില്‍ അനുമതി നല്‍കി. എന്നാല്‍ ഈ മാസം വീണ്ടും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ഒമാന്റെ തീരുമാനം നാമക്കലിലെ മുട്ട വ്യവസായികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തിവയ്ക്കുക.












Click it and Unblock the Notifications